പൊതുമരാമത്തു വകുപ്പില്‍ പണിയൊന്നുമില്ലാതെ ആര്‍ക്കിടെക്ച്ചര്‍ വിഭാഗം
തിരുവനന്തപുരം: പൊതുമരാമത്തു വകുപ്പില്‍ ലക്ഷക്കണക്കിനു രൂപ ശമ്പളയിനത്തില്‍ ചെലവഴിച്ച് ആര്‍ക്കിടെക്ച്ചര്‍ വിഭാഗത്തെ സര്‍ക്കാര്‍ തീറ്റിപോറ്റുന്നു. ഒരു പണിയുമില്ലാതെ 'സുഖവാസം' നടത്തുന്ന അറുപതോളം ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ ലക്ഷക്കണക്കിന് രൂപ ശമ്പളം നല്‍കി സംരക്ഷിക്കുന്നത്. ചീഫ് ആര്‍ക്കിടെക്ടിനു കീഴില്‍ ഡെപ്യൂട്ടി ചീഫ് ആര്‍ക്കിടെക്ട്, നാല് സീനിയര്‍ ആര്‍ക്കിടെക്ടുമാര്‍ എന്നിവര്‍ അടങ്ങുന്നതാണ് ആര്‍ക്കിടെക്ച്ചര്‍ വിംഗ്. ഇവര്‍ക്കു കീഴില്‍ മറ്റ് ഉദ്യോഗസ്ഥരുമുണ്ട്.
സര്‍ക്കാരിന് കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാക്കുന്ന പൊതുമരാമത്തു വകുപ്പില്‍ ഇവര്‍ക്കുപുറമേ തിരുവനന്തപുരം ചീഫ് എന്‍ജിനിയര്‍ ഓഫിസില്‍ തന്നെ ജി.ഐ.എസ് ആന്റ് ഇ.എം.എം.എസ്, പി.പി.യു, ആര്‍.എം.യു തുടങ്ങിയ വിഭാഗങ്ങളിലും ഒരു പണിയുമില്ലാതെ ഇരുപത്തിയഞ്ചോളം എന്‍ജിനിയര്‍മാരും സുഖവാസത്തിലാണ്. പൊതുമരാമത്തു വകുപ്പില്‍ റോഡ് അറ്റകുറ്റപണികളല്ലാതെ വന്‍കിട പദ്ധതികളൊന്നും പുതുതായി ഉണ്ടാകുന്നില്ല. പദ്ധതികളെ സംബന്ധിച്ച പഠനവും രൂപരേഖ തയാറാക്കലും ഉദ്യോഗസ്ഥന്മാരുടെ ചുമതലയാണ്. ഈ വിഭാഗത്തെ ജില്ലകളിലെ ബില്‍ഡിങ്‌സ് ഡിവിഷനുകളുമായി ബന്ധപ്പെടുത്തി സ്ഥലപരിശോധനക്കും രൂപരേഖ തയാറാക്കലിനും സൗകര്യപ്രദമായി ഉപയോഗിക്കാമെന്നിരിക്കെയാണ് ഇക്കൂട്ടരെ തിരുവനന്തപുരത്തെ മെയിന്‍ ഓഫിസില്‍ തളച്ചിട്ടിരിക്കുന്നത്.
പൊതുമരാമത്തു വകുപ്പില്‍ പണിയില്ലാത്തതിനാല്‍ ചിലര്‍ സ്വകാര്യ നിര്‍മാണമേഖലകളില്‍ പ്രതിഫലം പറ്റി സേവനം ചെയ്യുന്നതായും ആരോപണമുണ്ട്. ആര്‍ക്കിടെക്ച്ചര്‍ വിഭാഗത്തെ നവീകരിക്കുമെന്ന് വകുപ്പുമന്ത്രി പറയുന്നുണ്ടെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി ആര്‍ക്കിടെക്ച്ചര്‍ വിഭാഗത്തിനു പുറമേ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍മാരേയും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍മാരേയും അടിക്കടി സ്ഥലംമാറ്റുന്നുണ്ടെങ്കിലും ഇക്കഴിഞ്ഞ ചില സ്ഥലംമാറ്റ ഉത്തരവുകളില്‍ മാറ്റപ്പെട്ടവരില്‍ ചിലരെ വീണ്ടും നിലനിര്‍ത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."