നിയമത്തിന് വിവേകമില്ലെങ്കില്‍
നിത്യവും തോട്ടം നനയ്ക്കണമെന്നു പറഞ്ഞാണ് മുതലാളി അദ്ദേഹത്തെ കൂലിക്കു നിര്‍ത്തിയത്. ഏല്‍പ്പിച്ച ജോലി ഭംഗിയായി അദ്ദേഹം നിര്‍വഹിച്ചുപോന്നു. ഒരിക്കല്‍പോലും ലീവെടുത്തില്ല. ഒരു ദിവസം ശക്തമായ മഴ. വേനല്‍മഴ. മഴയുണ്ടെങ്കില്‍ തോട്ടം നനയ്‌ക്കേണ്ടല്ലോ.. അന്നു അദ്ദേഹം ജോലിക്കു വന്നില്ല. വിവരമറിഞ്ഞ മുതലാളി അയാളെ പിരിച്ചുവിട്ടു. പാവം തൊഴിലാളി. വാടിയ മുഖത്തോടെ ചോദിച്ചു:
''ഏമാനേ, എന്തിനാണ് എന്നെ പിരിച്ചുവിട്ടത്..?''
''ജോലിയെടുക്കാന്‍ തയാറില്ലാത്തവനെ കൂലിക്കു നിര്‍ത്താന്‍ മനസില്ലാഞ്ഞിട്ടുതന്നെ..'' അരിശം വിടാതെ മുതലാളി പറഞ്ഞു.
''ഞാനെന്താ ജോലിയെടുക്കാന്‍ തയാറല്ലേ..''
''അല്ല, തയാറാണെങ്കില്‍ ഇന്നലെ നീ ലീവെടുക്കുമായിരുന്നോ..''
''ഇന്നലെ മഴയായിരുന്നില്ലേ തോട്ടം നനയ്ക്കാതിരുന്നത്..''
''മഴയുണ്ടോ ഇല്ലെയോ എന്നുനോക്കാന്‍ ഞാനേല്‍പ്പിച്ചിട്ടില്ലല്ലോ. നിത്യവും തോട്ടം നനയ്ക്കാനല്ലേ ഏല്‍പ്പിച്ചത്..''
പാവം തൊഴിലാളി കൂടുതല്‍ സംസാരത്തിനു നില്‍ക്കാതെ തിരിച്ചുപോരുമ്പോള്‍ ഇത്രമാത്രം പറഞ്ഞു:
''നിയമത്തിനു വിവേകമില്ലെങ്കില്‍ വിവേകശാലികള്‍ നിയമലംഘകരാവും.''
നിയമത്തിന്റെ യുക്തി നിയമം തന്നെയാണെന്നു പറഞ്ഞിട്ടുണ്ട് ചിന്തകനായ വോള്‍ട്ടര്‍ സ്‌കോട്ട്. പക്ഷേ, യുക്തിയില്ലാത്ത നിയമങ്ങളെ എങ്ങനെയാണ് നിയമങ്ങളായി പരിഗണിക്കാന്‍ കഴിയുക.? അരക്ഷിതാവസ്ഥ സൃഷ്ടിക്കാനല്ല, സുരക്ഷിതാവസ്ഥ സൃഷ്ടിക്കാനായിരിക്കണമല്ലോ നിയമങ്ങള്‍.
ദിവസേനയെന്നോണം നിയമങ്ങള്‍ ഉണ്ടാകുന്ന ഇക്കാലത്ത് എല്ലാ നിയമങ്ങളും യുക്ത്യാധിഷ്ഠിതമാണോ എന്നതില്‍ തീര്‍ച്ചയായും സംശയങ്ങളുണ്ട്. ചില നിയമങ്ങള്‍ നിയമലംഘകരെ സൃഷ്ടിക്കാന്‍ വേണ്ടി മനഃപൂര്‍വം ഉണ്ടാക്കിയെടുക്കുന്നതാണോ എന്നുപോലും തോന്നിപ്പോകുന്നു. നിയമലംഘകരെ സൃഷ്ടിക്കുക വഴി അവരില്‍നിന്ന് മുതലെടുപ്പുകള്‍ നടത്താന്‍ എളുപ്പമാണല്ലോ. 'മുതലെ'(പണം)ടുപ്പുകള്‍ക്കും പീഡനങ്ങള്‍ക്കും വിശുദ്ധിയുടെ മുഖം ചാര്‍ത്താന്‍ ഏറ്റവും പ്രായോഗികമായ മാര്‍ഗം നിയമായുധ പ്രയോഗമാണ്. നിരപരാധിയെ അപരാധിയാക്കാനും അപരാധിയെ നിരപരാധിയാക്കാനുമുള്ള അതിന്റെ കഴിവ് അതിവിചിത്രം തന്നെ.
