കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി ഇന്ന്
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നിര്‍ണായക രാഷ്ട്രീയ കാര്യസമിതി ഇന്ന് തിരുവനന്തപുരത്ത് ചേരും. സര്‍ക്കാരിനെ പിടിച്ചുലച്ച ബന്ധുനിയമന വിവാദത്തിലും സ്വാശ്രയ സമരത്തിലും സ്വീകരിക്കേണ്ട തുടര്‍ നടപടികളെക്കുറിച്ച് വിശദമായ ചര്‍ച്ചകളുണ്ടാകും. രാഷ്ട്രീയകാര്യസമിതിയിലെ ചര്‍ച്ചകള്‍ അനുസരിച്ചാകും തുടര്‍ന്നുള്ള നീക്കങ്ങള്‍ രൂപപ്പെടുത്തുക.
ബന്ധുനിയമന വിവാദങ്ങള്‍ പ്രതിപക്ഷത്തിന് അപ്രതീക്ഷിതമായി വീണുകിട്ടിയ ആയുധമാണ്. മുഖ്യമന്ത്രിയും തള്ളിപ്പറഞ്ഞതോടെ ഒറ്റപ്പെട്ട ജയരാജന്റെ രാജിക്കായി ശക്തമായ നിലപാട് സ്വീകരിക്കാന്‍ തന്നെയാണ് പ്രതിപക്ഷനീക്കം. ഇക്കാര്യം രാഷ്ട്രീയകാര്യസമിതിയിലുയരും.
നിയമനങ്ങള്‍ റദ്ദുചെയ്താലും അഴിമതിക്കുറ്റത്തില്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മന്ത്രി ചെയ്തത്. അതിനാല്‍ മന്ത്രി രാജിവയ്ക്കുകയും വിജിലന്‍സ് അദ്ദേഹത്തിനെതിരേ കേസെടുക്കുകയും ചെയ്യണമെന്നാണ് തങ്ങളുടെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
ഈ നിലപാടില്‍ ഉറച്ച് നില്‍ക്കണമെന്ന് യോഗത്തില്‍ ആവശ്യമുയരും. ജയരാജന്‍ രാജിവയ്ക്കുന്നില്ലെങ്കില്‍ തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രശ്‌നം സജീവമാക്കി നിര്‍ത്താനുള്ള വഴികള്‍ യോഗം ചര്‍ച്ച ചെയ്യും. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന ബന്ധുനിയമനങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നേക്കും.
പ്രതിപക്ഷ നേതാവിന്റെ പരാതിയില്‍ വിജിലന്‍സ് കേസെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രക്ഷോഭ രംഗത്തിറങ്ങാനും നിയമനടപടികളെക്കുറിച്ചും ആലോചിക്കാനും തീരുമാനമുണ്ടാകും. മന്ത്രിസഭയിലെ രണ്ടാമനെത്തന്നെ വീഴ്ത്താന്‍ കിട്ടിയ അവസരം കളഞ്ഞുകുളിക്കരുതെന്നാണ് രാഷ്ട്രീയകാര്യസമിതിയിലെ യുവ അംഗങ്ങളുടെ നിലപാട്. സ്വാശ്രയ സമരത്തെക്കുറിച്ച് വ്യക്തമായ നിലപാടില്ലാത്ത സ്ഥിതി കോണ്‍ഗ്രസിലുണ്ട്. ഭരണം പോയശേഷം നിഷ്‌ക്രിയമായിരുന്ന പാര്‍ട്ടിക്ക് ജീവന്‍ വയ്പിക്കാന്‍ സ്വാശ്രയ സമരത്തിലൂടെ കഴിഞ്ഞുവെന്നായിരുന്നു ആദ്യഘട്ട വിലയിരുത്തല്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മാനേജ്‌മെന്റുകളുമായി ചേര്‍ന്ന് നടത്തിയ ഒത്തുകളി പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞു എന്നും പ്രതിപക്ഷം അവകാശപ്പെടുന്നു.
എന്നാല്‍ പാതിവഴിയില്‍ അവസാനിപ്പിച്ച സമരത്തിന്റെ ഇനിയുള്ള ഗതിയെന്തെന്ന കാര്യത്തില്‍ നേതാക്കള്‍ക്കും അണികള്‍ക്കും വ്യക്തതയില്ല. സ്വാശ്രയത്തിലുള്ള കോടതിവിധികളും വന്നു, അലോട്ട്‌മെന്റും കഴിഞ്ഞു.
നിയമസഭക്കകത്തും പുറത്തും സമരം തുടരുമെന്നാണ് യു.ഡി.എഫ് പ്രഖ്യാപിച്ചിരുന്നത്.
സര്‍ക്കാര്‍ അധികാരമേറ്റ് ആറുമാസത്തിനകം തന്നെ നിയമസഭയിലും പുറത്തും പ്രതിപക്ഷത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്താനായതില്‍ യോഗത്തില്‍ യോജിച്ച പ്രതികരണമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."