പറഞ്ഞാല്‍ മാത്രം പട്ടിണി ഇല്ലാതാവില്ല
ഭക്ഷണം കിട്ടാതെ വിശന്നുമരിച്ച ബസുമതി എന്ന സ്വന്തം കുഞ്ഞിന്റെ ശരീരത്തില്‍ മണ്ണു കോരിയിടാന്‍ വിധിക്കപ്പെട്ട ബിഹാറുകാരന്‍ ഗോപാല്‍ യാദവ്, കേരളത്തിലെ ഒരു ഗ്രാമത്തില്‍ ഒന്നാന്തരം ബസ്മതി അരികൊണ്ടുണ്ടാക്കിയ ബിരിയാണി, കൈക്കോട്ടുകൊണ്ടു മണ്ണു കോരിയിട്ടു ചവിട്ടിമൂടുകയാണ്. 'ചവിട്ടി അമര്‍ത്ത്, ഭായ് ' എന്ന ഉടമസ്ഥന്റെ നിര്‍ദേശംകേട്ടു മനമില്ലാമനസ്സോടെ കാലുകള്‍ ഉയര്‍ത്തി അയാള്‍ ബസുമതിയുടെ നെഞ്ചത്തുതന്നെ ചവിട്ടുന്നു.....
അടുത്തകാലത്തു പ്രസിദ്ധീകരിക്കപ്പെട്ട കഥയാണിത്. കഥയല്ല കാര്യംതന്നെയാണിത്. കേരളത്തില്‍ പ്രതിവര്‍ഷം ലക്ഷക്കണക്കിനു ടണ്‍ ആഹാരസാധനങ്ങളാണു പാഴാക്കി കുഴിച്ചുമൂടുന്നത്. അതേക്കുറിച്ചു സമ്പന്നകേരളം വ്യാകുലപ്പെടുന്നില്ല. അതേസമയം, ഇതേ കേരളത്തിലും ദാരിദ്ര്യവും പട്ടിണിമരണവും ഏറെയുണ്ട്. തലശ്ശേരി മട്ടന്നൂര്‍ പാവശ്ശേരി ആദിവാസികോളനിയിലെ അശ്വതി(18) പോഷകാഹാരക്കുറവുമൂലമാണു മരിച്ചത്. ആഹാരം കിട്ടാതെ മരിച്ച അമ്മയുടെ മൃതശരീരത്തെ കെട്ടിപ്പിടിച്ചു കിടക്കുന്ന പട്ടിണിയാല്‍ അവശയായ മകളെക്കുറിച്ചുള്ള വാര്‍ത്തയും ഈയിടെയാണു പുറത്തുവന്നത്. അറിയപ്പെടാതെ അനേകായിരംപേര്‍ നിത്യേന ദാരിദ്ര്യത്തിന്റെ തീക്ഷ്ണതയില്‍ ഉരുകിത്തീരുന്നുണ്ട്.
വെളുത്തസായിപ്പിനു പകരം കറുത്തസായിപ്പ് അധികാരത്തിലേറിയെന്നല്ലാതെ സ്വതന്ത്രഇന്ത്യയില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. ഭരിച്ചുഭരിച്ച് ആറുദശകങ്ങള്‍ പിന്നിട്ടപ്പോള്‍ ഇവിടുത്തെ ജനസംഖ്യയുടെ 22 ശതമാനത്തിനും പ്രതിദിനം 20 രൂപ പോലും വരുമാനമില്ലാതായി.
