കാക്കനാട് ഗവ. ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമില്‍ സുരക്ഷാവീഴ്ച
കാക്കനാട്: ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഗവ.ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമിലും കുട്ടിക്കുറ്റവാളികളെ പാര്‍പ്പിക്കുന്ന ജുവനൈല്‍ ഒബ്സര്‍വേഷന്‍ ഹോമിലും ഗുരുതര സുരക്ഷാവീഴ്ചയെന്ന് ആരോപണം. കഴിഞ്ഞദിവസം നാല് പെണ്‍കുട്ടികളടക്കം ഏഴുപേര്‍ ഇവിടെനിന്ന് രക്ഷപ്പെട്ടിരുന്നു. കൂടാതെ വിവിധ ആവശ്യങ്ങളുന്നയിച്ച് ചില്‍ഡ്രന്‍സ് ഹോമിലെ 20 പെണ്‍കുട്ടികള്‍ ടെറസിന് മുകളില്‍ കയറി കഴിഞ്ഞദിവസം ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.
തുടര്‍ന്ന് എം.എല്‍.എ അടക്കമുള്ളവരെത്തിയാണ് പെണ്‍കുട്ടികളെ അനുനയിപ്പിച്ച് താഴെയിറക്കിയത്.
ഇതിനേത്തുടര്‍ന്ന് ഒരേ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമും ഒബ്സര്‍വേഷന്‍ ഹോമും വ്യത്യസ്തയിടങ്ങളില്‍ സ്ഥാപിക്കുകയോ മതില്‍കെട്ടി വേര്‍തിരിക്കുകയോ ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പെണ്‍കുട്ടികളുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിച്ചവരെല്ലാം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
കൂടാതെ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. നിലവിലുള്ള ജീവനക്കാര്‍ സമയകൃത്യത പാലിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമായുണ്ട്. 88 കുട്ടികളാണ് നിലവില്‍ കാക്കനാട് ഗവ. ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമിലുള്ളത്. ഇതില്‍ 56 പേര് പഠന ആവശ്യവുമായി ബന്ധപ്പെട്ട് വിവിധ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നതിനാല്‍ നിലവില്‍ 32 കുട്ടികളാണ് ഇവിടെ താമസിക്കുന്നത്. ഇതില്‍ 20 കുട്ടികളാണ് കഴിഞ്ഞദിവസം ടെറസിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
13 ഓളം ജീവനക്കാരെ നിയമിക്കേണ്ടിടത്ത് ഒരു സൂപ്രണ്ടും മൂന്ന് കെയര്‍ടേക്കറും രണ്ട് താല്‍ക്കാലിക ജീവനക്കാരും ഒരു വാര്‍ഡനും അടക്കം ഏഴുപേര്‍ മാത്രമാണ് നിലവിലുള്ളത്. നിരവധി കേസില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത അഞ്ചോളം ആണ്‍കുട്ടികളാണ് ജുവനൈല്‍ ഒബ്സര്‍വേഷന്‍ ഹോമിലുള്ളത്. ഇവിടെയും ആവശ്യത്തിന് ജീവനക്കാരില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."