ജില്ലയിലെ ആദ്യ സൗരോര്‍ജ നിലയം നിര്‍മാണം തുടങ്ങി ലക്ഷ്യം 0.996 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദനം
യു.ഡി.എഫ് സര്‍ക്കാരാണ് സൗരോര്‍ജ നിലയം സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചത്
തലക്കുളത്തൂര്‍: പഞ്ചായത്തിലെ എലിയോട് മലയോട് ചേര്‍ന്ന കരിയാട് മലയില്‍ വൈദ്യുതി ബോര്‍ഡിന്റെ 3.25 ഏക്കര്‍ സ്ഥലത്ത് ജില്ലയിലെ ആദ്യത്തെ സൗരോര്‍ജ നിലയം നിര്‍മാണപ്രവൃത്തി തുടങ്ങി. ഡീസല്‍ നിലയം ഉപേക്ഷിച്ച സ്ഥലത്ത് ഇനി മാലിന്യരഹിതമായ സോളാര്‍ വൈദ്യുതി നിലയം പ്രവര്‍ത്തനമാരംഭിക്കും. 1995ല്‍ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ഡീസല്‍ നിലയത്തിനായി തറക്കല്ലിട്ടത്. 21 വര്‍ഷമായി കാടുമൂടിക്കിടന്ന വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദിഷ്ട സ്ഥലത്ത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് സൗരോര്‍ജ നിലയം സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചത്. ഏകദേശം 4.68 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. പ്രവൃത്തി ഉദ്ഘാടനത്തിനായി അന്നത്തെ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നെങ്കിലും സോളാര്‍ വിവാദത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഉദ്ഘാടനശ്രമം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വൈദ്യുതി ബോര്‍ഡ് തന്നെ പ്രവൃത്തി തുടങ്ങുകയായിരുന്നു.
ഹൈദരാബാദിലെ തവസ്യ വെഞ്ചര്‍ പാര്‍ട്ണര്‍ പ്രൈവറ്റ് ലിമിറ്റഡാണ് കരാറുകാര്‍. 3.25 ഏക്കറില്‍ 1.25 ഏക്കര്‍ സ്ഥലത്താണ് ആദ്യഘട്ടത്തില്‍ പ്ലാന്റ് സ്ഥാപിക്കുക. പദ്ധതിയുടെ പുരോഗതി വിലയിരുത്തിയ ശേഷം ബാക്കിയുള്ള സ്ഥലങ്ങളിലും പാനല്‍ സ്ഥാപിക്കും. മൂന്നു തട്ടുകളിലായാണ് പാനല്‍ സ്ഥാപിക്കുന്നത്. ഇതിനു വേണ്ടിയുള്ള സ്ഥലവും കണ്‍ട്രോള്‍ ഓഫിസും ഒരുങ്ങിക്കഴിഞ്ഞു. കോഴിക്കോട് വൈദ്യുതിഭവന് കീഴിലെ ചേളന്നൂര്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന നിലയത്തില്‍ നിന്ന് പ്രതിവര്‍ഷം ശരാശരി 0.996 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യം. ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി നേരിട്ട് വൈദ്യുതി ലൈനില്‍ ലഭ്യമാക്കുകയും സമീപപ്രദേശങ്ങളില്‍ ഇതുവഴി വൈദ്യുതി വിതരണം ചെയ്യുമെന്നുമാണ് അധികൃതര്‍ നല്‍കുന്ന സൂചന. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കമ്മിഷന്‍ ചെയ്യാനായിരുന്നു ബോര്‍ഡിന്റെ തീരുമാനം. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ നീളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."