ജനകീയ കൃഷി ഓഫിസര്‍ കെ മമ്മൂട്ടിക്ക് വീണ്ടും ആദരം
വെള്ളമുണ്ട: കൃഷിയെയും കര്‍ഷകരെയും സ്‌നേഹിച്ചും പ്രോത്സാഹിപ്പിച്ചും തന്റെ ഔദ്യോഗിക ജീവിതം തുടരുന്ന വെള്ളമുണ്ട കൃഷി ഓഫിസര്‍ കെ മമ്മൂട്ടിയെ തേടി വീണ്ടും ആദരം. 2015-16 വര്‍ഷത്തെ പച്ചക്കറി വികസന പദ്ധതിയുടെ നടത്തിപ്പില്‍ സംസ്ഥാനത്ത് രണ്ടാമത്തെ മികച്ച കൃഷി ഓഫിസറായി ഇദ്ദേഹത്തെ തിരഞ്ഞെടുത്തായാണ് കഴിഞ്ഞ ദിവസം കൃഷി മന്ത്രി പ്രഖ്യാപിച്ചത്.
സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ നല്‍കിയ പുരസ്‌കാരങ്ങള്‍ക്ക് പുറമെ കഴിഞ്ഞ മൂന്ന് വര്‍ഷമായി സര്‍ക്കാരിന്റെ അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2013-14 വര്‍ഷത്തില്‍ ജില്ലയിലെ മികച്ച കൃഷിവികസന ഉദ്യോഗസ്ഥനായും 2014-15ല്‍ ജില്ലയിലെ മികച്ച പച്ചക്കറി വികസന പദ്ധതി നടത്തിപ്പുദ്യോഗസ്ഥനായും മമ്മൂട്ടിയെ കൃഷി വകുപ്പ് തിരഞ്ഞെടുത്തിരുന്നു.
പഞ്ചായത്തില്‍ വിവിധ സ്‌കീമുകള്‍ പ്രകാരം 47,53,083 രൂപയുടെ പച്ചക്കറി കൃഷി വ്യാപന പദ്ധതികളാണ് ഈ കാലയളവില്‍ നടപ്പിലാക്കിയത്. 12,470 ഗുണഭോക്താക്കള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭ്യമായത്.
ഇതില്‍ 1804 പട്ടികവര്‍ഗ വിഭാഗവും 6801 വനിതകളും ഉള്‍പ്പെടുന്നു. പുഞ്ചകൃഷിയിറക്കാത്ത നെല്‍വയലുകളില്‍ വ്യാപകമായി പയര്‍ കൃഷിക്ക് പ്രോത്സാഹനം നല്‍കിയതും കര്‍ഷകരുടെ പച്ചക്കറി ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനായി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതും കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇരുപതോളം മഴക്കൂടുകളാണ് പഞ്ചായത്തില്‍ പച്ചക്കറി കര്‍ഷകര്‍ക്കായി കൃഷിഭവന്‍ മുഖേന നല്‍കിയത്.
1.90,000 രൂപയുടെ പച്ചക്കറി വിത്തുകള്‍ സ്‌കൂള്‍ വിദ്യാര്‍ഥികളിലൂടെയും 10,000രൂപയുടെ വിത്തുകള്‍ സന്നദ്ധ സംഘടനകള്‍ മുഖേനയും അടുക്കളത്തോട്ട നിര്‍മാണത്തിനായി വിതരണം ചെയ്തിരുന്നു. പോളിഹൗസുകള്‍, നെറ്റ്ഹൗസുകള്‍, മൈക്രോ ഇറിഗേഷന്‍ പദ്ധതികള്‍, ക്ലസ്റ്ററുകള്‍ക്കുള്ള പ്രോത്സാഹനങ്ങള്‍, യന്ത്രവല്‍ക്കരണം, സ്‌കൂളുകളിലെ പച്ചക്കറിത്തോട്ട വിപുലീകരണം തുടങ്ങി നിരവധി മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞകാലഘട്ടങ്ങളില്‍ വെള്ളമുണ്ടയില്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയത്.
സര്‍ക്കാരിന്റെ വിവിധ പച്ചക്കറി പ്രേത്സാഹന ഫണ്ടുകള്‍ക്ക് പുറമെ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെയും ഫണ്ടുകളും പൂര്‍ണമായും കര്‍ഷകര്‍ക്ക് പ്രയോജനകരമാവും വിധം വിനിയോഗിച്ചതുമാണ് ജനകൂയ കൃഷിഓഫിസറെ അംഗീകാരത്തിന് അര്‍ഹനാക്കിയത്.
വാരാമ്പറ്റ സ്വദേശിയായ മമ്മൂട്ടി 2004 മുതല്‍ തുടര്‍ച്ചയായി എട്ട് വര്‍ഷവും 2011 മുതല്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷവുമായി വെള്ളമുണ്ടയിലാണ് ജോലി ചെയ്തു വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."