എടച്ചേരി-ഇരിങ്ങണ്ണൂര്‍ റോഡ് വീണ്ടും വിവാദത്തില്‍
എടച്ചേരി: പലതവണകളിലായി പ്രവൃത്തി തുടങ്ങിയും നിര്‍ത്തിവച്ചും ഇഴഞ്ഞുനീങ്ങിയ എടച്ചേരിയിലെ പുതിയങ്ങാടി-ഇരിങ്ങണ്ണൂര്‍ റോഡ് വീണ്ടും വിവാദത്തില്‍. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് നാദാപുരം എം.എല്‍.എ ഇ.കെ വിജയന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഈ റോഡിന് രണ്ടു കോടി രൂപ അനുവദിച്ചത്. റോഡിന്റെ പ്രവൃത്തി മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയിരുന്നുവെങ്കിലും വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്നുവന്ന എതിര്‍പ്പുകള്‍ കാരണം പലതവണ നിര്‍ത്തിവയ്ക്കുകയായിരുന്നു.
എന്നാല്‍ സ്ഥലമുടമകളുമായി പഞ്ചായത്ത് ഭരണസമിതി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ചിലര്‍ സ്ഥലം വിട്ടുനല്‍കാന്‍ തയാറായതോടെ റോഡ് പ്രവൃത്തി ദിവസങ്ങള്‍ക്ക് മുന്‍പ് പുനരാരംഭിച്ചിരുന്നു.
ഇതനുസരിച്ച് വയല്‍ പ്രദേശങ്ങളില്‍ വിട്ടുനല്‍കിയ ഭൂവുടമകളുടെ സ്ഥലത്ത് റോഡ് പ്രവൃത്തിയുടെ ഭാഗമായി അതിര്‍ത്തിമതില്‍ കെട്ടുകയും ചെയ്തിരുന്നു.
എന്നാല്‍ ഭൂവുടമകളില്‍ ചിലര്‍ ന്യായമായ കാരണത്താല്‍ തങ്ങളുടെ മതിലുകള്‍ പൊളിച്ചുമാറ്റുന്നതിന് സമ്മതിക്കാതെ വന്നപ്പോള്‍ റോഡ് വികസനം വീണ്ടും നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.
ഇതോടെയാണ് എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരേ ഫ്‌ളക്‌സു ബോര്‍ഡുകള്‍ സ്ഥാപിച്ച് ഡി.വൈ.എഫ്.ഐ സമര രംഗത്തെത്തിയത്. ആറു സെന്റ് മണ്ണുള്ളവന്റെ സ്ഥലം മുറിച്ചെടുത്ത് റോഡ് വികസിപ്പിക്കുമ്പോള്‍ ആറു കാറുള്ളവരുടെ ഭൂമി തൊടാന്‍ മടികാണിക്കുന്നത് പഞ്ചായത്ത് ഭരണസമിതിയുടെ ഇരട്ടത്താപ്പ് നയമാണ് സൂചിപ്പിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ ഫ്‌ളക്‌സിലൂടെ പറയുന്നു.
മാത്രമല്ല നിയമപ്രകാരം എല്ലായിടങ്ങളിലും ഒരുപോലെ അളവ് പ്രകാരമല്ലാതെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തടയുമെന്നും ഡി.വൈ.എഫ്.ഐ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
അതേസമയം ഇനിയും സ്ഥലം വിട്ടുകൊടുക്കാന്‍ മടികാണിക്കുന്ന സ്ഥലമുടമകള്‍ വ്യക്തമായ ന്യായവാദങ്ങളാണ് ഉന്നയിക്കുന്നത്.
സ്ഥലവും മതിലുകളും എത്ര നഷ്ടമായാലും വികസനം ന്യായമായ വഴികളിലൂടെ പക്ഷപാതമില്ലാതെ നടക്കുകയാണെങ്കില്‍ തങ്ങളും സഹകരിക്കുമെന്ന് ഇവര്‍ പറയുന്നു. പുതിയങ്ങാടി മുതല്‍ ഇരിങ്ങണ്ണൂര്‍ വരെ ഈ റോഡ് പത്തു മീറ്ററാക്കി വികസിപ്പിക്കാന്‍ അനുവദിച്ച ഫണ്ട് തികയാത്തതിനാല്‍ ചാലോട് പാലം വരെയുള്ള രണ്ടര കിലോമീറ്റര്‍ ദൂരം മാത്രം വികസിപ്പിക്കാന്‍ തീരുമാനിക്കയായിരുന്നു.
എന്നാല്‍ ഈ തുക കൊണ്ട് നിലവിലുള്ള വീതിയില്‍ തന്നെ ടാറിടുകയാണെങ്കില്‍ ഇരിങ്ങണ്ണൂര്‍ വരെ റോഡ് വികസനം സാധ്യമാകുമെന്നാണ് ഒരു വിഭാഗംസ്ഥലമുടമകള്‍ പറയുന്നത്.
റോഡിന്റെ കുറെ ഭാഗം 10 മീറ്ററും ബാക്കി വരുന്ന ഭാഗം എട്ടു മീറ്ററുമായി തുടരുന്നതിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി പ്രവൃത്തി തുടങ്ങിയ കാലത്തു തന്നെ ഇവര്‍ വിമുഖത പ്രകടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."