വിദ്യാര്‍ഥികളടക്കം മൂന്നുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
കോവളം: തിരുവല്ലം തിയേറ്റര്‍ റോഡില്‍ വേട്ടക്കല്ലിനു സമീപം സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം മൂന്നുപേരെ തെരുവ് നായ്ക്കള്‍ കടിച്ച് പരുക്കേല്‍പ്പിച്ചു.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ട്യൂഷന്‍ ക്ലാസില്‍ നിന്ന് മടങ്ങുകയായിരുന്ന കീഴേ പേറകുഴി വീട്ടില്‍ ബൈജു കുമാറിന്റെ മകന്‍ ബി.എന്‍.വി സ്‌കുളിലെ 7ാം ക്ലാസ് വിദ്യാര്‍ഥി അനന്ദു, കൂടെയുണ്ടായിരുന്ന അമ്മ രഞ്ജുഷ എന്നിവര്‍ക്കും പ്ലാങ്ങല്‍ ചെക്കാലവീട്ടില്‍ ഗോപകുമാറിന്റെയും സതീകുമാരിയുടേയും മകന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി രാഹുല്‍ എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. അനന്ദുവിന്റെ രണ്ട് കാലിലുമായി 5 മുറിവുകളുണ്ട്. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
തിരുവല്ലത്തെ തീയേറ്റര്‍ റോഡ് തെരുവ് നായ്ക്കളുടെ പിടിയിലായിട്ട് മാസങ്ങളായിട്ടും പരിഹാരം കാണാന്‍ നഗരസഭയിലെ ബന്ധപ്പെട്ട അധികൃതര്‍ ഇതുവരെ തയാറായില്ലെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സ്‌കൂള്‍ കുട്ടികളടക്കം നിരവധിയാളുകള്‍ സഞ്ചരിക്കുന്ന റോഡില്‍ അലഞ്ഞ് തിരിയുന്ന
നായ്ക്കളുടെ എണ്ണം വര്‍ധിച്ച് കാല്‍ നടയാത്രക്കാരെയടക്കം ആക്രമിക്കുന്നത് പതിവായത് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്.
രാത്രിയില്‍ കൂട്ടത്തോടെ റോഡിലേക്ക് ഇറങ്ങുന്ന തെരുവ് നായ്ക്കള്‍ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ പിറകെ ഒടുന്നതും നിത്യസംഭവമായി മാറിയിരിക്കുന്നു. പലപ്പോഴും തലനാരി ഇഴയ്ക്കാണ് യാത്രക്കാര്‍ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നത്. കാറുകളില്‍ പോകുന്നവരെയും നായ്ക്കള്‍ വെറുതേ വിടില്ല.
നഗരസഭ നിരവധി പദ്ധതികള്‍ തെരുവ് നായ്ക്കളെ പിടികൂടുന്നതിന് വേണ്ടി ആവിഷ്‌കരിക്കുന്നുണ്ടന്ന് പ്രഖ്യാപിക്കുമ്പോഴും അലഞ്ഞു തിരിയുന്ന നായ്ക്കളുടെ എണ്ണം ദിനംപ്രതി കൂടുന്നതല്ലാതെ കുറയുന്നില്ലന്ന ആക്ഷേപവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."