പാവങ്ങളെ സമുദ്ധരിക്കാന്‍ നിയോഗിക്കപ്പെട്ട ജനപ്രതിനിധികളില്‍ 70 ശതമാനവും 50 ലക്ഷത്തിനു മീതെ വാര്‍ഷികവരുമാനമുള്ളവരാണ്. (ഇവരില്‍ പലരും ശതകോടീശ്വരന്മാരും അതില്‍പ്പലരും കേന്ദ്രമന്ത്രിമാരുമാണ്.) ലക്ഷങ്ങളുടെ ശമ്പളവും അലവന്‍സും കണക്കില്ലാത്ത ആനുകൂല്യങ്ങളും അഞ്ചുകോടി രൂപയുടെ പ്രാദേശികവികസനഫണ്ടും കൈപ്പറ്റി, വി.വി.ഐ.പിയുടെ സ്ഥാനമഹിമയുമായി പറന്നുനടക്കുന്ന എഴുനൂറില്‍പ്പരം എം.പിമാര്‍- ഇവര്‍ക്കറിയുമോ പാവപ്പെട്ടവന്റെ പട്ടിണിയും തീരാദുരിതങ്ങളും.
പുതിയ കണക്കനുസരിച്ച്, ഇന്ത്യയില്‍ 1.5 ലക്ഷം കോടിപതികളുണ്ട്. (ഇവരില്‍ 84 പേര്‍ ശതകോടിപതികളാണ്.) തൊട്ടു മുന്‍വര്‍ഷം 1,26,700 കോടീശ്വരന്മാരാണുണ്ടായിരുന്നത്. 20 ശതമാനം വര്‍ധന! ഇരുപതു ശതമാനമെന്ന തോതില്‍ കോടീശ്വരന്മാര്‍ വര്‍ധിക്കുമ്പോള്‍ എത്രയോ ഇരട്ടി ദരിദ്രരും വര്‍ധിക്കുന്നുണ്ട്.
അവസരനിഷേധം, ഒറ്റപ്പെടുത്തല്‍ എന്നിവ വഴി സാധാരണക്കാരെ സമൂഹശ്രേണിയില്‍ നിന്നു വകഞ്ഞുമാറ്റുക, അവശ്യസാധനങ്ങളായ ഭക്ഷ്യവസ്തുക്കള്‍, ഔഷധങ്ങള്‍, പാചകവാതകം മുതലായവയുടെ വില കുത്തനെ ഉയര്‍ത്തി അതു വാങ്ങാനുള്ളശേഷി സാധാരണക്കാരന് ഇല്ലാതാക്കുക-ഇങ്ങനെയുള്ള പരിതാപകരമായ അവസ്ഥകളെ നേരിടുമ്പോള്‍ കൂടുതല്‍ക്കൂടുതല്‍ പേര്‍ ദാരിദ്ര്യമേഖലയിലേയ്ക്ക് എത്തപ്പെടുന്നു.
വാസയോഗ്യമായ വീടില്ലാതെ ചേരികളില്‍ കഴിയുന്നവര്‍ 6.4 കോടിയാണ്. (കേരളത്തില്‍ ഏഴുലക്ഷം കുടുംബങ്ങള്‍ ഭവനരഹിതരാണ്.) ഇന്ത്യയിലെ തെരുവുകളില്‍ അനാഥരായി ജീവിക്കുന്ന കുട്ടികളുടെ എണ്ണം 1.8 കോടിയാണ്. ഈ കുട്ടികള്‍ അനുനിമിഷം ശാരീരിക-ലൈംഗികപീഡനങ്ങള്‍ക്ക് ഇരയാകുന്നു. ഈ കുഞ്ഞുങ്ങളടക്കം മൊത്തം ജനസംഖ്യയുടെ 22 ശതമാനവും ദാരിദ്ര്യരേഖയ്ക്കുതാഴെ ജീവിക്കുന്നവരാണ്.
അധ്വാനശേഷി നിലനിര്‍ത്തുന്നതിനായി ഗ്രാമവാസിക്കു പ്രതിദിനം 2500 കലോറി ഭക്ഷണവും നഗരവാസിക്ക് 2200 കലോറി ഭക്ഷണവും വേണം. അതു ലഭിക്കുന്നില്ലെങ്കില്‍, ആ കുടുംബം ദാരിദ്ര്യരേഖയ്ക്കു താഴെയായി പരിഗണിക്കപ്പെടും. ഇന്ത്യയില്‍ ഇത്തരം ആളുകള്‍ 40 കോടിയാണ്!
