ആദ്യാക്ഷര മധുരം നുകര്‍ന്ന് കുരുന്നുകള്‍
കാലിക്കടവ്: അക്ഷര ലോകത്തേക്ക് പിച്ച വച്ച് ആയിരക്കണക്കിന് കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. ക്ഷേത്രങ്ങളിലും,സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം എഴുത്തിനിരുത്തല്‍ ചടങ്ങ് നടന്നു.
ആചാര്യന്‍മാര്‍ നാവിന്‍തുമ്പില്‍ സ്വര്‍ണമോതിരം കൊണ്ട് ഹരിശ്രീ കുറിച്ച ശേഷമാണ് അരിയിലെഴുതിച്ചത്. മടിയില്‍ ചേര്‍ത്തിരുത്തി അരിമണിയിലെഴുതിച്ച് ആചാര്യന്‍മാര്‍ പിഞ്ചുവിരലുകളില്‍ അക്ഷരജ്യോതി പകര്‍ന്നു. പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ അന്‍പതോളം കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കാനെത്തി. പുളിമ്പയില്ലത്ത് സുരേഷ്‌നമ്പൂതിരി അക്ഷരമധുരം പകര്‍ന്നു നല്‍കി.
വിജയദശമി ദിനത്തില്‍ ക്ഷേത്രങ്ങളിലെല്ലാം അഭൂതപൂര്‍വമായ ഭക്ത ജനത്തിരക്ക് അനുഭവപ്പെട്ടു. ദുര്‍ഗാഷ്ടമി നാളില്‍ പൂജയ്ക്ക് വച്ച പുസ്തകങ്ങളും ഉപകരണങ്ങളുമെല്ലാം മഹാനവമി പൂജയ്ക്ക് ശേഷം വിജയദശമി ദിനത്തില്‍ തിരിച്ചെടുത്തു. എച്ചിക്കുളങ്ങര ശ്രീ നാരായണപുരം ക്ഷേത്രം, കുട്ടമത്ത് ഭഗവതി ക്ഷേത്രം, പലിയേരി മൂകാംബിക ക്ഷേത്രം, താഴത്തെ മട്ടലായി ശ്രീരാമക്ഷേത്രം എന്നിവിടങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."