വിഗ്രഹം വില്‍ക്കുന്നതിനിടെ ഏഴംഗ സംഘം പിടിയില്‍ തട്ടിപ്പ് പഞ്ചലോഹമെന്ന പേരില്‍
കോഴിക്കോട്: പഞ്ചലോഹ വിഗ്രഹമെന്ന പേരില്‍ ഒന്നരകോടി രൂപ വില കാണിച്ച് ഓട് വിഗ്രഹം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ഏഴംഗ സംഘം പിടിയില്‍. മോഷ്ടാക്കള്‍ സഞ്ചരിച്ച രണ്ടുകാറും പൊലിസ് പിടിച്ചെടുത്തു. മലപ്പുറം കീഴാറ്റൂര്‍ മുതുകുറിശ്ശിക്കാവ് ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയ അയ്യപ്പ വിഗ്രഹമാണ് റെയില്‍വേ കോളനി റോഡില്‍ പിടികൂടിയത്.
പാലക്കാട് സ്വദേശി ചക്കാലകുനിയില്‍ ഇരുമ്പന്‍ അസീസ് എന്ന അസീസ് (58), കാളികാവ് സ്വദേശികളായ തെങ്ങിന്‍തൊടിക വീട്ടില്‍ ഹൈദരലിഖാന്‍ (37), പൂളക്കല്‍ ഹൗസില്‍ പി. അജീഷ് (37), വണ്ടൂര്‍ മൗണ്ട്കാര്‍മല്‍ ഹൗസില്‍ ചാക്കോ വര്‍ഗീസ് (60), കോഴിക്കോട് പൂവാട്ടുപറമ്പ് കരിമഠത്ത് ഹൗസില്‍ കെ. ഉമ്മര്‍കോയ (47), പെരുമണ്ണ ശിവദം ഹൗസില്‍ എ.എം. സതീശന്‍ (50), വെള്ളിപറമ്പ് പുത്തലത്ത്ചാലില്‍ പി.സി. ഗിരീഷ് (49) എന്നിവരെയാണ് ശനിയാഴ്ച വൈകുന്നേരം പിടികൂടിയത്. ഗിരീഷ് ബി.ഡി. ജെ. എസിന്റെ കുന്ദമംഗലം മണ്ഡലം ട്രഷററാണ്.
മൂന്ന് വര്‍ഷം മുമ്പാണ് കീഴാറ്റൂര്‍ മുതുകുറിശ്ശിക്കാവ് അയ്യപ്പക്ഷേത്രത്തില്‍ നിന്നും വിഗ്രഹം മോഷണം പോയത്.
ഒന്നാം പ്രതിയും കൊലക്കേസ് പ്രതിയുമായ അസീസും സംഘവും ശ്രീകോവിലിന്റെ പൂട്ട് പൊളിച്ച് വിഗ്രഹം മോഷ്ടിക്കുകയായിരുന്നു. ഓട് വിഗ്രഹം പഞ്ചലോഹമാണെന്നും വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്നും പ്രചരിപ്പിച്ച് കോടികള്‍ വില ലഭിക്കാനായി സംഘം സൂക്ഷിക്കുകയായിരുന്നു.
സംഘത്തിലെ ഓരോരുത്തരും മൂന്ന് വര്‍ഷത്തോളം വീടുകളിലാണ് വിഗ്രഹം സൂക്ഷിച്ചത്. വിലയില്‍ തീരുമാനമാകാത്തതിനാലായിരുന്നു ഇത്രയും കാത്തിരുന്നത്. വിഗ്രഹത്തിന്റെ 50 ശതമാനത്തിലധികം സ്വര്‍ണമുള്ള ഭാഗം പഞ്ച ലേഹമാണെന്നും നൂറ് വര്‍ഷത്തോളം പഴക്കമുണ്ടെന്നും പ്രചരിപ്പിച്ചാല്‍ ഇരട്ടിയിലധികം വില ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍.
വിഗ്രഹ വില്‍പനയ്ക്കായി രണ്ടുകാറുകളില്‍ എത്തിയ സംഘത്തെയാണ് നോര്‍ത്ത് എ.സി.പി ഇ.പി. പൃഥിരാജും സൗത്ത് എ.സി.പി കെ.പി. അബ്ദുല്‍റസാഖുമടങ്ങുന്ന സംഘം പിടികൂടിയത്.
ഒന്നാം പ്രതിയായ ഇരുമ്പന്‍ അസീസ് 25 വര്‍ഷം മുമ്പ് സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ മണ്ണാര്‍ക്കാട് സ്റ്റേഷനിലും മലപ്പുറം, വണ്ടൂര്‍, നിലമ്പൂര്‍, ശ്രീകൃഷ്ണപുരം എന്നീ സ്റ്റേഷനുകളില്‍ നിരവധി മോഷണ, മയക്കുമരുന്ന് കേസുകളിലും പ്രതിയാണ്. അജീഷ് തൃശൂരില്‍ മണിചെയിന്‍ തട്ടിപ്പ് കേസിലും ഉമ്മര്‍കോയ നടക്കാവ് സ്റ്റേഷനിലെ കേസിലും പ്രതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."