കൊലക്കത്തിക്കിരയായി അച്ഛന്റെ വഴിയേ മകനും...
തലശ്ശേരി: പിണറായിയില്‍ ഇന്നലെ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലനാണ്ടി രമിത്ത് കൊല്ലപ്പെട്ടത് സ്വന്തം പിതാവിന്റെ വഴിയേ. രമിത്തിന്റെ പിതാവ് ചോടോന്‍ ഉത്തമനും രാഷ്ട്രീയ വിരോധികളുടെ കൊലക്കത്തിക്കിരയായി ജീവന്‍ നഷ്ടപ്പെട്ടയാളാണ്. 14 വര്‍ഷത്തിനു മുന്‍പായിരുന്നു ഇത്.
ഉത്തമന്റെ കൊലപാതകത്തിനു ശേഷം ഭാര്യ നാരായണിയും മക്കളും പിണറായിയിലെ നാരായണിയുടെ തറവാട്ടിനു സമീപത്താണ് താമസം. ബി.ജെ.പി നേതൃത്വമാണ് ഇവര്‍ക്ക് ഇവിടെ വീടുവച്ചുനല്‍കിയത്. പിണറായിയില്‍ ഇടയ്ക്കിടെയുണ്ടാകുന്ന രാഷട്രീയ സംഘര്‍ഷങ്ങളില്‍ ഇവരുടെ വീടിനുനേരെ അക്രമം പതിവായിരുന്നു.
2002 മെയ് 21ന് രാത്രിയാണ് സ്വകാര്യ ബസ് ഡ്രൈവറായിരുന്ന മട്ടന്നൂര്‍ ചാവശ്ശേരി സ്വദേശി ചോടാന്‍ ഉത്തമനെ ബസ് ഓടിക്കുന്നതിനിടെ ബോംബെറിഞ്ഞ ശേഷം ബസിനകത്തുവച്ചു വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസില്‍ സി.പി.എം ഏരിയാ സെക്രട്ടറിയുള്‍പ്പെടെ പ്രതിപ്പട്ടികയിലുണ്ടായിരുന്നു. എന്നാല്‍, കേസിലെ 22 പ്രതികളെയും തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍ കോടതി തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തരാക്കി. വിചാരണയ്ക്കിടയില്‍ പ്രോസിക്യൂഷന്‍ പ്രതിഭാഗത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചെന്നാരോപിച്ച് ഉത്തമന്റെ സഹോദരന്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
ഉത്തമന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു തിരിച്ചുവരുന്നതിനിടെ ഉത്തമന്റെ ബന്ധുവും എഴുപതുകാരിയുമായ അമ്മുവമ്മയും ജീപ്പ് ഡ്രൈവര്‍ ഉരുവച്ചാലിലെ ശിഹാബും കൊല്ലപ്പെട്ടതും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ച ജീപ്പിനുനേരെ നടുവനാട്ടുവച്ചു ബോബേറുണ്ടാകുകയായിരുന്നു. നിയന്ത്രണംവിട്ട ജീപ്പ് വൈദ്യുതിത്തൂണിലിടിച്ചുണ്ടായ അപകടത്തിലാണ് ഇരുവരും മരിച്ചത്. ഈ കേസില്‍ സി.പി.എം പ്രവര്‍ത്തകരായ 25 പേരായിരുന്നു പ്രതികള്‍. ഇതില്‍ അര്‍ഷാദ് എന്ന പ്രതി ഒളിവിലാണ്. ഇയാളെ ഒഴിവാക്കി ബാക്കി 24 പേരുടെ വിചാരണ തലശ്ശേരി ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി മുന്‍പാകെയാണ് നടന്നത്.
എല്ലാവരെയും ജീവപര്യന്തം തടവിനു ശിക്ഷിച്ചെങ്കിലും ഹൈക്കോടതി അഞ്ചു പ്രതികള്‍ ഒഴികെയുള്ളവരെ കുറ്റവിമുക്തരാക്കി. ഇന്നലെ കൊല്ലപ്പെട്ട രമിത്തിന്റെ മാതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ സ്വത്ത് സംബന്ധമായ കേസ് തലശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ വര്‍ഷം നടന്നിരുന്നു. ഇതില്‍ പ്രതിഭാഗത്തുണ്ടായിരുന്ന സി.പി.എം പ്രവര്‍ത്തകര്‍ അച്ഛനെപ്പോലെ രമിത്തിനെയും വകവരുത്തുമെന്നു പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു. രമിത്തിന്റെ വീട് ബി.ജെ.പി കേന്ദ്ര നേതാക്കളും കേന്ദ്ര മനുഷ്യാവകാശ കമ്മിഷനും അടുത്തിടെ സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."