ക്രമസമാധാനനില: ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി
തിരുവനന്തപുരം: സംസ്ഥാന ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറിയും പൊലിസ് മേധാവിയും രാജ്ഭവനിലെത്തി സംസ്ഥാനത്തെ ക്രമസമാധാനനിലയെപ്പറ്റി ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ ധരിപ്പിച്ചു.
കണ്ണൂര്‍ ജില്ലയില്‍ അടിക്കടിയുണ്ടാവുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ വിലപ്പെട്ട ജീവനുകള്‍ നഷ്ടമാകുന്നതിലും കുടുംബങ്ങള്‍ തകരുന്നതിലുമുള്ള ആശങ്ക ഗവര്‍ണര്‍ അറിയിച്ചതിനെത്തുടര്‍ന്നാണിത്.
രാഷ്ട്രീയഭേദമന്യെ, യഥാര്‍ഥകുറ്റവാളികളെ കണ്ടെത്തി അറസ്റ്റുചെയ്യാനുള്ള ഊര്‍ജിതശ്രമങ്ങള്‍ നടക്കുകയാണെന്ന് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയും സംസ്ഥാന പൊലിസ് മേധാവി ലോകനാഥ് ബെഹ്‌റയും ഗവര്‍ണറെ അറിയിച്ചു. കണ്ണൂരില്‍ വര്‍ധിച്ചു വരുന്ന സംഘര്‍ഷാവസ്ഥയെക്കുറിച്ച് ഗവര്‍ണര്‍ക്ക് ലഭിച്ച പരാതിയിന്മേല്‍ നടപടിയെടുത്തുവരികയാണെന്ന് മുഖ്യമന്ത്രി സെപ്റ്റംബര്‍ 26 ന് ഗവര്‍ണറെ അറിയിച്ചിരുന്നു.
രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും രമ്യവും അക്രമരഹിതവുമായി പരിഹരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രാദേശിക ഘടകങ്ങളെയും പ്രവര്‍ത്തകരെയും പ്രമുഖ രാഷ്ട്രീയകക്ഷിനേതാക്കള്‍ ബോധ്യപ്പെടുത്തണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. സംഘര്‍ഷം നടക്കുന്ന സ്ഥലങ്ങളില്‍ ക്രമസമാധാനം ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ എല്ലാ രാഷ്ട്രീയകക്ഷികളും മുന്നോട്ടുവരുമെന്ന് ഗവര്‍ണര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."