'പക്വതയെ' ചൊല്ലി സുധാകരന്‍- ചെന്നിത്തല പോര്
ആലപ്പുഴ: പ്രതിപക്ഷ നേതാവിന് പക്വതയില്ലെന്നും ഉമ്മന്‍ചാണ്ടിയെ കണ്ട് പഠിക്കണമെന്നും മന്ത്രി ജി സുധാകരന്‍. തനിക്കെതിരെയുള്ള തെരഞ്ഞെടുപ്പ് കേസ് ചെന്നിത്തല കെട്ടിച്ചമച്ചതാണെന്നും സുധാകരന്‍ പറഞ്ഞു.
ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് ചെന്നിത്തല പൊലിസില്‍ സമ്മര്‍ദ്ദം ചെലുത്തി. തനിക്കെതിരെയുള്ള കേസിന് വേണ്ടി ചെന്നിത്തല ബന്ധുവായ കലക്ടറെ ജില്ലയില്‍ നിയോഗിച്ചെന്നും സുധാകരന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും കുടുംബവും വോട്ടുചെയ്യുമ്പോള്‍ പറവൂര്‍ ഗവ. സ്‌കൂള്‍ ബൂത്തില്‍ എത്തിയ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജി. സുധാകരന്‍ എത്തിനോക്കിയെന്നാണു യു.ഡി.എഫിന്റെ പരാതി. ഇതു സംബന്ധിച്ച ദൃശ്യങ്ങളും കൈമാറിയിരുന്നു.
കേരളത്തിന്റെ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഇ.കെ മാജി പാര്‍ശ്വവര്‍ത്തികളുടെ നിര്‍ദേശത്തിനു വഴങ്ങി കേസ് എടുപ്പിച്ചുവെന്ന് സുധാകരന്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കിയിരുന്നു. വി.എസ് വോട്ടുചെയ്യുമ്പോഴുണ്ടായ തടസ്സം എന്താണെന്ന് അന്വേഷിക്കുക മാത്രമാണു താന്‍ ചെയതത്. പ്രിസൈഡിങ് ഓഫിസറുടെ റിപ്പോര്‍ട്ട് പോലും സ്വീകരിക്കാതെ നേരിട്ടു പൊലിസിനെ വിളിച്ചു കേസെടുപ്പിച്ച രീതി ജനാധിപത്യ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ജി സുധാകരന്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
അതേസമയം, തനിക്ക് പക്വതയില്ലെന്നു പറഞ്ഞ സുധാകരനു മറുപടിയുമായി ചെന്നിത്തല രംഗത്തെത്തി. താന്‍ കേരളത്തില്‍ കുറേ കാലമായി പക്വതയുള്ള ഒരാളെ തെരഞ്ഞ് നടക്കുകയായിരുന്നെന്നും ഇപ്പോഴാണ് ആളെ കണ്ടെത്താന്‍ കഴിഞ്ഞതെന്നും ചെന്നിത്തല സുധാകരനെ പരഹസിച്ചു. ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഒരിക്കിലും സുധാകന് മറുപടി പറയാറില്ല. അതിന്റെ കാരണം എല്ലാവര്‍ക്കും അറിയാം.
വി.എസ് വോട്ട് ചെയ്യുന്നത് സുധാകരന്‍ എത്തി നോക്കിയ സംഭവത്തില്‍ കേസെടുത്തത് തന്റെ അറിവോടെയല്ല. ഒരാള്‍ക്ക് എതിരേയും അനാവശ്യമായി കേസെടുക്കാന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ശ്രമിച്ചിട്ടില്ല. ഈ കേസാണ് സുധാകരന് തന്നോടുള്ള ശത്രുതക്ക് പ്രധാന കാരണം. ഹരിപ്പാട് മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും സത്യാവസ്ഥ ജനങ്ങള്‍അറിയണമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."