സോളാര്‍: പൊലിസിനു മുന്നില്‍ ഹാജരാകാന്‍ സരിത തയാറായില്ലെന്ന് ഡിവൈ.എസ്.പി
കൊച്ചി: സോളാര്‍ ഇടപാടിലെ പരാതിയെക്കുറിച്ച് അന്വേഷിക്കാനായി ഹാജരാകണമെന്നാവശ്യപ്പെട്ടപ്പോള് പൊലിസിനു മുന്നില്‍ ഹാജരാകേണ്ടതില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞതായി സരിത എസ്. നായര്‍ മറുപടി നല്‍കിയതായി ഡിവൈ.എസ്.പി എ.സി ജോസഫ് മൊഴിനല്‍കി.
സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന് കമ്മിഷന് മുന്‍പാകെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി സജാദ് അന്നത്തെ എസ്.പി സതീഷ് ബിനോവിന് നല്കിയ പരാതിയനുസരിച്ച് എസ്.പിയാണ് അന്ന് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പിയായിരുന്ന തനിക്ക് അന്വേഷണച്ചുമതല നല്‍കിയതെന്നും എ.സി ജോസഫ് വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി ആര്.ബി നായര്‍ എന്ന ബിജു രാധാകൃഷ്ണനെ ഫോണില്‍ വിളിച്ചുവെങ്കിലും കിട്ടിയില്ല. മൂന്നുതവണ ലക്ഷ്മി നായര്‍ എന്ന സരിത എസ്. നായരെ ഫോണില്‍ വിളിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാനാകില്ലെന്ന് അവര്‍ അറിയിച്ചു. രണ്ടാംതവണ വിളിച്ചപ്പോള്‍ എ.ജി പറഞ്ഞിട്ടുള്ളത് ഹാജരാകേണ്ടതില്ലെന്നാണെന്ന് അവര്‍ പറഞ്ഞു. മൂന്നാംതവണ വിളിച്ചപ്പോള്‍ വരാനാകില്ലെന്ന് തീര്‍ത്തുപറഞ്ഞ അവര്‍, വേണമെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് വിളിച്ചു പറയിക്കാമെന്നും പറഞ്ഞു.
ഇക്കാര്യങ്ങളൊന്നും തന്നെ അന്വേഷണച്ചുമതയേല്പ്പിച്ച എസ്.പിയെ ധരിപ്പിച്ചില്ലെന്ന് എ.സി ജോസഫ് ആള് ഇന്ത്യാ ലോയേഴ്സ് യൂനിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ബി. രാജേന്ദ്രന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എസ്.പിയെ ഇതൊന്നും അറിയിക്കണമെന്ന് തോന്നിയില്ല. സരിത പറഞ്ഞ കാര്യം സ്ഥിരീകരിക്കാനായി എ.ജിയെയോ മുഖ്യമന്ത്രിയുടെ ഓഫിസിലോ വിളിച്ചില്ല. ഈ സംഭവങ്ങളൊന്നും അന്വേഷണറിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."