- റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും
കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താനളത്തില്‍ യാത്രക്കാരുടെ ബാഗേജുകള്‍ എളുപ്പത്തില്‍ പരിശോധന പൂര്‍ത്തിയാക്കാനും അനധികൃത സാധനങ്ങള്‍ കൊണ്ടു പോകുന്നത് തടയാനുമായി സ്ഥാപിച്ച ഇന്‍ലൈന്‍ ബാഗേജ് സിസ്റ്റത്തിന്റെ പരിശോധന പൂര്‍ത്തിയായി.
ഇന്നലെ ഡല്‍ഹിയില്‍ നിന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡെപ്യൂട്ടി മാനേജര്‍ ദില്‍വാലിയ, എയര്‍പേര്‍ട്ട് അതോറിറ്റി ജനറല്‍ മാനേജര്‍ ധര്‍മരാജ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്‍ലൈന്‍ ബാഗേജ് സിസ്റ്റം പരിശോധിക്കാനെത്തിയത്. പരിശോധനയില്‍ സിസ്റ്റം പ്രവര്‍ത്തനക്ഷമമാക്കാനുളള കാര്യക്ഷമതയുണ്ടെന്ന് സംഘം വിലയിരുത്തി. വിമാനത്താവള ഡയറക്ടര്‍ കെ.ജനാര്‍ദ്ദനന്‍, എയര്‍ ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായും സംഘം ചര്‍ച്ച നടത്തി.ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഡല്‍ഹി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി(ബി.സി.എ.എസ്.)ക്ക് വ്യാഴാഴ്ച സമര്‍പ്പിക്കും.അനുമതി ലഭിക്കുന്ന പക്ഷം ഈ മാസത്തോടെ പ്രവര്‍ത്തിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി. പരിശോധന പൂര്‍ത്തിയാക്കിയ സംഘം ഇന്ന് കരിപ്പൂരില്‍ നിന്ന് മടങ്ങും. വിമാനത്താവളത്തില്‍ രണ്ട് വര്‍ഷം മുമ്പ് തന്നെ ഇന്‍ലൈന്‍ ബാഗേജ് സിസ്റ്റം സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ജീവനക്കാര്‍ എയര്‍ ഇന്ത്യയിലുണ്ടായിരുന്നില്ല. ആയതിനാല്‍ സിസ്റ്റം ഉപയോഗിക്കാനായിരുന്നില്ല.
എന്നാല്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സിസ്റ്റം പ്രവര്‍ത്തിപ്പിച്ച് യാത്രക്കാരുടെ ബാഗേജുകള്‍ പരിശോധിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശിക്കുകയായിരുന്നു.ഇതോടെ എയര്‍ ഇന്ത്യ തന്നെ ജീവനക്കാരെ വച്ച് സിസ്റ്റം പ്രവര്‍ത്തിപ്പിക്കാന്‍ രംഗത്തുവരികയായിരുന്നു. 3 കോടി രൂപ ചിലവില്‍ ഇറക്കുമതിചെയ്ത അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ബാഗേജ് പരിശോധനാ യന്ത്രസംവിധാനമാണിത്. കണ്‍വെയര്‍ ബെല്‍റ്റിനോട് ചേര്‍ത്തുഘടിപ്പിച്ച നിരോധിത വസ്തുക്കള്‍ കണ്ടെത്താനുള്ള ശേഷികൂടിയ മെറ്റല്‍ ഡിറ്റക്ടറുകള്‍,സ്‌ഫോടക വസ്തുക്കളുടെ ചെറിയ അംശം വരെ കണ്ടെത്താനാവുന്ന എക്‌സ്പ്‌ളോസീവ് ഡിറ്റക്ടര്‍, മയക്കുമരുന്ന് ഡിറ്റക്ടര്‍, അത്യാധുനിക എക്‌സ്‌റേ സംവിധാനം ത്രീഡി ഇമേജിങ് എന്നിവ സിസ്റ്റത്തില്‍ സ്ഥാപിച്ചിട്ടുണ്ട്്. മയക്കുമരുന്നുകളുടെ ചെറിയ സാന്നിധ്യം കൂടി സംവിധാനത്തിലെ സെന്‍സറുകള്‍ക്ക് തിരിച്ചറിയാനാവും. ബാഗേജുകള്‍ കൈകൊണ്ട് തുറന്നുപരിശോധിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇതിന് ഏറെ സമയമെടുക്കും. ഇന്‍ലൈന്‍ ബാഗേജ് സംവിധാനം വരുന്നതോടെ ബാഗേജുകള്‍ ചെക്ക് ഇന്‍ കൗണ്ടറിലേല്‍പ്പിച്ചാല്‍ മതി. നിയമപ്രകാരമല്ലാത്ത വസ്തുക്കള്‍ ഉണ്ടെങ്കില്‍ മാത്രമേ യാത്രക്കാരന്‍ വീണ്ടും ബാഗേജ് പരിശോധനക്ക് കാത്തിരിക്കേണ്ടതുള്ളൂ.അല്ലാത്തപക്ഷം പരിശോധന പൂര്‍ത്തിയാക്കി ടാഗ് പതിച്ച് ബാഗേജുകള്‍ വിമാനത്തിലെത്തും.