കേരളാ കോണ്‍ഗ്രസ് നേതാവ് കുത്തേറ്റു മരിച്ചു; പഞ്ചായത്തംഗം അടക്കം ആറുപേര്‍ അറസ്റ്റില്‍
ചങ്ങനാശ്ശേരി:പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു. പഞ്ചായത്തംഗം അടക്കം ആറുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് തൃക്കൊടിത്താനം മണ്ഡലം പ്രസിഡന്റ് എം.ജെ മാത്യുവിന്റെ മകന്‍ മനു മാത്യു(33) വാണ് കൊല്ലപ്പെട്ടത്. കോണ്‍ഗ്രസ് അംഗം കോട്ടമുറി ആലുമ്മൂട്ടില്‍ നിഥിന്‍ ജോസഫ്(29),ഫാത്തിമാപുരം വെട്ടുകുഴി വീട്ടില്‍ സിജോ സെബാസ്റ്റ്യന്‍(22),പായിപ്പാട് നാലുകോടി കടുത്താനം കെ. എസ് അര്‍ജുന്‍(22),തൃക്കൊടിത്താനം ചക്രാത്തിക്കുന്ന് ചെറുവേലിപ്പറമ്പില്‍ സൂരജ് സോമന്‍(23),ചെത്തിപ്പുഴ വെരൂര്‍ അറയ്ക്കല്‍ ബിനു സിബിച്ചന്‍(23), കാരാപ്പുഴ തിരുവാതുക്കല്‍ വാഴയില്‍ വീട്ടില്‍ ഷമീര്‍ ഹുസൈന്‍(29) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡുചെയ്തു.
കൂടുതല്‍ അന്വേഷണത്തിനായി ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലിസ് അറിയിച്ചു. പെരുന്ന രണ്ടാംനമ്പര്‍ ബസ് സ്റ്റാന്‍ഡില്‍ ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് വാഹനം പാര്‍ക്കുചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചത്.
നേരത്തെ യു.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന മനു അടുത്തായി ജനാധിപത്യ കേരളാ കോണ്‍ഗ്രസില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇതും നിഥിനുമായി രാഷ്ട്രീയ വൈരാഗ്യത്തിനു കാരണമായതായി പൊലിസ് പറഞ്ഞു. മനുവും സുഹൃത്തുക്കളും രണ്ടു കാറുകളിലും ബൈക്കിലുമായാണ് സിനിമാ കാണാന്‍ എത്തിയത്. എന്നാല്‍ വഴക്കിനിടിയില്‍ സുഹൃത്തുക്കള്‍ രക്ഷപ്പെട്ടിരുന്നു. കുത്തേറ്റു വീണ മനുവിനെ നിഥിന്റെ വാഹനത്തില്‍ അദ്ദേഹം തന്നെ തിരുവല്ലാ പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും യാത്രാമധ്യേ മനു മരണപ്പെട്ടു. ഇതോടെ പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് രാത്രിയില്‍ വാഹനങ്ങള്‍ പരിശോധിക്കാന്‍ ജില്ലാ പൊലിസ് മേധാവി നിര്‍ദേശം നല്‍കിയിരുന്നു. പുലര്‍ച്ചെ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കോട്ടയത്തുനിന്നും പിടികൂടി ചങ്ങനാശ്ശേരി പൊലിസിനു പ്രതികളെ കൈമാറി.
കൊല്ലപ്പെട്ട മനുവും പ്രതികളില്‍ ചിലരും നേരത്തെ പല കേസുകളിലും ഉള്‍പ്പെട്ടവരാണെന്ന് പൊലിസ് പറഞ്ഞു. എന്നാല്‍ സിനിമാ തിയേറ്ററില്‍ ടിക്കറ്റ് ബ്ലാക്കില്‍ വില്‍ക്കുന്നതു സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ അതു തെറ്റാണെന്നും പ്രതികളും മനുവുമായുള്ള മുന്‍ വൈരാഗ്യവും രാഷ്ട്രീയ വൈരാഗ്യവുമാണ് കൊലപാതകത്തിനു കാരണമായി പൊലിസ് പറയുന്നത്.
രണ്ടു കാര്‍,നിരവധി ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.സംഭവമുണ്ടായ ഉടന്‍ പൊലിസിനെ അറിയിക്കാഞ്ഞതും ജനപ്രതിനിധിഎന്ന നിലയില്‍ തടയാഞ്ഞതും ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തിയാണ് പഞ്ചായത്തംഗത്തിന്റെ പേരില്‍ കേസെടുത്തിട്ടുള്ളത്.
മനുവിന്റെ മാതാവ്: മേരികുട്ടി. സഹോദരങ്ങള്‍: സാബു മാത്യു,സണ്ണിമാത്യു, മാര്‍ട്ടിന്‍ മാത്യു(മസ്‌ക്കറ്റ്),സോഫി(ജയ്പ്പൂര്), സോളി(ഡല്‍ഹി), സോണി.സംസ്‌ക്കാരം ഇന്നു രാവിലെ പത്തരക്ക് തൃക്കൊടിത്താനം പള്ളിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."