സ്‌കൂളുകളില്‍ സുരക്ഷിത ഇന്റര്‍നെറ്റ് പദ്ധതിയുമായി ജില്ലാ ഭരണകൂടം
കൊച്ചി: ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സുരക്ഷിതവും ഫലപ്രദവുമായ ഇന്റര്‍നെറ്റ് സൗകര്യം നടപ്പാക്കുന്നതിനുള്ള ഇ ജാഗ്രത പദ്ധതിയുമായി ജില്ലാ ഭരണകൂടം. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ആശയാവിഷ്‌കാരം നിര്‍വഹിച്ചതും നേതൃത്വം നല്‍കുന്നതും സംസ്ഥാന ഐ.ടി മിഷന്‍ മുന്‍ ഡയറക്ടര്‍ കൂടിയായ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ.സഫിറുള്ളയാണ്. ഒക്‌ടോബര്‍ 18ന് പദ്ധതിക്ക് തുടക്കം കുറിക്കും.
സുരക്ഷിത ഇന്റര്‍നെറ്റ് ബോധവല്‍ക്കരണ പരിപാടിയായാണ് ഇ ജാഗ്രതയ്ക്ക് കലക്ടര്‍ രൂപം നല്‍കിയിരിക്കുന്നത്. ജില്ലയില്‍ എറണാകുളം, ആലുവ, കോതമംഗലം, മൂവാറ്റുപുഴ എന്നീ നാല് വിദ്യാഭ്യാസ ജില്ലകളിലായി 101 ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുക. സ്‌കൂളുകളില്‍ കംപ്യൂട്ടറുകളും അനുബന്ധ സാമഗ്രികളും അടങ്ങിയ ഐ.ടി അടിസ്ഥാന സൗകര്യം, ഇന്റര്‍നെറ്റ് കണക്ടിവിറ്റി എന്നിവ സ്ഥാപിക്കുന്നതോടൊപ്പം സുരക്ഷിതമായ ഉപയോഗം, സൈബര്‍ നിയമങ്ങള്‍ എന്നിവ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണവും നല്‍കും.
നിയമലംഘനത്തിന്റെ ഭവിഷ്യത്തുകള്‍ വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള ബോധവല്‍ക്കരണ പരിപാടിയാണിത്.വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനസമ്പാദനത്തിന്റെയും സുപ്രധാന ഘടകമായി ഇന്റര്‍നെറ്റ് മാറിയിരിക്കുന്ന സാഹചര്യത്തില്‍ ഇതിന്റെ പ്രയോജനം മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ലഭിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഇന്റര്‍നെറ്റിന്റെ ഉപയോഗം സമൂഹത്തില്‍ വ്യാപിച്ചിട്ടുണ്ടെങ്കിലും അശാസ്ത്രീയമായ സമീപനം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സൈബര്‍ നിയമങ്ങളുടെ ലംഘനത്തിനും, ഇന്റര്‍നെറ്റിന്റെ പ്രയോജനം സംബന്ധിച്ച് തെറ്റായ ആശയങ്ങള്‍ക്കും വഴിമരുന്നിടുന്നു.
ഇതിന് വലിയൊരളവുവരെ പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ഇ ജാഗ്രത പദ്ധതി നടപ്പാക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ പരിശീലനം നല്‍കുന്നതിനുള്ള മാസ്റ്റര്‍ ട്രെയിനര്‍മാരെ എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും ഐടി അറ്റ് സ്‌കൂളിന്റെ സഹായത്തോടെ കണ്ടെത്തും. ഒരു സ്‌കൂളില്‍ നിന്നും ഒരു വിദ്യാര്‍ഥിയ്ക്ക് പുറമെ ഒരു അധ്യാപകനും മാസ്റ്റര്‍ ട്രെയിനറായിരിക്കും. ഇവര്‍ക്കുള്ള പരിശീലനം ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ കേന്ദ്രത്തില്‍ നല്‍കും. ഐടി അറ്റ് സ്‌കൂള്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്നിവയും മറ്റ് പ്രമുഖ ഐ.ടി സ്ഥാപനങ്ങളിലെ വിദഗ്ധരും പരിശീലന പരിപാടിയുമായി സഹകരിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ തന്നെ ഇത്തരത്തിലൊരു പദ്ധതി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്നത് ഇതാദ്യമായാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."