കോട്ടപ്പടി സ്റ്റേഡിയം ആര്‍.എസ്.എസ് പഥസഞ്ചലനത്തിന് വിട്ടുനല്‍കി
മലപ്പുറം: വിയജദശമിയോടനുബന്ധിച്ച് ആര്‍.എസ്.എസ് നടത്തിയ പഥസഞ്ചലനത്തിന് കോട്ടപ്പടി സ്റ്റേഡിയം വിട്ടുനല്‍കിയത് കലക്ടറുടെ അനുമതിയോടെ. പുനര്‍നിര്‍മാണം പൂര്‍ത്തിയായതിനുശേഷം ആദ്യമാണ് സ്റ്റേഡിയം ഇത്തരമൊരു പരിപാടിക്കായി തുറന്നുകൊടുക്കുന്നത്. പ്രദേശത്തിന്റെ കായിക വികസനത്തിനു മുതല്‍ക്കൂട്ടായ സ്റ്റേഡിയം ഫുട്‌ബോള്‍ പരിശീലനങ്ങള്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ക്കോ ഇതുവരെ നല്‍കിയിരുന്നില്ല.
മലപ്പുറത്തെ ക്ലബുകള്‍ക്കുപോലും പരിശീലനത്തിനായി സ്റ്റേഡിയം തുറന്നുകൊടുക്കാത്തതു വിവാദമാകുകയും വിവിധ ക്ലബുകളുടെ നേതൃത്വത്തില്‍ സ്റ്റേഡിയത്തിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പുല്‍ത്തകിടി കേടാകുമെന്നു ചൂണ്ടിക്കാട്ടിയാണ് അനുമതി നല്‍കാതിരുന്നിരുന്നത്. അതേസമയം, ആര്‍.എസ്.എസ് പരിപാടിക്കായി മൈതാനം തുറന്നുകൊടുത്തത് പുതിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.
ആര്‍.എസ്.എസ് പരിപാടിയോടനുബന്ധിച്ചു സ്‌റ്റേഡിയത്തില്‍ കായികാഭ്യാസമുള്‍പ്പടെയുള്ള പരിപാടികളാണ് നടന്നത്. ഇതാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. പുതിയ തീരുമാനത്തോടെ ഇനിമുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ക്കടക്കം സ്റ്റേഡിയം വിട്ടുനല്‍കേണ്ടിവരും. സ്‌കൂളുകളുടെ പരിപാടികള്‍ക്കുപോലും പലതവണ ആവശ്യപ്പെട്ടിട്ടും വിട്ടുനല്‍കാത്തതാണ് ആര്‍.എസ്.എസിനുനല്‍കിയതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. എന്നാല്‍, പൊലിസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് സ്റ്റേഡിയം വിട്ടുനല്‍കിയതെന്ന് ജില്ലാ കലക്ടര്‍ ഷൈനാമോള്‍ പറഞ്ഞു.
സാധാരണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് സ്റ്റേഡിയം നല്‍കിയത്. നിലവിലെ സ്റ്റേഡിയത്തിന്റെ സാഹചര്യം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഫുട്‌ബോള്‍ വികസനത്തിനായി സ്‌റ്റേഡിയം വിട്ടുനല്‍കാതെ ആര്‍.എസ്.എസിന് കായികാഭ്യാസത്തിന് നല്‍കിയത് അംഗീകരിക്കാനാകില്ലെന്നും സ്‌റ്റേഡിയം ഫുട്‌ബോള്‍ പരിശീലനത്തിന് നല്‍കണമെന്നും മലപ്പുറം ഫുട്‌ബോള്‍ ലവേഴ്‌സ് ഫോറം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 15 വയസിനു താഴെയുള്ള കുട്ടികളുടെ ഫുട്‌ബോള്‍ പരിശീലനത്തിനായി ആഴ്ചയില്‍ മൂന്നു ദിവസം സ്റ്റേഡിയം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഫോറം ഭാരവാഹികള്‍ അറിയിച്ചു. മാര്‍ച്ചിനുശേഷം കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തും. തുടര്‍ന്ന് ആവശ്യമുന്നയിച്ച് കലക്ടര്‍ക്ക് നിവേദനം നല്‍കുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."