കൊല്ലപ്പെട്ടവരുടെ വീടുകള്‍ ബിഷപ്പുമാര്‍ സന്ദര്‍ശിച്ചു
കണ്ണൂര്‍: കൊല്ലപ്പെട്ട സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ ആര്‍ച്ച് ബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം, കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല, കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ എന്നിവര്‍ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ട സി.പി.എം പടുവിലായി ലോക്കല്‍ കമ്മിറ്റിയംഗം കെ മോഹനന്റെ പാതിരിയാട് വാളാങ്കിച്ചാലിലെ വീട്ടിലും ബി.ജെ.പി പ്രവര്‍ത്തകന്‍ പിണറായിയിലെ കൊല്ലനാണ്ടി രമിത്തിന്റെ ചാവശേരി ആവട്ടിയിലെ തറവാട് വീട്ടിലുമാണ് ബിഷപ്പുമാര്‍ എത്തിയത്. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ആശ്വസിപ്പിക്കുകയും അന്ത്യവിശ്രമസ്ഥലങ്ങളില്‍ ആദരാഞ്ജലിയര്‍പ്പിച്ച് പ്രാര്‍ഥിക്കുകയും ചെയ്തു. രാഷ്ട്രീയാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ തലശേരി, കണ്ണൂര്‍, കോട്ടയം രൂപതകളിലെ ബിഷപ്പുമാര്‍ സംയുക്തമായി സന്ദര്‍ശനം നടത്തുന്നത് ആദ്യമായിട്ടായിരുന്നു. 11 മണിയോടെ കെ മോഹനന്റെ വീട്ടിലെത്തിയ സംഘം ഭാര്യ ചിത്രയെയും മക്കളായ മിഥുനെയും സ്‌നേഹയെയും മറ്റുബന്ധുക്കളെയും ആശ്വസിപ്പിച്ചു. ഉച്ചയ്ക്ക് 12.30 ഓടെയാണ് കൊലപാതക രാഷ്ട്രീയം അച്ഛനെയും മകനെയും നഷ്ടമാക്കിയ ചാവശേരി ആവട്ടിയില്‍ ബിഷപ്പുമാര്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."