ഇന്‍ഡോറില്‍ ബാറ്റിങ് വിരുന്ന്
വിരാട് കോഹ്‌ലി - 211
അജിന്‍ക്യ രഹാനെ - 188
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സ് ഇന്ത്യ അഞ്ചിന് 557 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു
ഇന്‍ഡോര്‍: ഒരുപിടി റെക്കോര്‍ഡുകള്‍ ചേര്‍ത്തുവച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും അജിന്‍ക്യ രഹാനെയും ചേര്‍ന്നു ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചു. അനുപമമായ ബാറ്റിങിലൂടെ കിവി ബൗളര്‍മാരെ ഹതാശരാക്കി കോഹ്‌ലി ഡബിള്‍ സെഞ്ച്വറിയും (211), അജന്‍ക്യ രഹാനെ സെഞ്ച്വറിയുമായും (188) പട നയിച്ചപ്പോള്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 557 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ന്യൂസിലന്‍ഡ് വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയില്‍. മൂന്നു ദിവസവും പത്തു വിക്കറ്റുകളും കൈയിലിരിക്കെ കിവികള്‍ 529 റണ്‍സ് പിറകില്‍.
നാലു മാസത്തിനിടെ ടെസ്റ്റിലെ രണ്ടാം ഡബിള്‍ സെഞ്ച്വറി തികച്ച കോഹ്‌ലി കഴിഞ്ഞ കുറേക്കാലമായി തുടരുന്ന റണ്‍ വരള്‍ച്ചയ്ക്ക് വിരാമമിട്ടത് ഉജ്ജ്വല ഇരട്ട ശതകത്തിലൂടെ. 2013 ഫെബ്രുവരിയില്‍ സെഞ്ച്വറി നേടിയതിനു ശേഷം കോഹ്‌ലി ഇന്ത്യയില്‍ നേടുന്ന ആദ്യ സെഞ്ച്വറി ഇരട്ടയാക്കി മാറ്റുകയായിരുന്നു. മികച്ച പന്തുകളെ പ്രതിരോധിച്ചും മോശം പന്തുകളെ തിരഞ്ഞു പിടിച്ച് ആക്രമിച്ചും കോഹ്‌ലി- രഹാനെ സഖ്യം സ്പിന്നെന്നോ പെയ്‌സെന്നോ വ്യത്യാസമില്ലാതെ കിവി ബൗളിങിനെ നിലം തൊടാനനുവദിക്കാതെയാണ് മുന്നേറിയത്.
366 പന്തുകള്‍ നേരിട്ട് 20 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് കോഹ്‌ലി 211 തികച്ചത്. നായകനെന്ന നിലയില്‍ രണ്ടണ്ടു ഇരട്ട ശതകങ്ങള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി കോഹ്‌ലി ഇതോടെ മാറി. നേരത്തെ ആന്റിഗ്വയില്‍ വെസ്റ്റിന്‍ഡീസിനെതിരേയാണ് കോഹ്‌ലി കരിയറിലെ ആദ്യ ഡബിള്‍ സ്വന്തമാക്കിയത്. അജിന്‍ക്യ രഹാനെ 381 പന്തുകള്‍ നേരിട്ടാണ് 188 റണ്‍സെടുത്തത്. 18 ഫോറുകളും നാലു സിക്‌സും തൊങ്ങല്‍ ചാര്‍ത്തി കരിയറിലെ എട്ടാം ടെസ്റ്റ് ശതകത്തിലേക്കും മികച്ച വ്യക്തിഗത സ്‌കോറിലേക്കുമെത്തിയ രഹാനെയ്ക്ക് കരിയറിലെ ആദ്യ ഡബിള്‍ 12 റണ്‍സ് അകലെ നഷ്ടമായി.
നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു പടുത്തുയര്‍ത്തിയത് 365 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടാണ്. ടെസ്റ്റിലെ നാലാം വിക്കറ്റില്‍ ഒരു ഇന്ത്യന്‍ സഖ്യം നേടുന്ന ഏറ്റവും മികച്ച കൂട്ടുകെട്ടെന്ന റെക്കോര്‍ഡും ഇരുവരും ചേര്‍ന്നു സ്വന്തമാക്കി.
മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ കോഹ്‌ലി- രഹാനെ സഖ്യത്തിന്റെ ബലത്തില്‍ തിരിഞ്ഞു നോട്ടങ്ങളില്ലാതെ കുതിക്കുകയായിരുന്നു. തലേദിവസം 100 റണ്‍സ് ബോര്‍ഡില്‍ നില്‍ക്കെ ഒത്തുചേര്‍ന്ന ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് ഒടുവില്‍ പിരിഞ്ഞത് 465 റണ്‍സില്‍. കോഹ്‌ലിയെ വിക്കറ്റിനു മുന്നില്‍ കുടുക്കി ജീതന്‍ പട്ടേലാണ് കൂട്ടുകെട്ട് പൊളിച്ചത്. സ്‌കോര്‍ 504ല്‍ നില്‍ക്കെ രഹാനെയെ ബോള്‍ട്ടും മടക്കി. പിന്നീട് വന്ന രോഹിത് ശര്‍മ പരമ്പരയിലെ മൂന്നാം അര്‍ധ സെഞ്ച്വറിയുമായി (51) തിളങ്ങി. ജഡേജ 17 റണ്‍സെടുത്തു. ഇരുവരും പുറത്താകാതെ നില്‍ക്കെ ഇന്ത്യ 557ല്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. പൂജാര (41), ഗംഭീര്‍ (29), വിജയ് (10) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സമാന്‍മാര്‍. കിവീസിനായി ബോള്‍ട്ട്, പട്ടേല്‍ എന്നിവര്‍ രണ്ടും സാന്റ്‌നര്‍ ഒരു വിക്കറ്റും വീഴ്ത്തി.
ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ കിവികള്‍ക്കായി 17 റണ്‍സുമായി ഗുപ്റ്റിലും ആറു റണ്‍സുമായി ലാതവും ക്രീസില്‍ നില്‍ക്കുന്നു.
റെക്കോര്‍ഡുകളുടെ പെരുമഴ
ഇന്‍ഡോര്‍: കോഹ്‌ലി- രഹാനെ സഖ്യം ഇന്നലെ നിലയുറപ്പിച്ചപ്പോള്‍ മികച്ച റെക്കോര്‍ഡുകളും ഇന്‍ഡോറിലെ ബാറ്റിങ് പിച്ചില്‍ പിറന്നു. നായകനായിരിക്കെ രണ്ടണ്ടു ഡബിള്‍ സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് കോഹ്‌ലി സ്വന്തമാക്കി. നാലാം വിക്കറ്റില്‍ പിരിയാതെ കോഹ്‌ലിയും രഹാനെയും ചേര്‍ന്ന് അടിച്ചുകൂട്ടിയ 365 റണ്‍സ് ഇന്ത്യയുടെ ഏറ്റവും മികച്ച നാലാം വിക്കറ്റ് കൂട്ടുകെട്ടാണ്. 2004ല്‍ സച്ചിന്‍ ടെണ്ടണ്ടുല്‍ക്കറും വി.വി.എസ് ലക്ഷ്മണും ചേര്‍ന്ന് ആസ്‌ത്രേലിയക്കെതിരേ സിഡ്‌നിയില്‍ നേടിയ 353 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇരുവരും മറികടന്നത്. ന്യൂസിലന്‍ഡിനെതിരേ ഒരു ഇന്ത്യന്‍ സഖ്യം സ്വന്തമാക്കുന്ന ഏറ്റവും മികച്ച രണ്ടാമത്തെ കൂട്ടുകെട്ടും കോഹ്‌ലി- രഹാനെ സഖ്യത്തിന്റെ 365 റണ്‍സ് തന്നെ. തീര്‍ന്നില്ല, ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഏഴാമത്തെ കൂട്ടുകെട്ടെന്ന പെരുമയും ഏതൊരു വിക്കറ്റിലേയും ഇന്ത്യയുടെ ഏറ്റവും മികച്ച അഞ്ചാമത്തെ കൂട്ടുകെട്ടും ഈ ഇന്നിങ്‌സ് സ്വന്തമാക്കി. ഇന്ത്യയുടെ നാല്, അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ 150 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്യുന്നത് ഇതു രണ്ടാം തവണയാണ്. നേരത്തെ സച്ചിനും ലക്ഷ്മണുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ബംഗ്ലാദേശിനു ജയം
മിര്‍പുര്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ വിജയിച്ച് ബംഗ്ലാദേശ് മൂന്നു മത്സരങ്ങളുടെ പരമ്പര 1-1നു സമനലയിലാക്കി. രണ്ടാം ഏകദിനത്തില്‍ 34 റണ്‍സിനാണ് ബംഗ്ലാ ടീം വിജയിച്ചത്. ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 204 റണ്‍സില്‍ അവസാനിച്ചു. നാലു വിക്കറ്റെടുത്ത മൊര്‍താസ, മൂന്നു വിക്കറ്റെടുത്ത തസ്‌കിന്‍ അഹമദ് എന്നിവരുടെ ബൗളിങാണ് ബംഗ്ലാദേശിനു തുണയായത്. ബംഗ്ലാ നിരയില്‍ 75 രണ്‍സെടുത്ത മഹമുദുല്ല ടോപ് സ്‌കോററായപ്പോള്‍ ഇംഗ്ലീഷ് നിരയില്‍ ബട്‌ലര്‍ 57 റണ്‍സെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."