വിശ്വസ്തര്‍ കൈവിട്ടു; ഒടുവില്‍ രാജി
കണ്ണൂര്‍: എന്നും വിവാദങ്ങളോടൊപ്പം വളര്‍ന്ന നേതാവാണു ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവച്ച ഇ.പി ജയരാജന്‍. സി.പി.എമ്മില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്നതിനിടെ അരഡസനിലധികം വിവാദങ്ങളില്‍ അകപ്പെട്ടെങ്കിലും അക്കാലത്ത് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനായിരുന്നു രക്ഷകന്‍. പാര്‍ട്ടിയില്‍ വി.എസിനെതിരേയുള്ള പോരാട്ടത്തില്‍ എന്നും ഒപ്പം നിന്നതിന്റെ പ്രത്യുപകാരമായി തന്റെ മന്ത്രിസഭയില്‍ ഏറ്റവും വലിയ വകുപ്പ് തന്നെ പിണറായി നല്‍കിയെങ്കിലും അദ്ദേഹത്തിന്റെ എതിര്‍പ്പില്‍ തട്ടിയാണ് ഒടുവില്‍ ജയരാജന്റെ പടിയിറക്കം. എല്ലാകാലവും താങ്ങായിരുന്ന പിണറായിയുടെ പിന്‍തുണ കൂടി നഷ്ടപ്പെട്ടതോടെ സത്യപ്രതിജ്ഞയുടെ 142ാം ദിവസം രാജിയല്ലാതെ വഴിയില്ലെന്നായി.
ഭാര്യാ സഹോദരിയായ പി.കെ ശ്രീമതി എം.പിയുടെ മകന്‍ പി.കെ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് എം.ഡിയായി നിയമിച്ചതാണു വിവാദത്തില്‍പ്പെട്ടതും വ്യവസായ, കായിക വകുപ്പുകളുടെ മന്ത്രി സ്ഥാനത്തു നിന്ന് ഇ.പിയുടെ രാജിയിലേക്കു നയിച്ചതും. വിവാദത്തിന്റെ തുടക്കത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു തന്റെ ബന്ധുക്കള്‍ പലസ്ഥലത്തുമുണ്ടാകുമെന്നു ജയരാജന്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ സഹോദരന്‍ ഭാര്‍ഗവന്റെ മരുമകള്‍ ദീപ്തി നിഷാദിനെ കേരള ക്ലേ ആന്‍ഡ് സിറാമിക്‌സില്‍ ജനറല്‍ മാനേജരാക്കിയതും പുറത്തുവന്നതോടെ ബന്ധുനിയമന വിവാദം പ്രതിപക്ഷത്തോടൊപ്പം സ്വന്തം പാര്‍ട്ടിയിലുള്ളവും ഏറ്റെടുത്തു. തട്ടകമായ കണ്ണൂരില്‍ നിന്നു തന്നെയാണു ജയരാജനു കൂടുതല്‍ എതിര്‍പ്പ് നേരിടേണ്ടി വന്നത്.
ഒന്‍പതിനു കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു സുധീറിന്റെ നിയമനം പരിശോധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതിന് ഒരുമണിക്കൂറിനുശേഷം അദ്ദേഹത്തെ ഒഴിവാക്കി ഉത്തരവിറങ്ങി. വിവാദത്തില്‍ ഒരുഘട്ടത്തിലും ഇ.പി ജയരാജനെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. മുഖ്യമന്ത്രിയും കൈവിട്ടതോടെ ജയരാജന്റെ രാജി ഒഴിവാക്കാനാവില്ലെന്നു രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തി. സി.പി.എം കേന്ദ്രകമ്മിറ്റിയംഗമായ ജയരാജന്‍ മട്ടന്നൂരില്‍ നിന്നു വന്‍ ഭൂരിപക്ഷത്തിലാണ് 2001ലും ഇക്കുറിയും നിയമസഭയിലെത്തിയത്.
1991ല്‍ കണ്ണൂര്‍ അഴീക്കോട് നിന്ന് നിയമസഭയില്‍ എത്തിയ ഇ.പി ജയരാജന്‍ എം.എല്‍.എയായിരിക്കെ തന്നെ 1995 മുതല്‍ 2002 വരെ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. പിന്നീടു സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായതോടെ പാര്‍ട്ടിയിലെ വളര്‍ച്ചയ്ക്കും വേഗതയേറി. വന്‍ വ്യവസായികളുമായി നല്ല സൗഹൃദ ബന്ധമായിരുന്നു ജയരാജന്. കണ്ണൂരില്‍ നടന്ന മകന്റെ വിവാഹച്ചടങ്ങിനു തൃശൂരുകാരായ വസ്ത്ര വ്യവസായി ഹെലികോപ്ടറില്‍ എത്തിയിരുന്നു. 1995ല്‍ ഛണ്ഡീഗഡില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് മടങ്ങവെ ആന്ധ്രയില്‍ വച്ച് വാടക ഗുണ്ടകളുടെ വെടിയേറ്റ് ഏറെകാലം ഇ.പി ജയരാജന്‍ ചികിത്സയിലായിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ നാലുതവണ ബോംബാക്രണവും നേരിടേണ്ടി വന്നു. ഡി.വൈ.എഫ.്‌ഐയു ദേശീയ പ്രസിഡന്റ്, കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."