ചുവപ്പുനാടയില്‍ കുടുങ്ങിയ പരാതികള്‍ക്ക് പരിഹാരം
കോട്ടയം : സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്ന് ചുവപ്പുനാടയില്‍ കുടുങ്ങിയ മൂന്നു പരാതികള്‍ക്ക് പരിഹാരമായി. കാളപ്പൂട്ടു തൊഴിലാളിയായിരുന്ന തൊമ്മന്‍വര്‍ക്കി (90) വാര്‍ധക്യകാല പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
2013 ഒക്‌ടോബറില്‍ തൊമ്മന്‍വര്‍ക്കിയും ഭാര്യയും വാര്‍ധക്യകാലപെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അതിരമ്പുഴ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയെങ്കിലും പെന്‍ഷന്‍ അനുവദിച്ചില്ല. കമ്മീഷന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തൊമ്മന്‍ വര്‍ക്കിക്കും ഭാര്യ റോസമ്മ വര്‍ക്കിക്കും വാര്‍ധക്യകാല പെന്‍ഷന്‍ അനുവദിച്ചതായി പഞ്ചായത്ത് സെക്രട്ടറി കമ്മിഷനെ അറിയിച്ചു.
എറണാകുളം അസിസ്റ്റന്റ് ലേബര്‍ ഓഫീസിലെ ജീവനക്കാരിയായിരുന്ന നര്‍മ്മദ പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മേലധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. സ്പാര്‍ക്ക് സംവിധാനത്തിന്റെ തകരാര്‍ കാരണമാണ് പെന്‍ഷന്‍ വൈകിയതെന്ന് ഓഫീസ് അധികൃതര്‍ വിശദീകരിച്ചു. കമ്മീഷന്‍ ഇടപെട്ടതിനെ തുടര്‍ന്ന് നര്‍മ്മദക്ക് പെന്‍ഷന്‍ അനുവദിച്ചു.
കോട്ടയം ഇലയ്ക്കാട് സ്വദേശി നാരായണന്‍നായര്‍ തന്റെ മകനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയും മോന്‍സ് ജോസഫ് എം.എല്‍.എയും 25,000 രൂപ വീതം അനുവദിച്ചതായും അറിയിച്ചു. എന്നാല്‍ തുക ലഭിച്ചില്ല. കമ്മീഷന്‍ കോട്ടയം ജില്ലാ കലക്ടറില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച 25,000 രൂപ പരാതിക്കാരന് നല്‍കിയതായി കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."