അഴിമുഖത്ത് സ്ഥാപിച്ച മുന്നറിയിപ്പ് ലൈറ്റുകള്‍ കണ്ണടച്ചു
കൊടുങ്ങല്ലൂര്‍: അഴീക്കോട് അഴിമുഖത്ത് സ്ഥാപിച്ച മുന്നറിയിപ്പ് ലൈറ്റുകള്‍ കണ്ണടച്ചു. മത്സ്യബന്ധന യാനങ്ങള്‍ അപകടഭീഷണിയില്‍. നൂറു കണക്കിന് മത്സ്യബന്ധന യാനങ്ങള്‍ കടന്നുപോകുന്ന അഴീക്കോട് അഴിമുഖത്ത് അപകടങ്ങള്‍ പതിവായതിനെ തുടര്‍ന്നാണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുറമുഖ വകുപ്പ് മുന്നറിയിപ്പ് ലൈറ്റുകള്‍ സ്ഥാപിച്ചത്. അഴീക്കോട് മുനയ്ക്കല്‍ പുലിമുട്ടിലും, മുനമ്പം പുലിമുട്ടിലുമായി രണ്ടു ലൈറ്റുകളാണ് സ്ഥാപിച്ചിരുന്നത്. രാത്രിയില്‍ മത്സ്യബന്ധനത്തിന് പോകുകയും വരികയും ചെയ്യുന്ന യാനങ്ങള്‍ക്ക് അപകടത്തില്‍ പെടാതിരിക്കാന്‍ ഏറെ സഹായകരമായിരുന്നു ഈ മുന്നറിയിപ്പ് ലൈറ്റുകള്‍. എന്നാല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കാതായതോടെ അഴിമുഖം വഴിയുള്ള ജലയാത്ര അപകടകരമായിരിക്കുകയാണ്. പോര്‍ട്ട് ഓഫിസിന്റെ കണ്‍മുന്നിലുള്ള ഈ സൂചനാ ലൈറ്റുകള്‍ അറ്റകുറ്റപണികള്‍ നടത്തി പ്രവര്‍ത്തിപ്പിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായിട്ടില്ല. അധികാരികളുടെ അനാസ്ഥ വലിയൊരു ദുരന്തത്തിന് കാരണമാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."