അടച്ച് പൂട്ടിയ നഗരസഭയുടെ കംഫര്‍ട്ട് സ്റ്റേഷന്‍ തുറക്കാന്‍ നടപടിയില്ല
വടക്കാഞ്ചേരി: ജില്ലയെ വെളിയിട വിസര്‍ജ്യ വിമുക്ത ജില്ലയായി പ്രഖ്യാപിച്ച വിവരം വടക്കാഞ്ചേരി നഗരസഭ അധികൃതര്‍ അറിഞ്ഞിട്ടില്ല. നഗരസഭയിലെ ഓട്ടുപാറയിലെത്തിയാല്‍ പ്രാഥമികാവശ്യങ്ങള്‍ നടത്താന്‍ മാര്‍ഗവുമില്ലെന്നതാണ് സ്ഥിതി. പ്രതിദിനം നൂറ് കണക്കിന് പേര്‍ വന്ന് പോകുന്ന ഓട്ടുപാറ ബസ് സ്റ്റാന്‍ഡിനുള്ളില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ ഉണ്ടെങ്കിലും കാല പഴക്കം മൂലം ജീര്‍ണവസ്ഥയിലായതോടെ അടച്ചിട്ടിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. പുതിയ കംഫര്‍ട്ട് സ്റ്റേഷനും ബസ് സ്റ്റാന്റ് കെട്ടിടവും നിര്‍മിക്കാന്‍ റോട്ടറി ക്ലബ്ബ് അടക്കമുള്ള സന്നദ്ധ സംഘടനകള്‍ രംഗത്ത് വന്നെങ്കിലും ഇതിന് നഗരസഭഅധികൃതരുടെ ഭാഗത്ത് നിന്ന് ആവശ്യമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു.
വടക്കാഞ്ചേരി പഞ്ചായത്തായിരിക്കുമ്പോള്‍ അന്നത്തെ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് ആധുനിക സൗകര്യങ്ങളോടെ ബസ് കാത്തിരിപ്പ് കേന്ദ്രവും കംഫര്‍ട്ട് സ്റ്റേഷനും പണി തീര്‍ക്കാന്‍ നടപടിയുണ്ടായത്. ഇതിന്റെ ഭാഗമായി പഴയ കെട്ടിടം പൊളിയ്ക്കാന്‍ തയ്യാറെടുത്തപ്പോള്‍ ഈ കെട്ടിടത്തില്‍ വ്യാപാരം നടത്തിയിരുന്ന രണ്ട് വ്യാപാരികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
തങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കണമെന്നായിരുന്നു ആവശ്യം. പ്രശ്‌നം പറഞ്ഞ് തീര്‍ക്കുന്നതിനോ കെട്ടിട നിര്‍മാണത്തിനോ നഗരസഭ ഭരണ സമിതി ഒരു ചെറുവിരല്‍ പോലും അനക്കുന്നില്ലെന്ന് ജനങ്ങള്‍ പറയുന്നു. നിലവിലെ കെട്ടിടം ഓരോ ഭാഗമായി തകര്‍ന്ന് വീഴാന്‍ ആരംഭിച്ചിട്ടുണ്ട്. ഇത് വലിയ ഭീതിയും സൃഷ്ടിയ്ക്കുകയാണ്. അടിയന്തരമായി കംഫര്‍ട്ട് സ്റ്റേഷന്‍ പൊളിച്ച് പണിതില്ലെങ്കില്‍ വലിയ ദുരന്തം തന്നെ സംഭവിയ്ക്കുമെന്ന അവസ്ഥയാണ്. മറ്റൊരു മാര്‍ഗവുമില്ലാത്തതിനാല്‍ സ്ത്രീകളടക്കമുള്ളവര്‍ അനുഭവിക്കുന്ന ദുരിതം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയും സര്‍വശുദ്ധിയെ കുറിച്ച് പ്രസംഗിക്കുകയുമാണ്. ഇതോടൊപ്പം ജില്ലാ ഭരണകൂടത്തിന്റെ വെളിയിട വിസര്‍ ജ്യവിമുക്ത ജില്ല എന്ന പ്രഖ്യാപനം വെറും പാഴ് വാക്കാണെന്നും ഓട്ടുപാറ നഗരം വിളിച്ച് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."