ബസുകള്‍ സ്റ്റോപ്പുകളില്‍ നിര്‍ത്തുന്നില്ല: വിദ്യാര്‍ഥികള്‍ ദുരിതത്തില്‍
കൂറ്റനാട്: സംസ്ഥാന പാതയില്‍ കൂറ്റനാട് വഴി ചാലിശ്ശേരി ഗുരുവായൂര്‍ തൃശ്ശൂര്‍ എന്നിവിടങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ അനുവദിച്ച സ്റ്റോപ്പുകളില്‍ നിര്‍ത്തി ആളെ കയറ്റാത്തതിന് വ്യാപക പരാതി. ചാലിശ്ശേരിക്കും കൂറ്റനാടിനും ഇടയ്ക്കുള്ള സ്റ്റോപ്പുകളില്‍ രാവിലെ ബസുകള്‍ നിര്‍ത്താന്‍ മടിക്കുന്നതാണ് യാത്ര ദുരിതത്തിന് കാരണമായിരിക്കുന്നത്.
കൂറ്റനാട് ഭാഗത്തുനിന്ന് കുന്നംകുളം, തൃശ്ശൂര്‍, ഗുരുവായൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ബസുകാരുടെ നടപടിയില്‍ കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. കൂറ്റനാട് ടൗണില്‍ നിന്ന് ആളെയെടുത്ത് ഗുരുവായൂര്‍ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ അപൂര്‍വമായി മാത്രമെ ഇടസ്റ്റോപ്പുകളില്‍ നിര്‍ത്താനുള്ളു. ടൗണില്‍ നിന്ന് എടുത്താല്‍ നിര്‍ത്തുന്നത് ചാലിശ്ശേരി ടൗണിലാണ്.
കൂറ്റനാട് അങ്ങാടിയില്‍പ്പോലും ബസില്‍ കയറണമെങ്കില്‍ വാഹനത്തിലെ ജീവനക്കാരുടെ കനിവിനായി കാത്തു നില്‍ക്കണം. കുറ്റനാട് ടൗണില്‍ വാഹനങ്ങളെ നിയന്ത്രിക്കാനും വിദ്യാര്‍ഥികളെ സഹായിക്കാനുമായി പൊലിസ് സംവിധാനം ഇടയ്ക്ക് ഇല്ലാത്തത് വലിയ പ്രശ്‌നമാണ്.
ടൗണില്‍ ഗതാഗത നിയന്ത്രണത്തിനായി സംവിധാനങ്ങള്‍ നിലവിലില്ലാത്തത് വാഹനങ്ങള്‍ തോന്നിയപോലെ നിര്‍ത്തുന്നതിന് കാരണമായിട്ടുണ്ട്. ടൗണിലെ ഗതാഗത നിയന്ത്രണത്തിനായി കൂറ്റനാട് അങ്ങാടിയില്‍ സ്ഥിരം പൊലിസ് സംവിധാനവും അനുവദിച്ച് സ്റ്റോപ്പുകളില്‍ നിര്‍ത്താത്ത ബസുകള്‍ക്കെതിരേ നടപടിയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."