ജീവത്യാഗത്തിന് കാല്‍നൂറ്റാണ്ടിനിപ്പുറം സൈനികന് ജന്മനാട്ടില്‍ അന്ത്യവിശ്രമം
കോട്ടയം: രാജ്യത്തിനായി ജീവത്യാഗം ചെയ്ത് കാല്‍നൂറ്റാണ്ടിനിപ്പുറം സൈനികന് ജന്മനാട്ടില്‍ അന്ത്യവിശ്രമത്തിന് മണ്ണൊരുങ്ങുന്നു. നാടിനു വേണ്ടി രക്തസാക്ഷിയായ മകന്റെ മൃതദേഹം നാട്ടിലെത്തുമ്പോള്‍ അമ്മയുടെ കണ്ണീരും നാടിന്റെ പ്രാര്‍ഥനയും കൂടിയാണ് സഫലമാകുന്നത്. നാഗാലാന്‍ഡില്‍ തീവ്രവാദികളുടെ ഒളിയാക്രമണത്തില്‍ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത കൊഴുവനാല്‍ കാഞ്ഞിരമറ്റം ഏഴാച്ചേരില്‍ ജെയ്‌നിന്റെ കണ്ണീരോര്‍മ്മകളുമായി ഇന്നും ജീവിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് ഒടുവില്‍ സഹപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് അന്ത്യോപചാരത്തിന് വഴിയൊരുക്കിയത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി ജെയ്ന്‍ അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയില്‍ സ്‌നേഹചുംബനം അര്‍പ്പിക്കാന്‍ ഇതോടെ വീട്ടുകാര്‍ക്ക് അവസരമൊരുങ്ങി. മകന്റെ മുഖം അവസാനമായി ഒരു നോക്ക് പോലും കാണാന്‍ സാധിക്കാത്ത ഒരമ്മയുടെ ഹൃദയവേദനയ്ക്ക് മുന്നില്‍ തീവ്രവാദഭീഷണികളും സുരക്ഷാമാനദണ്ഡങ്ങളുമെല്ലാം വഴിമാറുകയായിരുന്നു. നാഗാലാന്‍ഡിലെ ചാക്കബാമയില്‍ ജെയ്‌നെ അടക്കം ചെയ്ത സൈനിക സെമിത്തേരിയില്‍ കുടുംബാംഗങ്ങള്‍ക്ക് ഇതാദ്യമായി പ്രവേശനത്തിന് അനുമതിയായി. പിതാവ് റിട്ട. സുബേദാര്‍ മേജര്‍ ഏ.ജെ.ജോസഫ്, അമ്മ ത്രേസ്യാമ്മ ജോസഫ്, സഹോദരിമാരായ മേരി ജോസഫ്, റോസമ്മ ജോസഫ് എന്നിവര്‍ നാഗാലാന്‍ഡിലേക്ക് യാത്രയായികഴിഞ്ഞു. മകന്റെ മൃതദേഹവുമായി അവര്‍ നാളെ നാട്ടിലെത്തും. 14 ന് കാഞ്ഞിരമറ്റം മാര്‍ സ്‌ളീവാ സെമിത്തേരിയില്‍ അടക്കം ചെയ്യും.
