മൃഗസംരക്ഷണം: മലബാറിനോട് ചിറ്റമ്മ നയം
തിരൂരങ്ങാടി: മൃഗസംരക്ഷണ വിഭാഗത്തില്‍ നികത്തപ്പെടാതെ നിരവധി തസ്തികകളെന്നു മാത്രമല്ല, മലബാറിന് കടുത്ത അവഗണനയും. മലപ്പുറം ജില്ലയോടാണ് പ്രധാനമായും സര്‍ക്കാറിന്റെ ചിറ്റമ്മനയം. പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ സേവനം ജില്ലയ്ക്ക് നഷ്ടപ്പെടുന്നത്തിനു പുറമെ പ്രമോഷനടക്കമുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുന്നു.
എല്ലാപഞ്ചായത്തുകളിലും വെറ്ററിനറി ഡിസ്‌പെന്‍സറിയും, വെറ്ററിനറി ഡോക്ടറും വേണമെന്നാണ് ചട്ടം. എന്നാല്‍ മലബാറിലെ പല പഞ്ചായത്തുകളിലും വെറ്ററിനറി ഡിസ്‌പെന്‍സറികള്‍ ഇല്ല. ഉള്ളതില്‍ പലതും വേണ്ടവിധം പ്രവര്‍ത്തിക്കുന്നുമില്ല. സ്വന്തമായി കെട്ടിടമില്ലാത്തതിനാല്‍ പലതും വാടകകെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. മൂന്നു വെറ്ററിനറി സര്‍ജന്മാര്‍ക്ക് ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ വേണമെന്നാണ് നിയമം. എന്നാല്‍ മലബാറിലെ മിക്കജില്ലകളിലും ഡോക്ടര്‍മാരുടെ എണ്ണം കണക്കാക്കുമ്പോള്‍ ആനുപാതികമായി അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ എണ്ണം വളരെ കുറവാണ്.
94 വെറ്ററിനറി സര്‍ജന്മാരുള്ള മലപ്പുറം ജില്ലയില്‍ 31 അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ വേണ്ടിടത്ത് 17 പേര്‍ മാത്രമേയുള്ളൂ. 14 തസ്തികകള്‍ ഇനിയും അപ്‌ഗ്രേഡ് ചെയ്തിട്ടില്ല. തിരൂരങ്ങാടി, നിലമ്പൂര്‍, കൊണ്ടോട്ടി താലുക്ക് ആസ്ഥാനങ്ങളിലെ സ്ഥാപനങ്ങള്‍ താലൂക്ക് ആശുപത്രിയായ വെറ്ററിനറി പോളിക്ലിനിക്കുകളായി ഉയര്‍ത്തണമെന്ന കര്‍ഷകരുടെ മുറവിളിക്ക് താലൂക്കിനോളം തന്നെ പഴക്കമുണ്ട്. എന്നാല്‍ യാതൊരുനടപടിയുമുണ്ടായിട്ടില്ല.
കോഴിക്കോട് ജില്ലയില്‍ 87 വെറ്ററിനറി സര്‍ജന്‍മാരുണ്ടെങ്കിലും 20 അസിസ്റ്റന്റ് ഡയറക്ടര്‍മാരെ ഉള്ളൂ.അഞ്ച് പേരുടെ കുറവാണ് ഇവിടെയുള്ളത്. ജോയിന്റ് ഡയറക്ടര്‍ ഒന്നും, ഡെപ്യൂട്ടി ഡയറക്ടര്‍ മൂന്നു പേരുമുണ്ട്. വയനാട് ജില്ലയില്‍ 27 വെറ്ററിനറി സര്‍ജന്‍മാര്‍ക്ക് പത്ത് അസിസ്റ്റന്റ് ഡയറക്ടര്‍മാരുണ്ട്. ഒരു ജോയിന്റ് ഡയറക്ടറും, രണ്ടു ഡെപ്യൂട്ടി ഡയറക്ടര്‍മാരും.
96 വെറ്ററിനറി സര്‍ജന്മാര്‍ക്ക് 27 അസിസ്റ്റന്റ് ഡയറക്ടര്‍മാരാണ് കണ്ണൂര്‍ ജില്ലയില്‍ നിലവിലുള്ളത്. 32 അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ തസ്തികയാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്. ഇവിടെ രണ്ട് ജോയിന്റ് ഡയറക്ടര്‍മാരും,നാല് ഡെപ്യൂട്ടി ഡയറക്ടര്‍മാരുമാണുള്ളത്. കാസര്‍കോട് ജില്ലയില്‍ 39 വെറ്ററിനറി സര്‍ജന്‍മാരുണ്ട്. 9 അസിസ്റ്റന്റ് ഡയറക്ടര്‍മാരുള്ള ഇവിടെ നാലുപേരുടെ കുറവുണ്ട്. കഴിഞ്ഞ 5 വര്‍ഷമായി ഒരൊറ്റ തസ്തിക പോലും ഇവിടെ സൃഷ്ടിച്ചിട്ടില്ല.
ഇത്രത്തോളം തസ്തികകള്‍ മലബാറില്‍ ആവശ്യമുണ്ടായിട്ടും നിലവിലുള്ള വെറ്ററിനറി സര്‍ജന്മാര്‍ പത്തും ഇരുപതും വര്‍ഷമായി സ്ഥാനക്കയറ്റം ലഭിക്കാത്തവരായുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."