നോക്കുകുത്തിയായി ജലസേചന പദ്ധതികള്‍; കരിഞ്ഞുണങ്ങി നെല്‍പ്പാടങ്ങള്‍
പനമരം: ജലസേനചന പദ്ധതികള്‍ നോക്കുകുത്തിയായതോടെ ഏക്കര്‍ കണക്കിന് നെല്‍കൃഷി ഉണങ്ങി നശിക്കുന്നു. പരക്കുനി, നീരട്ടാടി, പനമരം അങ്ങാടിവയല്‍ എന്നീ പ്രദേശങ്ങളിലെ നെല്‍കൃഷിയാണ് ഉണങ്ങുന്നത്. ഇവിടങ്ങങ്ങളില്‍ വെള്ളമെത്തിക്കാന്‍ നടപ്പിലാക്കിയ ജലസേചന പദ്ധതികളാണ് നോക്കുകുത്തിയായിരിക്കുന്നത്.
പരക്കുനിയില്‍ ഏകദേശം 200 ഏക്കറയോളം നെല്‍വയലുണ്ട്. ഇതില്‍ ഇപ്പോള്‍ 30 ഏക്കറയോളമാണ് പുഞ്ചകൃഷിയുള്ളത്. വര്‍ഷങ്ങളോളം ഇവിടെ ഇരുപ്പു കൃഷി ചെയ്തിരുന്നു. അന്ന് വെള്ളത്തിനുള്ള സൗകര്യമുണ്ടായിരുന്നു. വെള്ളമെത്തിക്കുന്നതിന് 1000 മീറ്ററോളം കനാലുകളും പകുതിയോളം ഉപകനാലുകളുമുണ്ട്.
പനമരം പുഴയോരത്താണ് പരക്കുനി ജലസേചന പദ്ധതിയുടെ പമ്പ് ഹൗസുള്ളത്. 50 എച്ച്.പിയുടെ മൂന്ന് മോട്ടോറുകളും ഉണ്ട്. ആരംഭത്തില്‍ ഇതിന്റെ പ്രവൃത്തനം സജീവമായിരുന്നു. പമ്പ് ഹൗസില്‍ വാച്ച്മാന്‍ ഉണ്ടായിരുന്നു. പിന്നീട് കാലക്രമണ ഇതിന്റെ പ്രവര്‍ത്തനം നിര്‍ജീവമായി. ഇതോടെ നെല്‍കൃഷിയും നാമമാത്രമായി. നിലവിലെ മോട്ടോറുകള്‍ പ്രവര്‍ത്തിച്ചാല്‍ ആവശ്യത്തിലധികം വെള്ളം ലഭിക്കും. പ്രദേശത്തെ കിണറുകളില്‍ കുടിവെള്ളത്തിനും ക്ഷാമത്തിനും പരിഹാരമാവും. എന്നാല്‍ ഒരു മോട്ടോറുകളും പ്രവര്‍ത്തിക്കാത്ത സഹചര്യമാണുള്ളത്. ജലസേചന വകുപ്പിന്റെ അനാസ്ഥയാണ് ഇതിന് കാരണം. പനമരം ടൗണില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള കോട്ടക്കുന്ന് പദ്ധതിയും അവതാളത്തിലാണ്. കാല്‍ നൂറ്റാണ്ടോളം പഴക്കമുള്ളതാണ് ഈ പദ്ധതി. കമ്പനി പുഴയോരത്ത് സ്ഥിതി ചെയ്യുന്ന പമ്പ് ഹൗസില്‍ 50 എച്ച്.പിയുടെ രണ്ട് മോട്ടോറുകളാണ് ഉള്ളത്. ഇതിന്റെ പ്രധാന ഭാഗങ്ങള്‍ കളവ് പോയിട്ടുണ്ട്. വാച്ച്മാനും മറ്റും ഉണ്ടായിട്ടും മോട്ടോറുകള്‍ കളവ് പോയത് ജലസേചന വകുപ്പിന്റെ പിടിപ്പ് കേടാണ്. കോട്ടക്കുന്ന് പദ്ധതിയുടെ കനാല്‍ കരിമ്പുമ്മല്‍ ഭാഗത്തേക്ക് വരെ നീളുന്നു. 250 ഏക്കറയോളം നെല്‍കൃഷിയാണ് ഇവിടെ മുടങ്ങിയത്. ഇരുജലസേചന പദ്ധതികളും കാര്യക്ഷമമാക്കി നെല്‍കൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."