കെ സുധാകരനും പി ജയരാജനുമില്ലാതെ കണ്ണൂര്‍ തെരഞ്ഞെടുപ്പ്
വി.കെ പ്രദീപ്
കണ്ണൂര്‍: കണ്ണൂരിലെ അണികള്‍ക്കുമാത്രമല്ല, പൊതുജനങ്ങള്‍ക്കും വികാരമാണു കെ. സുധാകരനും പി ജയരാജനും. തെരഞ്ഞെടുപ്പ് കാലത്തും അല്ലാതെയും കണ്ണൂരില്‍ സജീവ സാന്നിധ്യമായിരുന്നു രണ്ടുനേതാക്കളും. തെരഞ്ഞെടുപ്പ് കാലത്ത് എവിടെയെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഓടിയെത്തുന്ന നേതാക്കള്‍. കണ്ണിനുകണ്ണും പല്ലിനുപല്ലും പകരംവയ്ക്കുന്ന ചടുല പ്രവര്‍ത്തനവും പ്രസംഗവും. സാധാരണ പ്രവര്‍ത്തകര്‍ക്ക് ആവേശവും ആശ്വാസവും കരുത്തുമാണു കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ സുധാകരനും സി.പി.എം ജില്ലാസെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ പി ജയരാജനും.
തങ്ങളുടെ രാഷ്ട്രീയജീവിതത്തില്‍ തെരഞ്ഞെടുപ്പ് കാലത്ത് കണ്ണൂരില്‍ നിന്നു വിട്ടുനിന്നിട്ടില്ലാത്ത ഈ രണ്ടുനേതാക്കള്‍ ഇക്കുറി കണ്ണൂരിലെ തെരഞ്ഞെടുപ്പ് രംഗത്തില്ല. ഇവരുടെ അസാന്നിധ്യം ഇരുമുന്നണികളുടെയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ടെന്ന് ഇരുഭാഗത്തെയും നേതാക്കളും അണികളും സമ്മതിക്കുന്നുണ്ട്.
കഴിഞ്ഞ കാലങ്ങളിലെ ഇരുവരുടെയും സാന്നിധ്യം കണ്ണൂരിലെ തെരഞ്ഞെടുപ്പ് രംഗത്തെ വല്ലാതെ സ്വാധീനിക്കുകയും അണികള്‍ക്ക് ആവേശമാവുകയും ചെയ്തിരുന്നു. കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ ജയരാജന്‍ കോടതിയില്‍ നിന്നു ജാമ്യംലഭിച്ച് സഹോദരിയും മുന്‍ എം.പിയുമായ പി സതീദേവിയുടെ വടകരയിലെ വീട്ടിലാണു താമസം. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥയോടെയാണു ജാമ്യം ലഭിച്ചതെന്നതിനാല്‍ ജയരാജനു തെരഞ്ഞെടുപ്പുകാലത്ത് കണ്ണൂരില്‍ പ്രവേശിക്കാനോ വേണ്ട രീതിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഇടപെടാനോ കഴിഞ്ഞിട്ടില്ല. ഉദുമയില്‍ മത്സരിക്കുന്ന കെ സുധാകരന്‍ രണ്ടുതവണ കണ്ണൂരിലെത്തി യു.ഡി.എഫ് പൊതുയോഗങ്ങളില്‍ പങ്കെടുത്തുവെങ്കിലും കണ്ണൂരില്‍ സജീവസാന്നിധ്യമാകാന്‍ അദ്ദേഹത്തിനും കഴിഞ്ഞിട്ടില്ല.
കെ ഗോപാലന്റെ ജനതാപാര്‍ട്ടിയില്‍ നിന്നെത്തി കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ രക്ഷകനും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംരക്ഷകനുമായ സുധാകരന്‍ സജീവമല്ലാത്ത കണ്ണൂരിലെ തെരഞ്ഞെടുപ്പ് അണികള്‍ക്കു മാത്രമല്ല നല്ല പ്രസംഗം കേള്‍ക്കുന്ന കേള്‍വിക്കാരനും നഷ്ടമാണ്. പതിയെ തുടര്‍ന്നു കത്തിപ്പടരുന്ന ശബ്ദത്തില്‍ ഡയസിനടിച്ച് ആവേശം വിതറി പ്രചോദിപ്പിക്കുന്ന പ്രസംഗവും തെരഞ്ഞെടുപ്പ് ദിനങ്ങളില്‍ ജില്ലയില്‍ എവിടെ കുഴപ്പങ്ങള്‍ ഉണ്ടായാലും അണികള്‍ക്കു കരുത്താകാന്‍ ഓടിയെത്തുകയും മുന്നില്‍ നിന്നു നേരിടുകയും ചെയ്യുന്ന സുധാകരന്റെ ചങ്കൂറ്റവും അണികള്‍ക്കു പ്രത്യേക വികാരമായിരുന്നു.
നിശബ്ദമായ പ്രവര്‍ത്തനവും ദീര്‍ഘവീക്ഷണവും തികഞ്ഞ അച്ചടക്കവുമാണ് പി ജയരാജന്റെ കൈമുതല്‍. അണികള്‍ക്കു നിര്‍ദേശം നല്‍കുന്നതിലും നടപ്പാക്കുന്നതിലും വാക്കുകളിലൂടെ പ്രചോദിപ്പിക്കുന്നതിലും ജയരാജനുള്ളിടത്തോളം കഴിവ് കണ്ണൂരിലെ മറ്റൊരു സി.പി.എം നേതാവിനുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."