ദുരിത കയത്തിലായവര്ക്ക് ഭക്ഷണമൊരുക്കി എസ്.കെ.എസ്.എസ്.എഫ്
ദേശമംഗലം: ഹര്‍ത്താല്‍ ദിനത്തില്‍ ഭക്ഷണവും, വെള്ളവും ലഭിക്കാതെ ദുരിതക്കയത്തിലായവര്ക്ക് ആശ്വാസ മേകി ഭക്ഷണ സമൃദ്ധിയുമായി എസ്.കെ.എസ്.എസ്.എഫ് ദേശമംഗലം യൂണിറ്റ് രംഗത്തെത്തിയപ്പോള്‍ അത് നൂറ് കണക്കിന് പേര്‍ക്ക് ആശ്വാസമായി. എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവര്‍ത്തകരാണ് ദേശമംഗലം, ചെറുതുരുത്തി, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ ഉച്ചഭക്ഷണവും ശുദ്ധമായ വെള്ളവും വിതരണം ചെയ്തത് കഴിഞ്ഞ കാലങ്ങളില്‍ ഹര്‍ത്താല്‍ ദിനങ്ങളില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം നേരിട്ട് കണ്ട് മനസിലാക്കിയ പ്രവര്‍ത്തകര്‍ ഇത്തവണ അതിന് പരിഹാരം കാണണമെന്ന് നേരത്തെ തന്നെ തീരുമാനമെടുക്കുകയായിരുന്നു. ബുധനാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ഭക്ഷണ വിതരണത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. നൂറ് കണക്കിന് ചെറിയ കണ്ടെയ്നറുകള്‍ വാങ്ങി മേഖലയിലെ ജാതിമതഭേദമന്യേയുള്ള വീടുകളില്‍ വിതരണം ചെയ്തു. വീട്ടില്‍ ഭക്ഷണം വെയ്ക്കുന്നതോടൊപ്പം ഒരു നേരത്തെ ഭക്ഷണം ഈ മഹനീയ പ്രവര്‍ത്തനത്തിന് നല്‍കണമെന്നായിരുന്നു ആവശ്യം. വന്‍ ജനകീയ പിന്തുണയാണ് സംരഭത്തിന് ലഭിച്ചത്. 350ഓളം ഭക്ഷണ കിറ്റുകള്‍ വിഖായ പ്രവര്‍ത്തകര്‍ക്ക് ജനം സമ്മാനിച്ചു. ഈ കിറ്റുകള്‍ വാഹനത്തിലാക്കിയായിരുന്നു വിതരണം തെരുവോരങ്ങളില്‍ കഴിയുന്നവര്‍ക്കും വിഖായ പ്രവര്‍ത്തകര്‍ ഭക്ഷണം നല്കി. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ് ചെറുതുരുത്തി നഗര ഹൃദയം എന്നിവിടങ്ങളില്‍ വിശന്നിരിയ്ക്കുന്നവര്ക്കെല്ലാം ഭക്ഷണം ലഭിച്ചപ്പോള്‍ വലിയ ചാരിതാര്‍ഥ്യത്തിലായിരുന്നു സന്നദ്ധ പ്രവര്‍ത്തകര്‍.
ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി കയൂം മാസ്റ്റര്‍ കടമ്പോട് പ്രവര്‍ത്തകരെ അനുമോദിച്ചു. ട്രെയിന്‍ യാത്രക്കിടെയാണ് കയൂം മാസ്റ്റര്‍ സ്റ്റേഷനിലെത്തിയത്. സേവന പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം നിര്‍വഹിച്ചു. ദേശമംഗലം മേഖലാ പ്രസിഡന്റ് കെ.വി ഇസ്മയില്‍ അധ്യക്ഷനായി. വിഖായ കോഡിനേറ്റര്‍ എം.എം അബ്ദുള്‍ സലാം, ഫള്ലുറഹ്മാന്, അമീര്‍, ഹമീദ്, കെ.കെ.ഹുസൈന്, കെ.എ ജാഫര്‍, സുഹൈബ്, തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."