മഹാകവി കുട്ടമത്തിനു സ്മാരകം നിര്‍മിക്കും: മന്ത്രി ചന്ദ്രശേഖരന്‍
ചെറുവത്തൂര്‍: വടക്കന്‍ ജില്ലക്കാരനായതു കൊണ്ടു മാത്രം അവഗണിക്കപ്പെട്ട മഹാകവിയാണ് കുട്ടമത്തെന്നു മന്ത്രി ഇ ചന്ദ്രശേഖരന്‍. പൊന്‍മാലം മഹാകവി കുട്ടമത്തു സ്മാരക സമിതി രജതജൂബിലി സ്മാരക ഹാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദില്ലിയില്‍ നിന്നു നോക്കിയാല്‍ കേരളത്തെ കാണില്ല. തിരുവനന്തപുരത്തു നിന്നു നോക്കിയാല്‍ കാസര്‍കോടും കാണില്ല. അതുകൊണ്ടു മാത്രമാണു മഹാരഥന്‍മാര്‍ക്കിടയില്‍ കാസര്‍കോട് ജില്ലക്കാരനായ കുട്ടമത്ത് ഇല്ലാതെ പോയതെന്നും മന്ത്രി പറഞ്ഞു.
ശക്തിമത്തായ ആശയങ്ങള്‍ കവിതകളിലൂടെയും നാടകത്തിലൂടെയും പ്രചരിപ്പിച്ച മഹാകവിക്ക് ഉചിതമായ സ്മാരകം നിര്‍മിക്കുന്നതിനു ശ്രമങ്ങള്‍ നടത്തുമെന്നും ഇക്കാര്യം സാംസ്‌കാരിക മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പി.വി കൃഷ്ണ കുമാര്‍ അധ്യക്ഷനായി. ഗംഗാധരന്‍ കുട്ടമത്ത്, കൈപ്രത്തു കൃഷ്ണന്‍ നമ്പ്യാര്‍ സംസാരിച്ചു. കുട്ടമത്ത് നഗറില്‍ നിന്നു മഹാകവിയുടെ പ്രതിമ സ്വീകരണ ഘോഷയാത്ര നടന്നു. തുടര്‍ന്നു കലാ സാംസ്‌കാരിക പ്രവര്‍ത്തകരെ ആദരിച്ചു. മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു.
കുട്ടമത്ത് ജന്മദിനമായ 11 നു കുട്ടമത്ത് സ്മാരക സമിതി രജതജൂബിലി സമാപനവും പുരസ്‌കാര സമര്‍പ്പണവും നടക്കും. വൈകിട്ട് അഞ്ചിന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കൈതപ്രം ദാമോദരന്‍ നമ്പൂതിരി പുരസ്‌കാരം ഏറ്റുവാങ്ങും. കുട്ടമത്ത് പ്രതിമ അനാവരണവും അദ്ദേഹം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."