തൃക്കാക്കര നഗരസഭയ്ക്ക് പുതിയ ഓഫിസും വാണിജ്യ സമുച്ചയവും; പദ്ധതിക്കായി 300 കോടി
കാക്കനാട്: തൃക്കാക്കര നഗരസഭയ്ക്ക് പുതിയ ഓഫീസും വാണിജ്യ സമുച്ചയവും ഉള്‍പ്പെടെയുള്ള പദ്ധതിക്കായി 300 കോടി വിലയിരുത്തി. ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്റര്‍ ഉള്‍പ്പെടെയുള്ള പദ്ധതികളാണ് കലക്ടറേറ്റ് സമീപത്തെ റവന്യൂ ഭൂമി കിട്ടിയാല്‍ നടപ്പാക്കാന്‍ പോകുന്നതെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.കെ നീനു വ്യക്തമാക്കി.
പഴയ ബസ് സ്റ്റാന്റിന് സമീപമാണ് പുതിയ ഓഫിസും ഷോപ്പിങ് കോംപ്ലക്സും നിര്‍മിക്കുന്നത്. കണ്വന്ഷന് സെന്റര്‍, ഗസ്റ്റ് ഹൗസ്, മള്‍ട്ടിലെവല്‍ പാര്‍ക്കിങ് ക്രമീകരണം തുടങ്ങിയവയും ഇതോടനുബന്ധിച്ച് സ്ഥാപിക്കും. വാണാച്ചിറയില് ഭവനരഹിതര്‍ക്കു ഫ്ളാറ്റ് സമുച്ചയം നിര്‍മിക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി പ്രദേശത്തെ ഭൂമിയൊരുക്കുന്ന ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. മൂന്ന് കോടി രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.
ആധുനിക സൗകര്യത്തോടെയുള്ള നഗരസഭാ മാര്‍ക്കറ്റ് നിര്‍മാണത്തിനും തുടക്കം കുറിച്ചതായും ചെയര്‍പേഴ്സണ്‍ അറിയിച്ചു.
ഒരു മാസമായി നഗരസഭയ്ക്കും ജില്ലാ പഞ്ചായത്തിനും സമീപത്തെ 7.2 ഏക്കര്‍ റവന്യൂ ഭൂമയിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു. നിര്‍ദിഷ്ട പദ്ധതിക്കായി നഗരസഭ ഭൂമി കയേറിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. ഇതോടെ സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തി പുറമ്പോക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം എങ്ങനെയെങ്കിലും നേടാനുള്ള ഓട്ടത്തിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."