ബാലകൃഷ്ണന്‍ നായര്‍ ജീവിക്കുന്നു, ജനങ്ങള്‍ക്കു വേണ്ടി
കിനാലൂര്‍: കുറമ്പേനാട് കൊളപ്പുറം കോവിലകത്ത് കേരളവര്‍മ രാജയുടെ മകനായ താനത്തില്‍ ബാലകൃഷ്ണന്‍ നായര്‍ എന്ന 86കാരന്‍ ജനസേവനത്തിനു വേണ്ടിയാണ് ജീവിക്കുന്നത്. പനങ്ങാട് പഞ്ചായത്തിലെ മൂന്നു സര്‍ക്കാര്‍ ഓഫിസുകളിലും പ്രതിഫലം പ്രതീക്ഷിക്കാത്ത ബാലകൃഷ്ണന്‍ നായരുടെ സേവനം ലഭ്യമാണ്.
വട്ടോളി ബസാറിലെ കൃഷിഭവനിലും കിനാലൂര്‍ വില്ലേജ് ഓഫിസിലും പനങ്ങാട് ഗ്രാമപഞ്ചായത്തിലും ഉദ്യോഗസ്ഥന്മാര്‍ എത്തുന്ന സമയത്ത് തന്നെ ബാലകൃഷ്ണന്‍ നായരും എത്തും. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കും മറ്റുമായി എത്തുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് വിലപ്പെട്ട സഹായങ്ങളാണ് അദ്ദേഹം നല്‍കിവരുന്നത്.
കുട്ടിക്കാലത്ത് തന്നെ അദ്ദേഹത്തിന്റെ മനസില്‍ തോന്നിയതാണ് നാടിനും നാട്ടുകാര്‍ക്കും വേണ്ടി തന്നാല്‍ കഴിയുന്ന എന്തെങ്കിലും ചെയ്യണമെന്നത്. കുടുംബവും കുട്ടികളുമൊക്കെ ആയാല്‍ തന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നു ഭയപ്പെട്ട് വിവാഹം പോലും വേണ്ടെന്നുവച്ചു. കോഴിക്കോട് സാമൂതിരി കോളജില്‍ പഠിക്കുമ്പോള്‍ തന്നെ ബാലുശ്ശേരിയില്‍ പഠിക്കുന്ന മൂന്നു വിദ്യാര്‍ഥികളുടെ പഠനച്ചെലവ് അദ്ദേഹം വഹിച്ചിരുന്നു. ഭാഗികമായി സഹായിച്ചവര്‍ വേറെയുമുണ്ട്.
15 വര്‍ഷം ഡല്‍ഹിയില്‍ 'ടൈംസ് ഓഫ് ഇന്ത്യ'യി സ്റ്റെനോഗ്രാഫറായി ജോലി ചെയ്തു. 1980 മുതലാണ് സാമൂഹ്യപ്രവര്‍ത്തന മേഖലയില്‍ നിറസാന്നിധ്യമായത്. പനങ്ങാട് ഗ്രാമപഞ്ചായത്തിലെ കാപ്പിക്കുന്ന് പ്രദേശവും ബാലുശ്ശേരിയിലെ കോട്ടക്കുന്ന് പ്രദേശവും കോളനികളായി പ്രഖ്യാപിച്ചത് ബാലകൃഷ്ണന്‍ നായരുടെ ഇടപെടല്‍ കാരണമാണ്.
2008ല്‍ കിനാലൂര്‍ വില്ലേജ് ഓഫിസിന്റെ കെട്ടിട നിര്‍മാണ പ്രവൃത്തിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും മുടങ്ങിപ്പോയ കെട്ടിടത്തിന്റെ പണി സ്വന്തം ചെലവില്‍ ഏറ്റെടുത്ത് മാതൃകയാവുകയും ചെയ്തു.
സര്‍ക്കാര്‍ ഓഫിസിനും ബസ് വെയ്റ്റിങ് ഷെഡിനും ലൈബ്രറിക്കും കെട്ടിടം നിര്‍മിക്കാന്‍ സ്വന്തം സ്ഥലം വിട്ടുനല്‍കുകയും വിവിധ സ്‌കൂളികളിലേക്ക് അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഫണ്ട് നല്‍കുകയും ചെയ്തു. ഇതിലൊന്നും ഒരു പ്രശസ്തിയും നാട്ടുകാര്‍ 'തമ്പ്രാന്‍' എന്നു വിളിക്കുന്ന ബാലകൃഷ്ണന്‍ നായര്‍ ആഗ്രഹിക്കാറില്ല.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അനുഭാവിയല്ലെങ്കിലും എല്ലാ പാര്‍ട്ടിക്കാര്‍ക്കും ബാലകൃഷ്ണന്‍ നായരുടെ സഹായസഹകരണങ്ങള്‍ ലഭിക്കാറുണ്ട്. ബാലുശ്ശേരി പനങ്ങാട് മേഖലയില്‍ നടത്തുന്ന പരിപാടികളില്‍ ബാലകൃഷ്ണന്‍ നായരുടെ സജീവ സാന്നിധ്യമുണ്ടാകും.
അന്‍പതു വര്‍ഷമായി സേവന രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന ബാലകൃഷ്ണന്‍ നായരുടെ ആഗ്രഹം കഴിയുന്ന കാലമത്രയും ജനങ്ങള്‍ക്കുവേണ്ടി ജീവിക്കണമെന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."