ആതുരാലയം അനാഥമാകുന്നു
കൂറ്റനാട്: തൃത്തല മണ്ഡലത്തിലെ പഴക്കം ചെന്ന തൃത്താല ഗവ. ആശുപത്രി ഇന്ന് ചക്രശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണ്. സ്വന്തമായി സ്ഥലവും കെട്ടിടങ്ങളും മറ്റു ആധുനിക സൗകര്യങ്ങളുമുള്ള ഈ ആശുപത്രി ഒരു കാലത്ത് ഈ പ്രദേശവാസികളുടെ ആശാ കേന്ദ്രമായിരുന്നു. ഡോക്റ്റര്‍മാരുടെ എണ്ണക്കുറവ് മൂലവും സ്റ്റാഫുകളുടെ അഭാവം കൊണ്ടും ഇവിടെയെത്തുന്ന രോഗികള്‍ക്കു മതിയായ പരിരക്ഷ ലഭിക്കാതെ പോവുകയാണ്.
കിടത്തി ചികിത്സയും മോര്‍ച്ചറി, പോസ്റ്റു മോര്‍ട്ടം എന്നീ സൗകര്യങ്ങളും ഉണ്ടായിരുന്ന ഈ ആശുപത്രിയില്‍ ഇപ്പോള്‍ ഈ സൗകര്യങ്ങള്‍ ഒന്നുംതന്നെ ലഭ്യമല്ല. പോസ്റ്റുമോര്‍ട്ടം നിര്‍ത്തലാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ കിടത്തി ചികിത്സ വിഭാഗവും അടച്ചു പൂട്ടി. മൂന്ന് ഡോക്ടര്‍മാരുടെ സൗകര്യങ്ങള്‍ ലഭ്യമായിരുന്ന സ്ഥലത്ത് ഒരു ഡോക്ടറാണ് ഇപ്പോഴുള്ളത്. സ്റ്റാഫ് നഴ്‌സുമാരുടെ എണ്ണവും കുറവാണ്. ഇതു മൂലം രോഗികള്‍ക്കു മരുന്ന് എടുത്തു കൊടുക്കുന്നതിനും മറ്റു അനുബന്ധ കാര്യങ്ങള്‍ക്കും മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ട അവസ്ഥയാണ്.
ആശുപത്രിക്ക് ഉണ്ടായിരുന്ന വാഹനം എത്രയോ വര്‍ഷമായി തുരുമ്പുടുത്ത് നശിച്ചു കിടക്കുന്നു. ആശുപത്രിയിലെ ഉപകരണങ്ങളും ഉപയോഗശൂന്യമായി കൊണ്ടിരിക്കുകയാണ്. ആശുപത്രി പരിസരം മുഴുവന്‍ കാടും പൊന്തയും കെട്ടി വൃത്തിഹീനമായി ഇഴജന്തുക്കളുടെയും തെരുവ് നായക്കളുടെയും വിഹാര കേന്ദ്രമായിമറിയിട്ടുണ്ട്.
1959ല്‍ സ്ഥാപിതമായ ആശുപത്രിയുടെ വളര്‍ച്ച പിന്നോട്ടെത്തിച്ചതില്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ക്കും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായി ആക്ഷേപമുണ്ട്. സമീപ പ്രദേശങ്ങളിലെ ആരോഗ്യ കേന്ദ്രമായ ചാലിശ്ശേരി, കോട്ടപ്പാടം, തുടങ്ങിയവയുടെ നടത്തിപ്പും പുരോഗതിയും കാണുമ്പോള്‍ ഈ ആതുരാലയത്തോട് കാണിക്കുന്ന വിവേചനം എത്രമാത്രം വലുതാണന്ന് മനസിലാകും. സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളൂം നാട്ടിന്‍ പുറങ്ങളില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ തൃത്താല മേഖലയിലെ മുഴുവന്‍ രോഗികള്‍ക്കും ആശ്വാസ കേന്ദ്രമായിരുന്ന ഈ ആശുപത്രി ഇന്ന് നാശത്തിന്റെ വക്കിലാണ് .ഇവിടെ കിടത്തി ചികിത്സയും പോസ്റ്റ് മോര്‍ട്ടവും പുഃനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."