കരപ്പുറങ്ങളില്‍ മരച്ചീനി കൃഷിയുടെ ഒരുക്കങ്ങളായി
മണ്ണഞ്ചേരി: കരപ്പുറങ്ങളിലെ പാടത്തും പറമ്പിലും മരിച്ചീനി കൃഷിയുടെ ഒരുക്കങ്ങള്‍ തുടങ്ങി. കരപ്പാടത്തെ പ്രത്യേകംചിറകളിലും പറമ്പുകളില്‍ മണല്‍കോരിപൊക്കിയെടുത്ത തുണ്ടങ്ങളിലുമാണ് കൃഷിയിറക്കല്‍. ചാണകവും ചാരവും വിതറിയശേഷമാണ് മരിച്ചിനികമ്പുകള്‍ കുത്തുന്നത്. 6,9,12 മാസങ്ങള്‍ ദൈര്‍ഘ്യത്തില്‍ വിളവാകുന്ന വ്യത്യസ്തങ്ങളായ ഇനങ്ങളാണ് കരപ്പുറങ്ങളിലെ കൃഷിക്കായി ഉപയോഗിക്കുന്നത്.
15 സെന്റിമീറ്റര്‍ വലുപ്പമുള്ള കമ്പുകളാണ് കൃഷിക്കായി ഇവിടങ്ങളില്‍ നട്ടുവരുന്നത്. ഓരോകുഴികള്‍ തമ്മില്‍ രണ്ടടിയോളം അകലംപാലിച്ചാകും നടീല്‍രീതി.
തുലാവര്‍ഷത്തോട് കൃഷിതുടങ്ങുന്നവര്‍ കമ്പുകള്‍ക്കുളളില്‍ വെള്ളം ഇറങ്ങാതിരിക്കാന്‍ ഇലതൊപ്പികള്‍ ചൂടിച്ചാണ് കമ്പുനാട്ടുക.പാതിവളര്‍ച്ചയോടെ ചുവടുകളിലേക്ക് മണല്‍കോരി പൊക്കുന്നതും കരകൃഷിയുടെ ഭാഗമാണ്. വിളകളുടെ സുരക്ഷിതത്വത്തിനാണ് ഇത്തരം പ്രവൃത്തി.എലിയും പെരുച്ചാഴിയുമാണ് മരച്ചീനി കര്‍ഷകന്റെ പ്രധാനശത്രു.
കേരളത്തില്‍ പത്തോളം ഇനങ്ങള്‍ കൃഷിക്കായി ഉപയോഗിച്ചുവരുന്നുണ്ട്.ബേബി ഫുഡുകളില്‍ പ്രധാന ഇനമായി മരിച്ചീനി പൊടികള്‍ മാറിയതോടെ ഇവയ്ക്ക് നല്ല ഡിമാന്റാണ്.
ചൊരിമണലില്‍ വിളയുന്ന മരച്ചീനിക്ക് രുചികൂടുതല്‍ ഉള്ളതിനാല്‍ നാട്ടില്‍ വലിയപ്രിയമാണ്.ഇപ്പോള്‍ മാര്‍ക്കറ്റില്‍ കിലോയ്ക്ക് 40 രൂപവരെ മരിച്ചീനിക്ക് വിലയുണ്ട്.അദ്ധ്യാനത്തിന് അനുസൃതമായി വില ലഭിക്കുന്നതിനാല്‍ ധാരാളം പേര്‍ മരിച്ചീനികൃഷിയിലേക്ക് ഇപ്പോള്‍ സജീവമായി എത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."