നിയമന, സ്വാശ്രയ വിവാദനിയമന, സ്വാശ്രയ വിവാദങ്ങള്‍: സി.പി.എമ്മിനെതിരേ ആഞ്ഞടിച്ച് സി.പി.ഐ യുവജന സംഘടനങ്ങള്‍: സി.പി.എമ്മിനെതിരേ ആഞ്ഞടിച്ച് സി.പി.ഐ യുവജന സംഘടന
തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നവും ബന്ധുനിയമനവും സര്‍ക്കാരിനെ അലട്ടുന്നതിനിടെ സി.പി.എമ്മിനെതിരേ ആഞ്ഞടിച്ച് സി.പി.ഐ യുവജന സംഘടനയായ എ.ഐ.വൈ.എഫ്. സംഘടനയുടെ ഇരുപതാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പ്രതിനിധി സമ്മേളനത്തിലാണ് സര്‍ക്കാരിനും സി.പി.എമ്മിനും എതിരേ വിമര്‍ശനം ഉയര്‍ന്നത്.
സി.പി.എം മന്ത്രിമാരുടെ നടപടികള്‍ ഭരണത്തില്‍ പങ്കാളിയായ സി.പി.ഐക്കുകൂടി നാണക്കേട് ഉണ്ടാക്കുന്നതാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച പ്രതിനിധികള്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും ഘടകകക്ഷികളോടുള്ള സി.പി.എമ്മിന്റെ വല്യേട്ടന്‍ മനോഭാവത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.
മുഖ്യമന്ത്രി അടക്കം സി.പി.എം മന്ത്രിമാരുടെ ഏകപക്ഷീയമായ നിലപാടുകളും നയങ്ങളും സി.പി.ഐക്കുപോലും ദോഷം ചെയ്യുമെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
നിയമന വിവാദത്തിലും സ്വാശ്രയ പ്രശ്‌നത്തിലും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പ്രമേയങ്ങളും സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം യു.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരേ എ.ഐ.വൈ.എഫ് ഉള്‍പ്പടെ ശക്തമായ സമരം നയിച്ചതിന്റെ ഫലമാണ് ഇടതുപക്ഷത്തിനു അധികാരത്തിലെത്താന്‍ അവസരം ഒരുക്കിയത്. എന്നാല്‍ അധികാരത്തില്‍ വന്നതിനുശേഷം ഉണ്ടായിട്ടുള്ള വിവാദങ്ങള്‍ ഇടതുപക്ഷത്തെ പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണ് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. സര്‍ക്കാര്‍ വിവാദത്തില്‍പ്പെട്ടത് ദൗര്‍ഭാഗ്യകരമാണ്. യു.ഡി.എഫിന്റെ രാഷ്ട്രീയ അധാര്‍മികത പിന്തുടരുന്ന സമീപനമാണ് ചില സി.പി.എം മന്ത്രിമാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാഗോപിനാഥിന്റെ നിയമനവും പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളിലേയ്ക്കുള്ള നിയമനവും വലിയ പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയതെന്നു ചൂണ്ടിക്കാട്ടുന്ന പ്രമേയത്തില്‍ 1957 മുതല്‍ അധികാരത്തില്‍ വന്നിട്ടുള്ള കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റുകളും അതിന് നേതൃത്വം കൊടുത്തവരും വ്യക്തിജീവിതത്തിലും ഭരണകാര്യങ്ങളിലും സ്വീകരിച്ചിരുന്ന മൂല്യങ്ങളും ലാളിത്യവുമാവണം നിലവിലുള്ള ഭരണാധികാരികളെ നയിക്കേണ്ടതെന്നും ഓര്‍മപ്പെടുത്തുന്നു.
സ്വാശ്രയപ്രവേശന വിഷയത്തിലും സര്‍ക്കാര്‍ നിലപാടിനെ എ.ഐ.വൈ.എഫ് രൂക്ഷമായാണ് വിമര്‍ശിക്കുന്നത്. കരാര്‍ അംഗീകരിക്കുന്നതിനുമുന്‍പായി സി.പി.ഐയുമായോ ഇടതുമുന്നണി യോഗത്തിലോ ചര്‍ച്ച ചെയ്തില്ല.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കടുത്ത വിദ്യാര്‍ഥി ചൂഷണത്തിന് കളമൊരുക്കുന്ന സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ പഴുതുകളില്ലാത്ത നിയമനിര്‍മാണം നടത്തണമെന്നു ഇതുസംബന്ധിച്ച മറ്റൊരു പ്രമേയത്തില്‍ എ.ഐ.വൈ.എഫ് ആവശ്യപ്പെടുന്നു.
ഈ രംഗത്തെ ചൂഷണം അവസാനിപ്പിക്കുന്നതിനും സര്‍ക്കാര്‍ മെഡിക്കല്‍ എന്‍ജിനിയറിങ് കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങളും സീറ്റുകളും വര്‍ധിപ്പിച്ച് വിദ്യാഭ്യാസ കച്ചവടക്കാരെ കേരളീയ വിദ്യാഭ്യാസ മണ്ഡലത്തില്‍ നിന്നും മാറ്റിനിര്‍ത്തണം.
തലവരിപ്പണം നിയന്ത്രിക്കാന്‍ നിര്‍മിച്ച നിയമം നിലനില്‍ക്കേ സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ ആശങ്കാജനകമാണെന്നും തലവരിപ്പണവും പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള ക്രമക്കേടുകളെക്കുറിച്ചും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."