കലാനിലയത്തിന്റെ 'ഹിഡിംബി' ഇന്ന് ഗുരുവായൂരില്‍
ഗുരുവായൂര്‍: മലയാള നാടകപ്രേമികള്‍ നെഞ്ചേറ്റിയ പ്രശസ്ത നാടകട്രൂപ്പായ കലാനിലയത്തിന്റെ പുതിയ നാടകം 'ഹിഡിംബി' ഇന്ന് വൈകീട്ട് 6.30ന് ഗുരുവായൂരിലെ പൂന്താനം ഓഡിറ്റോറിയത്തില്‍ അരങ്ങേറും. രക്തരക്ഷസ്സ്, കടമറ്റത്ത് കത്തനാര്‍ തുടങ്ങി ഡ്രാമാസ്‌കോപ്പ് നാടകങ്ങള്‍ക്കു ശേഷം അതിലേറെ സാങ്കേതിക വൈവിധ്യങ്ങളുമായാണ് ഹിഡിംബി അരങ്ങിലെത്തുന്നത്. മഹാഭാരതത്തിലെ ശക്തമായ കഥാപാത്രമായ ഭീമസേനന്റെ ഭാര്യയും ഘടോല്‍കചന്റെ അമ്മയുമായ ഹിഡിംബിയിലൂടെ പുതിയ കാലവുമായി സന്നിവേശിക്കുന്നതാണ് നാടകത്തിന്റെ പ്രമേയം. കലാനിലയം കൃഷ്ണന്‍നായരുടെ കൊച്ചുമകള്‍ ഗായത്രിയാണ് ഹിഡിംബിയായി രംഗത്തെത്തുക. നൂതന സാങ്കേതിക വിദ്യകളിലൂടെ അരങ്ങിനെ ഹൈടെക്കാക്കി ശബ്ദത്തിനും വെളിച്ചത്തിനും കാഴ്ചയ്ക്കും സംഭാഷണത്തിനും ഊന്നല്‍ നല്‍കിയാണ് നാടകം അരങ്ങിലെത്തുന്നത്. കൃഷ്ണന്‍ നായരുടെ മകന്‍ അനന്തപത്മനാഭന്റെ നേതൃത്വത്തിലാണ് കലാനിലയം ഗുരുവായൂരില്‍ അരങ്ങൊരുക്കിയിട്ടുള്ളത്. പൂന്താനം ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."