യാതൊരു നിയന്ത്രണവുമില്ലാതെ നിയമനിര്‍മാണങ്ങള്‍ നടത്തുന്നത് നിയമലംഘകരായ ഒരു സമൂഹത്തിന്റെ ജന്മത്തിനായിരിക്കും വഴിയൊരുക്കുക. കുറേ നിയമങ്ങള്‍ ഉണ്ടാക്കുന്നതുകൊണ്ടു മാത്രം സമൂഹത്തില്‍ ശാന്തിയും സമാധാനവും പുലരുമെന്ന വിശ്വാസം മൗഢ്യമാണ്. നിയമങ്ങളല്ല, വിവേകമാണ് സമൂഹത്തെ ഭരിക്കേണ്ടത്. നിയമത്തിനു ഒരാളെ നന്നാക്കാനാവില്ല. നിയമത്തിന്റെ അടിമ നിയമമില്ലാത്തിടത്തെത്തിയാല്‍ അതിന്റെ ലംഘകനാകും. പൊതുസ്ഥലങ്ങളില്‍ പുകവലി പാടില്ല എന്നതാണു നിയമമെങ്കില്‍ അതനുസരിക്കുന്ന വ്യക്തി വീട്ടിലെത്തിയാല്‍ ഒരുപക്ഷേ, പലിശ സഹിതം വലിച്ചുതീര്‍ത്തെന്നിരിക്കും. വിവേകത്തിനടിപ്പെട്ടു ജീവിക്കുന്നവനാണെങ്കില്‍ നിയമമില്ലാത്തിടത്തും അയാളുടെ ജീവിതം നിയമപ്രകാരമായിരിക്കും.
വിവേകം ഭരിക്കുന്ന സമൂഹത്തില്‍ നിയമങ്ങളുണ്ടാകുന്നതും ഇല്ലാതിരിക്കുന്നതും സമമാണ്. നിയമങ്ങളിലൂടെ ലഭ്യമാകുന്നതും ലഭ്യമാകേണ്ടതുമായ കാര്യങ്ങള്‍ നിയമങ്ങളില്ലാതെയും അവിടെ പുലര്‍ന്നുകാണും. വിവേകമില്ലാത്ത സമൂഹത്തിലും നിയമങ്ങളുടെ സാന്നിധ്യവും അസാന്നിധ്യവും ഒരേ സ്ഥിതിയാണു സൃഷ്ടിക്കുക. പക്ഷേ, നിയമങ്ങളില്ലാത്ത അവസ്ഥ സൃഷ്ടിക്കുന്ന അരാചകത്വവും അരക്ഷിതാവസ്ഥയും നിയമങ്ങളുടെ സാന്നിധ്യത്തിലും അവിടെ നടമാടുന്നതു കാണുമെന്നു മാത്രം. അപ്പോള്‍ വിവേകത്തിനാണ് സ്ഥാനം. വിവേകബുദ്ധിയാണ് നിയമം സൃഷ്ടിക്കുന്നതെങ്കില്‍ ആ നിയമം നിയമംതന്നെയാണ്. അവിവേകബുദ്ധിയാണ് നിര്‍മാണത്തിനു പിന്നിലെങ്കില്‍ ആ നിയമം സമൂഹത്തില്‍ അശാന്തിയും അസമാധാനവുമായിരിക്കും സൃഷ്ടിക്കുക. അത്തരം സമൂഹത്തില്‍ വിവേകശാലികള്‍ക്ക് ജീവിതം ദുസ്സഹമായിത്തീരും. അതിന്റെ പേരില്‍ അവര്‍ രാജ്യദ്രോഹികളും അപരാധികളുമായി മുദ്രകുത്തപ്പെടുകയും ചെയ്യും. നന്മയുടെ നിറകുടങ്ങളായി വാണിരുന്ന പല മഹത്തുക്കള്‍ക്കും അഴിക്കുള്ളിലെ ജീവിതം വിധിക്കപ്പെടാനുണ്ടായ പശ്ചാത്തലങ്ങള്‍ ഇതൊക്കെയാണ്.