1992 ജൂണ്‍ 12 നാണ് സൈന്യത്തില്‍ സെക്കന്‍ഡ് ലെഫ്റ്റനന്റ് ആയിരുന്ന ഇ.തോമസ് ജോസഫ്( ജെയ്ന്‍) നാഗാലാന്‍ഡില്‍ ഒളിപ്പോരാളികളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. മരിക്കുമ്പോള്‍ പ്രായം 22 വയസ് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. സൈനികസേവനത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ഉടനെ ആയിരുന്നു ഈ ധീരപുത്രന്റെ വേര്‍പാട്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പഠനശേഷം ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ നിന്നും മൂന്ന് വര്‍ഷത്തെ ഉന്നത പഠനം. 1991 ജൂണ്‍ 8ന് സൈനികബിരുദം നേടി പാസായ തോമസ് ജോസഫ് സൈനികസേവനത്തില്‍ കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് 1992 ജൂണ്‍ 12ന് തീവ്രവാദി ആക്രമണത്തില്‍ മരിച്ചത്. ഇന്റലിജന്‍സ് വിഭാഗത്തിലായിരുന്നു ആദ്യ നിയമനം. ഒരു വര്‍ഷത്തെ ഫീല്‍ഡ് ഏരിയാ സേവനം വേണമെന്നുള്ളതിനാല്‍ നാഗാലാന്‍ഡില്‍ ഗൂര്‍ഖാ റൈഫിള്‍സ് റെജിമെന്റിലായിരുന്നു നിയോഗിക്കപ്പെട്ടത്. നാഗാ ഒളിപ്പോരാളികളുമായി നിരന്തരം അതിരൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്ന സമയമായിരുന്നു അത്. കലാപകലുഷിതമായ നാളുകളിലൊന്നില്‍ ജൂണ്‍ 12ന് രാത്രി തോമസ് ജോസഫ് ഉള്‍പ്പെടുന്ന ഗൂര്‍ഖാ റൈഫിള്‍സ് റെജിമെന്റ് ഒളിപ്പോരാളികളുമായി ഉണ്ടായ ഏറ്റുമുട്ടലിന് ശേഷം കോണ്‍വോയി ആയി മടങ്ങുമ്പോഴാണ് വാഹനവ്യൂഹത്തിന് നേരെ ഫേക്ക് എന്ന സ്ഥലത്ത് ഒളിയാക്രമണം ഉണ്ടായത്. തോമസ് അടക്കം 14 പേര്‍ സംഭവസ്ഥലത്ത് തന്നെ ദാരുണമായി കൊല്ലപ്പെട്ടു. ഇവരില്‍ മൂന്ന് പേര്‍ ഓഫീസര്‍മാരും ബാക്കി ജവാന്‍മാരുമായിരുന്നു.
പിതാവ് സുബേദാര്‍ മേജര്‍ ഏ.ടി.ജോസഫ് ഈ സമയത്ത് ഷില്ലോംഗിലായിരുന്നു സേവനം അനുഷ്ഠിച്ചിരുന്നത്. മക്കളുടെ പഠനത്തിനായി തനിക്കൊപ്പം ഉണ്ടായിരുന്ന ഭാര്യയേയും രണ്ട് പെണ്‍മക്കളെയും നാട്ടിലേക്കയച്ച ശേഷം ഷില്ലോംഗില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം ബാംഗ്ലൂരിലേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചതിന്റെ സന്തോഷത്തിലിരിക്കുമ്പോഴാണ് ദുരന്തവാര്‍ത്ത കാതില്‍ എത്തുന്നത്.
ഉടന്‍ തന്നെ അദ്ദേഹം നാഗാലന്‍ഡിലേക്ക് കുതിച്ചു. നാഗാലാന്‍ഡിലെ ഏറ്റവും വലിയ കുഗ്രാമത്തിലായിരുന്നു ആക്രമണം ഉണ്ടായത് എന്നതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളൊന്നും ഫലവത്തായില്ല. ഒപ്പം ഭീകരരുടെ നിരന്തര ആക്രമണഭീഷണി കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. ഇന്നുള്ള വാര്‍ത്താ വിനിമയ സംവിധാനങ്ങളോ യാത്രാ സൗകര്യങ്ങളോ ഇല്ലായിരുന്നതിനാല്‍ വീട്ടുകാര്‍ക്ക് എത്തിപ്പെടുന്ന കാര്യം ചിന്തിക്കുക കൂടി വയ്യായിരുന്നു. അപകടം ഉണ്ടായി രണ്ട് ദിവസത്തിന് ശേഷം ഞായറാഴ്ചയാണ് മേജറായിരുന്ന പിതാവിന് പോലും സംഭവസ്ഥലത്ത് എത്താനായത്. അതും ബീമാപൂരില്‍ നിന്ന് ടാക്‌സിയില്‍ മുള്‍ച്ചെടികള്‍ നിറഞ്ഞ അതീവദുര്‍ഘടമായ കാനപാതകളിലൂടെ എട്ട് മണിക്കൂര്‍ യാത്ര ചെയ്ത ശേഷമാണ് സ്ഥലത്തെത്തിയത്. ഏതു നിമിഷവും നാഗാ ഒളിപോരാളികളുടെ ആക്രമണ ഭീഷണി ഉള്ളതിനാല്‍ വാഹനത്തില്‍ കിടന്നുകൊണ്ടായിരുന്നു യാത്ര. ഒടുവില്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധ്യമായ വഴികളൊന്നുമില്ലാതെ വന്നതോടെ സമീപപ്രദേശമായ ചാക്കബാമയില്‍ സൈനികഅധീനകതയിലുള്ള മിലിട്ടറി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മറ്റുള്ളവരുടെ മൃതദേഹം ഇതിനകം തന്നെ അവിടെ സംസ്‌കരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."