പൊന്നാനി നഗരസഭ ഭരണസമിതി പ്രതിപക്ഷത്തെ അപമാനിച്ചതായി ആരോപണം
പൊന്നാനി: പൊന്നാനിയിലെ മുനിസിപ്പല്‍ ഭരണസമിതി പ്രതിപക്ഷത്തെ നിരന്തരം അപമാനിക്കുന്നതായി പരാതി. നഗരസഭ നടപ്പിലാക്കുന്ന പല പരിപാടികളും പ്രതിപക്ഷത്തെ അറിയിക്കാതെയും യാതൊരുവിധ കൂടിയാലോചനകളുമില്ലാതെയും നടത്തുകയാണെന്നാണ് ആരോപണം. നഗരസഭയില്‍ ഏകപക്ഷീയമായി പാര്‍ട്ടി ആശ്രിതരെ ജോലിക്കെടുത്തു, അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതി, പൊന്നാര്യന്‍ കൊയ്യുന്ന പൊന്നാനി, പെന്‍ഷന്‍ വിതരണ പരിപാടി തുടങ്ങിയവയെല്ലാം പ്രതിപക്ഷ കൗണ്‍സിലര്‍മാരെ താഴ്ത്തിക്കെട്ടാനും അപമാനിക്കാനും ഉപയോഗിക്കുന്നതരത്തിലായിരുന്നുവെന്ന് പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാണിച്ചു. സ്ലെയ്റ്റും പെന്‍സിലും പ്രതിഭാസംഗമം എന്നീ പരിപാടികള്‍ എ.വി ഹൈസ്‌കൂളില്‍ നടത്തിയതിലും ഇതേ രീതിയായിരുന്നുവെന്നും പ്രതിപക്ഷം പറഞ്ഞു.
സോഷ്യല്‍ മീഡിയ വഴി ആളാവാന്‍ ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും മുനിസിപ്പല്‍ ചെയര്‍മാനും പരസ്പരം മത്സരിക്കുകയാണെന്നും നഗരസഭാ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ചര്‍ച്ച ചെയ്യുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. സ്ലെയിറ്റും പെന്‍സിലും എന്ന വിദ്യാഭ്യാസ പരിപാടിയും പ്രതിഭാസംഗമവും നടത്തുന്നതായി സോഷ്യല്‍ മീഡിയ വഴി പ്രചരണം നടത്തിയ ശേഷം പരിപാടി നടക്കുന്ന വാര്‍ഡിലെ കൗണ്‍സിലറുടെ പേരൊഴിവാക്കി നോട്ടീസിറക്കിയത് ബോധപൂര്‍വമാണെന്നാരോപിച്ച് പ്രതിപക്ഷം ഒന്നടങ്കം പരിപാടി ബഹിഷ്‌കരിച്ചു. സംഭവത്തില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."