റെയില്‍വേ എന്‍.ഒ.സി നല്‍കുന്നില്ല വീവേഴ്‌സ് സര്‍വിസ് സെന്റര്‍ കെട്ടിട നിര്‍മാണം പ്രതിസന്ധിയില്‍
കണ്ണൂര്‍: റെയില്‍വേ എന്‍.ഒ.സി നല്‍കാത്തതിനാല്‍ കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിനു കീഴിലുള്ള കണ്ണൂരിലെ വീവേഴ്‌സ് സര്‍വിസ് സെന്ററിന്റെ പുതിയ കെട്ടിട നിര്‍മാണം പ്രതിസന്ധിയില്‍. കണ്ണൂര്‍ പ്രസ് ക്ലബിനോടു ചേര്‍ന്ന പതിനഞ്ച് സെന്റ് സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുന്നത്. എറണാകുളം സ്വദേശിയായ കരാറുകാരനാണ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. ഇതിനകം തന്നെ അഞ്ചുലക്ഷത്തോളം രൂപ സ്വന്തം നിലയില്‍ ചെലവിട്ടുകഴിഞ്ഞു. റെയില്‍വേയുടെ അതിര്‍ത്തിയോടു ചേര്‍ന്ന സ്ഥലമായതിനാല്‍ സുരക്ഷാപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് എന്‍.ഒ.സി ആവശ്യപ്പെട്ടത്. കോര്‍പറേഷന്റെ പ്രദേശമായതിനാല്‍ സതേണ്‍ റെയില്‍വേ ചെന്നൈ സോണല്‍ ഓഫിസില്‍ നിന്ന് എന്‍.ഒ.സി വാങ്ങണമെന്നാണ് റെയില്‍വേ നല്‍കിയ നിര്‍ദേശം. എന്നാല്‍ ചെന്നൈയില്‍ നിന്ന് എന്‍.ഒ.സി ലഭിക്കുകയെന്നത് ദുഷ്‌കരമാണ്. പി.കെ ശ്രീമതി എം.പിയുടെ ശ്രമഫലമായാണ് ഫണ്ട് അനുവദിച്ചത്. എന്നാല്‍ മുഴുവന്‍ രേഖകളും ലഭിച്ചാല്‍ മാത്രമേ നിര്‍മാണം നടത്താന്‍ പാടുള്ളൂവെന്നാണ് ടെക്‌സ്റ്റൈല്‍ മന്ത്രാലയം നിര്‍ദേശിക്കുന്നത്. കഴിഞ്ഞ വര്‍ഷം തുക പാസായിരുന്നെങ്കിലും ടെണ്ടര്‍ നടക്കാത്തതിനെ തുടര്‍ന്ന് പദ്ധതി തുക നഷ്ടമാവുകയായിരുന്നു. ഈവര്‍ഷം പദ്ധതിയിക്കായി തുക വകയിരുത്തിയെങ്കിലും എന്‍.ഒ.സിയുടെ നൂലാമാല കാരണം കെട്ടിട നിര്‍മാണം കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. എന്നാല്‍ കേന്ദ്ര പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്ന് നിര്‍മാണം ആരംഭിച്ചിട്ടുണ്ട്.3.65 കോടി രൂപ അടങ്കലുള്ള നാലുനില കെട്ടിടത്തിനാണ് കേന്ദ്രം അനുമതി നല്‍കിയത്. കേരളത്തിലെ കൈത്തറി മേഖലയിലെ സഹകരണ സംഘങ്ങളിലെ തൊഴിലാളികള്‍ക്കും നെയ്ത്തുകാര്‍ക്കും ആവശ്യമായ പരിശീലനം നല്‍കുന്നതിനു വേണ്ടിയാണ് കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴില്‍ വീവേര്‍സ് സര്‍വിസ് സെന്റര്‍ പ്രവര്‍ത്തിച്ചു വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."