പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ കാംപയിന്‍ ഈയാഴ്ച മുതല്‍
ദോഹ: പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തെക്കുറിച്ചുള്ള രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ബോധവല്‍ക്കരണ കാംപയിന്‍ ഈയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് തൊഴില്‍സാമൂഹികകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയവും ഭരണ വികസനതൊഴില്‍സാമൂഹികകാര്യ മന്ത്രാലയവും സംയുക്തമായാണ് ബോധവല്‍ക്കരണ കാംപയിന്‍ നടത്തുന്നത്.
പുതിയ നിയമ വകുപ്പുകളും തൊഴിലാളികളുടെ രാജ്യത്തേക്കുള്ള പ്രവേശനവും താമസ നടപടികളും പുതിയ തൊഴില്‍ കരാര്‍ സംവിധാനം തുടങ്ങിയവയെക്കുറിച്ച് പ്രവാസികള്‍ക്കും തൊഴിലുടമകള്‍ക്കുമിടയില്‍ ബോധവല്‍ക്കരണം നടത്തുകയാണ് കാംപയിനിലൂടെ ലക്ഷ്യമാക്കുന്നത്.
രാജ്യത്തെ തൊഴില്‍ സംവിധാന പരിഷ്‌കരണത്തിന്റെ യഥാര്‍ഥ ചിത്രം വെളിവാക്കുന്നതാണീ കാംപയിനെന്ന് തൊഴില്‍സാമൂഹികകാര്യ മന്ത്രി ഡോ. ഈസ ബിന്‍ സഅദ് അല്‍ജഫാലി പറഞ്ഞു.
ബന്ധപ്പെട്ട എല്ലാ കക്ഷികളെയും സഹകരിപ്പിച്ചുകൊണ്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേതന സംരക്ഷണ നിബന്ധനക്കു പുറമെ തൊഴിലാളികള്‍ക്ക് ഉയര്‍ന്ന കാര്യക്ഷമതയോടു കൂടിയ താമസം ലഭ്യമാക്കുക, തൊഴില്‍ നിയമലംഘകര്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ സമഗ്ര പരിഷ്‌കരണമാണ് പുതിയ നിയമത്തിലൂടെ യാഥാര്‍ഥ്യമാകാന്‍ പോകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് അംഗങ്ങളെയും രാജ്യത്തെ വിദേശ എംബസികളിലെ തൊഴില്‍ വകുപ്പ് പ്രതിനിധികളെയും കമ്മ്യൂണിറ്റി നേതൃത്വത്തെയും കമ്പനി പ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ ശില്‍പശാലയും കാംപയിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."