ചിന്തകനായ ക്ലാരന്‍സ് ദാരോ പറഞ്ഞ വാക്കുകള്‍ ഓര്‍ത്തുപോകുന്നു: 'ഹമം െവെീൗഹറ യല ഹശസല രഹീവേല,െ വേല്യ വെീൗഹറ യല ാമറല ീേ ളശ േവേല ുലീുഹല വേല്യ മൃല ാലമി േീേ ലെൃ്‌ല'' (വസ്ത്രങ്ങളെ പോലെയായിരിക്കണം നിയമങ്ങള്‍. ആരെ ഉദ്ദേശിച്ചാണോ അവ നിര്‍മിക്കുന്നത് അവര്‍ക്കവ ചേര്‍ന്നതാണോ എന്നു പരിശോധിക്കണം.)
സ്ഥലകാല സാഹചര്യങ്ങള്‍ പരിഗണിക്കാതെ നടപ്പാക്കപ്പെടുന്ന നിയമങ്ങള്‍ സമൂഹത്തെ ദുഷിപ്പിക്കും. നിയമലംഘകരായ ഒരുപറ്റം ആളുകളെയാണ് അതുല്‍പാദിപ്പിക്കുക. പാലിക്കപ്പെടലാണ് നിയമനിര്‍മാണത്തിന്റെ പിന്നിലുള്ള ലക്ഷ്യമെങ്കില്‍ സാഹചര്യപരിശോധന അനിവാര്യമാണ്. അങ്ങനെ പ്രാബല്യത്തില്‍ വരുന്ന നിയമങ്ങള്‍ക്കു നിലനില്‍പ്പുണ്ടാകും. കാരണം, അതു സത്യസന്ധമാണ്. പക്ഷേ, ലംഘിക്കപ്പെടലാണ് നിയമനിര്‍മാണോദ്ദേശ്യമെങ്കില്‍ ആ നിയമം കാടന്‍ നിയമമായിരിക്കും. മനുഷ്യരുടെ സ്വാതന്ത്ര്യത്തിനു കത്തിവയ്ക്കുന്ന ഭീകരരായ ഒരു പറ്റം അധികാരി വര്‍ഗമായിരിക്കും അതിനു പിന്നില്‍ മിക്കവാറും പണിയെടുത്തിട്ടുണ്ടാവുക.
ഒരുകാര്യം ഉറപ്പിച്ചു പറയട്ടെ: നിയമങ്ങള്‍ നന്മയ്ക്കു വേണ്ടിയാവണം. പക്ഷേ, എല്ലാ നിയമങ്ങളും നന്മയ്ക്കുവേണ്ടിയല്ല നിര്‍മിക്കപ്പെടുന്നത്. അതിനാല്‍തന്നെ എല്ലാ നിയമലംഘകരും തെറ്റുകാരുമല്ല. നന്മയ്ക്കുവേണ്ടിയല്ലാത്ത നിയമത്തിന്റെ ലംഘകര്‍ മഹാന്മാരാണ്. തിന്മയ്ക്കുവേണ്ടിയല്ലാത്ത നിയമത്തിന്റെ ലംഘകര്‍ അധമന്മാരും. നന്മയ്ക്കുവേണ്ടിയല്ലാത്ത നിയമത്തിന്റെ നിര്‍മാതാക്കള്‍ അധമന്മാരാണ്. തിന്മയ്ക്കുവേണ്ടിയല്ലാത്ത നിയമത്തിന്റെ നിര്‍മാതാക്കള്‍ മഹാന്മാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."