ആര്‍ട്ട്ഗാലറി ഉദ്ഘാടനം: എം.പിയെ ക്ഷണിക്കാത്തത് വിവാദമാകുന്നു
വടകര: യു.ഡി.എഫ് ഭരിക്കുന്ന വടകര ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ആര്‍ട്ട് ഗാലറി ഉദ്ഘാടനത്തിന് സ്ഥലം എം.പിയായ മുല്ലപ്പള്ളി രാമചന്ദ്രനെ ക്ഷണിക്കാത്തത് വിവാദമാകുന്നു.
കോണ്‍ഗ്രസിനുള്ളില്‍തന്നെ ഇതിനെതിരേ പ്രതിഷേധം വ്യാപകമാവുകയാണ്. ബന്ധു നിയമന വിവാദവും സ്വാശ്രയ വിഷയവുമെല്ലാം കത്തിനില്‍ക്കുകയും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മന്ത്രിമാരെ വഴിയില്‍ തടയുകയും ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് മന്ത്രിയെ കൊണ്ടുവന്ന് ഉദ്ഘാടനം നിര്‍വഹിച്ചതിനെതിരേയാണ് പ്രതിഷേധം ഉയരുന്നത്.
സ്ഥലം എം.പിയായ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥലത്തുണ്ടായിരുന്നിട്ടും അദ്ദേഹത്തിന്റെ വീടിന്റെ ഒരു വിളിപ്പാടകലെ നടന്ന പരിപാടിയില്‍ ക്ഷണിച്ചില്ലെന്നത് അണികള്‍ക്കിടയില്‍ അമര്‍ഷത്തിന് കാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ നടന്ന വികസന സെമിനാറില്‍ എം.പിയെ ക്ഷണിക്കാതിരുന്നതിനാല്‍ കോണ്‍ഗ്രസ് പരിപാടി ബഹിഷ്‌കരിച്ചിരുന്നു.
എന്നാല്‍ സ്വന്തം നാട്ടില്‍ സ്വന്തം പാര്‍ട്ടി നടത്തുന്ന പരിപാടിയില്‍തന്നെ എം.പിക്ക് ക്ഷണമില്ലാതായതില്‍ പാര്‍ട്ടിക്കുള്ളില്‍തന്നെ നീരസമുണ്ട്. ഇക്കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയാണ് വിമര്‍ശനത്തിന് വിധേയമാകുന്നത്. കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ നടക്കുന്ന എല്ലാ പരിപാടികളിലും എം.പിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ കോട്ടയില്‍ രാധാകൃഷ്ണനും പങ്കെടുക്കാറുണ്ട്. പ്രശ്‌നം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് മുല്ലപ്പള്ളി വിഭാഗത്തിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."