'പദ്ധതി പൂര്‍ത്തിയായില്ല, പ്രഖ്യാപനം കഴിഞ്ഞു' : വയനാട് ഇനി ഒ.ഡി.എഫ് ജില്ല
കല്‍പ്പറ്റ: വയനാട് ജില്ലയെ ഒ.ഡി.എഫ് (ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ) ജില്ലയായി ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം വയനാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. എന്നാല്‍ കുടിവെള്ളവും മറ്റു അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത ജില്ലയിലെ ആദിവാസി കോളനികളിലുള്‍പ്പെടെ തട്ടിക്കൂട്ടിയ ശൗചാലയങ്ങള്‍ നിര്‍മിച്ചിട്ടെന്തു കാര്യമെന്നാണ് നാട്ടുകാരുടെ ചോദ്യം. കൂടാതെ ജില്ലയിലെ പകുതിയിലധികം പഞ്ചായത്തുകളിലും പദ്ധതി പൂര്‍ത്തിയാകാതെ പ്രഖ്യാപനം നടത്തിയതിലും ആക്ഷേപം ശക്തമാണ്. ഈ മാസം 15ന് പ്രഖ്യാപനം നടത്തണമെന്ന നിര്‍ദേശമുള്ളതിനാല്‍ നിര്‍മിച്ച ശൗചാലയങ്ങളത്രയും തട്ടിക്കൂട്ടിയതാണെന്ന ആരോപണവുമുണ്ട്. ജില്ലയിലെ മൂന്നു നഗരസഭകളില്‍ ഉള്‍പ്പെടെ പദ്ധതി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. കല്‍പ്പറ്റയില്‍ 116 യൂനിറ്റുകളില്‍ 96 എണ്ണമാണ് പൂര്‍ത്തിയായിരിക്കുന്നത്. ബത്തേരിയില്‍ 512 യൂനിറ്റുകളാണ് നിര്‍മിക്കേണ്ടത്. എന്നാല്‍ പദ്ധതിയുടെ പ്രവൃത്തികള്‍ ആരംഭിച്ചിട്ടേയുള്ളു. നവംബറില്‍ പദ്ധതി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് നഗരസഭ. മാനന്തവാടിയിലും പദ്ധതി പൂര്‍ത്തിയായിട്ടില്ല. 360 യൂനിറ്റുകളില്‍ പകുതിയിലധികം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. പഞ്ചായത്തുകളില്‍ വിരലിലെണ്ണാവുന്ന പഞ്ചായത്തുകള്‍ മാത്രമാണ് പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഒ.ഡി.എഫ് പ്രഖ്യാപനം നടത്തിയ ചില പഞ്ചായത്തുകളിലും പദ്ധതി പൂര്‍ത്തിയായിട്ടില്ല. പദ്ധതിയുടെ 60 ശതമാനത്തിലധികം പൂര്‍ത്തിയായ പഞ്ചായത്തുകളും ഒ.ഡി.എഫ് പ്രഖ്യാപനം നടത്തിയിട്ടുണ്ട്.
പട്ടികജാതി പട്ടിക വര്‍ഗ കോളനികളിലെ പദ്ധതി പ്രകാരം നിര്‍മിച്ച ശുചിമുറികള്‍ക്കെതിരേ വ്യാപക ആരോപണങ്ങളാണ് ഉയരുന്നത്. ഒരു ശുചിമുറിക്ക് പദ്ധതി പ്രകാരം 15,400 രൂപയാണ് അനുവദിക്കുന്നത്. എന്നാല്‍ ഇത് നിര്‍മാണത്തിന് പര്യാപ്തമല്ലെന്നാണ് നിര്‍മാണ ഏജന്‍സികള്‍ പറയുന്നത്. കൂടാതെ ശുചിമുറി നിര്‍മാണത്തിന് പ്രത്യേക മാനദണ്ഡങ്ങള്‍ നിര്‍ദേശിക്കാത്തത് പദ്ധതിയില്‍ അഴിമതിക്കും കളമൊരുക്കുന്നുണ്ട്. ശുചിമുറിയില്‍ വെള്ളമെത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് യാതൊരു നിര്‍ദേശവുമില്ലാത്തതും പദ്ധതി താളം തെറ്റിക്കുന്നുണ്ട്.
നിലവില്‍ കുടിവെള്ളം പോലുമില്ലാത്ത പല കോളനികളിലും പദ്ധതി പ്രകാരം ശുചിമുറികള്‍ നിര്‍മിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പദ്ധതി പൂര്‍ത്തീകരിച്ചിട്ട് എന്തുനേട്ടമെന്നാണ് കോളനിക്കാരുടെ ചോദ്യം. അശാസ്ത്രീയമായ ഇത്തരം ശുചിമുറി നിര്‍മാണം ഗുണത്തേക്കാളുപരി ദോശമുണ്ടാക്കാനാണ് സാധ്യതകളേറെ. കൃത്യമായി നിര്‍മിക്കാത്ത ശുചിമുറി കുഴികളില്‍ വെള്ളം കെട്ടിക്കിടന്ന് പകര്‍ച്ച വ്യാധികള്‍ പടരാനും സാധ്യത കൂടുതലാണ്.
വ്യക്തമായ മാനദണ്ഡങ്ങളില്ലാത്തതിനാല്‍ പലയിടങ്ങളിലും കരാറുകാര്‍ അവരവരുടെ സൗകര്യങ്ങള്‍ക്കനുസരിച്ചാണ് നിര്‍മാണം നടത്തിയിരിക്കുന്നത്. ചുമരിന് പകരം പ്ലാസ്റ്റിക്, തകര ഷീറ്റുകളുമാണ് മിക്കയിടങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. ഇതു ശുചിമുറികള്‍ പെട്ടെന്ന് തകരാനും കാരണമാകും. സമ്പൂര്‍ണ ഒ.ഡി.എഫ് പ്രഖ്യാപനം സര്‍ക്കാരിന് ഗുണകരമെന്നല്ലാതെ പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഉപകാരപ്പെടില്ലെന്നതാണ് വാസ്തവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."