കേന്ദ്ര സര്‍ക്കാര്‍ കൈയൊഴിഞ്ഞതിനെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടത്: കെ.വി തോമസ് എം.പി
കൊച്ചി: ലിബിയയില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്ന് പ്രൊഫ.കെ.വി തോമസ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ കൈയൊഴിഞ്ഞതിനെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടതെന്നും നാട്ടിലെത്തിയവരുടെ യാത്രാ ചിലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലിബിയയിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തത് അവിടെ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കി. ചില ഏജന്‍സികളാണ് അവിടെയുള്ള ഇന്ത്യക്കാരുടെ ആവശ്യങ്ങളില്‍ ഇടപെടുന്നത്. ലിബിയയില്‍ നിന്നും ആദ്യ സംഘത്തെ നാട്ടിലെത്തിച്ചതിനുപിന്നാലെ ശേഷിക്കുന്നവര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ നാട്ടിലെത്തട്ടെ എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അതനുസരിച്ചാണ് പലരും നാട്ടിലെത്തിയത്. എംബസി ഇല്ലാത്തിനാല്‍ യാത്രാ ടിക്കറ്റ് ലഭ്യമാക്കുന്നത് ഉള്‍പ്പെടെ കാര്യങ്ങളില്‍ സര്‍ക്കാരുകള്‍ക്ക് ഇടപെടാന്‍ പരിമിതികളുണ്ട്.
അതിനാല്‍ നാട്ടുകാരുടെ സഹായത്തോടെ വിമാനത്താവളത്തിലെത്തി നാട്ടിലെത്താന്‍ ശ്രമിക്കണമെന്നും യാത്രാ ചിലവുകള്‍ സര്‍ക്കാര്‍ നല്‍കുമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ ഒരു രാജ്യത്തിന്റെയും എംബസികള്‍ പ്രവര്‍ത്തിക്കുന്നില്ല. മാര്‍ട്ട, ഇസ്താംബൂള്‍ എന്നിവിടങ്ങളിലാണ് എംബസി ഉദ്യോഗസ്ഥരുള്ളത്. ഇവരെ കാര്യങ്ങള്‍ ധരിപ്പിച്ച് അവിടെ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും കെ.വി തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."