ഉമയനല്ലൂര്‍ ഏലാ വരള്‍ച്ചയില്‍
കൊട്ടിയം: ഉമയനല്ലൂര്‍ ഏലാ കൊടുംവരള്‍ച്ചയില്‍. മയ്യനാടിന്റെ നെല്ലറയായി വിശേഷിപ്പിക്കപ്പെടുന്ന ഉമയനല്ലൂര്‍ ഏലായിലെ ഹെക്ടര്‍ കണക്ക് നെല്‍കൃഷിയാണ് വെള്ളമില്ലാതെ കരിഞ്ഞുണങ്ങുന്നത്. ജലദൗര്‍ലഭ്യം മൂലം നെല്‍ കര്‍ഷകര്‍ പ്രതിസന്ധി നേരിടുന്ന ഏല എം. നൗഷാദ് എം.എല്‍.എ സന്ദര്‍ശിച്ചു.
ഞാറ്റടികളില്‍നിന്ന് ഞാര്‍ പിഴുത് നടേണ്ട സമയം കഴിഞ്ഞിട്ടും നിലങ്ങളില്‍ വെള്ളമില്ലാത്തത് മൂലം കര്‍ഷകര്‍ പ്രതിസന്ധി നേരിട്ടിരുന്നു. പലരും ബാങ്കുകളില്‍നിന്ന് വായ്പയെടുത്താണ് കൃഷിയിറക്കിയത്. പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ അധികൃതര്‍ക്ക് നിവേദനവും സമര്‍പ്പിച്ചിരുന്നു. പരമ്പരാഗത തൊഴിലാളികളെ കിട്ടാത്ത സാഹചര്യത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് കര്‍ഷകര്‍ നിലമൊരുക്കലും അനുബന്ധ പ്രവര്‍ത്തനങ്ങളും വന്‍തുക മുടക്കി നടത്തിയത്.
ജലദൗര്‍ലഭ്യത നേരിടുന്ന ഘട്ടത്തില്‍ ഉമയനല്ലൂര്‍ ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തില്‍ നിന്ന് വെള്ളമെത്തിക്കാനായി സ്ഥാപിച്ച പമ്പ്ഹൗസ് പ്രവര്‍ത്തനക്ഷമമല്ലാതായിട്ട് കാലങ്ങളായി. ക്ഷേത്രക്കുളത്തില്‍നിന്ന് വെള്ളമെത്തിച്ചേരാനുള്ള തോട്ടില്‍ കാടുകയറിയതും തോടിന്റെ വശങ്ങള് തകര്‍ന്നതും കര്‍ഷകരുടെ ദുരിതം വര്‍ധിപ്പിച്ചു.
ഈ സാഹചര്യത്തില്‍ കല്ലട ജലസേചനപദ്ധതിയുടെ ഇടത് കര കനാല്‍ തുറന്നുവിടണമെന്ന ആവശ്യം ഉയര്‍ന്നു.
പരാതിയെ തുടര്‍ന്ന് എം. നൗഷാദ് എം.എല്‍.എ ഉമയനല്ലൂര്‍ ഏലാ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. അടിയന്തര നടപടി സ്വീകരിക്കുമെന്നും ഇടതുകര കനാല്‍ തുറക്കുന്നത് സംബന്ധിച്ച് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ക്ഷേത്രക്കുളത്തില്‍ സ്ഥാപിച്ചിട്ടുള്ള പമ്പ് ഹൗസ ് പ്രവര്‍ത്തനക്ഷമമാക്കണമെന്ന കര്‍ഷകരുടെ ആവശ്യം തുടര്‍ന്ന് പരിഗണിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."