ദരിദ്രര്‍ പെരുകുന്നത് വികലമായ ഭരണനയങ്ങളുടെയും ആഭ്യന്തര കലാപങ്ങളുടെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും മറ്റും ഫലമായാണ്. കൊടുംപട്ടിണിയെത്തുടര്‍ന്ന് 7.5 ലക്ഷം പേര്‍ മരണഭീതിയില്‍ കഴിയുന്ന സൊമാലിയ ഉദാഹരണം. 1991 മുതല്‍ ഭരണസ്ഥിരതയില്ലാത്തതും സര്‍ക്കാര്‍ സേനയും വിമതരും തമ്മിലുള്ള ഒടുങ്ങാത്ത പോരാട്ടവും സൊമാലിയയെ ക്ഷാമബാധിതമാക്കി.
ഭരണ-വിമത വിഭാഗങ്ങള്‍ തമ്മിലുള്ള അതിരൂക്ഷമായ വെടിവയ്പ്പും ബോംബേറും കാരണം, അന്യരാഷ്ട്രങ്ങളില്‍ അഭയാര്‍ഥികളാകേണ്ടിവന്ന സിറിയക്കാര്‍ നാല്‍പ്പതുലക്ഷത്തിലേറെയാണ്.
ദാരിദ്ര്യത്തിന് അറുതിവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഒക്‌ടോബര്‍ 17 അന്താരാഷ്ട്ര ദാരിദ്ര്യനിര്‍മാര്‍ജന ദിനമായി ആചരിക്കുന്നത്. ഈ സഹസ്രാബ്ദത്തിന്റെ ലക്ഷ്യങ്ങളായി യു. എന്‍. അംഗീകരിച്ച എട്ടു പ്രമേയങ്ങളില്‍ ഒന്നാമത്തേതാണിത്. ജനപ്പെരുപ്പം, യുദ്ധം, ജലദൗര്‍ലഭ്യം, കാലാവസ്ഥ, പരിസ്ഥിതി, വിദ്യാഭ്യാസം തുടങ്ങി ഒട്ടേറെ കാരണങ്ങള്‍ ദാരിദ്ര്യത്തിന് ഹേതുവാണ്. ദാരിദ്ര്യം ജനസംഖ്യാ വര്‍ധനക്ക് കാരണമായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിലവിലുള്ള അവസ്ഥ തരണംചെയ്യാനുള്ള പാവപ്പെട്ടവരുടെ കഴിവിന്റെ അടിസ്ഥാനത്തില്‍ ദാരിദ്ര്യം പുനര്‍നിര്‍വചിക്കണമെന്നു അമര്‍ത്യാസെന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വരുമാനമില്ലാത്തതോ പട്ടിണിയോ മാത്രമല്ല ആരോഗ്യ,വിദ്യാഭ്യാസ,സൗകര്യങ്ങളുടെ അഭാവവും ദാരിദ്ര്യാവസ്ഥ തന്നെയാണെന്ന് ശാസ്ത്രജ്ഞന്മാര്‍.
ദിവസം ഒരു ഡോളറില്‍ താഴെ വരുമാനമുള്ളവരെയാണു ലോകബാങ്ക് ദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ലോകത്ത് ഇത്തരക്കാര്‍ നൂറുകോടി വരും. സമ്പത്തിന്റെ കേന്ദ്രീകരണവും അനീതി പൂര്‍ണമായ വിതരണവും അവസാനിപ്പിക്കുക, കൃത്രിമക്ഷാമവും വിലക്കയറ്റവും തടയുക, രാഷ്ട്രത്തിന്റെ സമ്പത്തു കൊള്ളയടിക്കുന്ന കോണ്‍ട്രാക്ട് രാജ് സംവിധാനം പൂര്‍ണമായും അവസാനിപ്പിക്കുക, വിദേശബാങ്കുകളിലെ നിക്ഷേപം പിന്‍വലിച്ച്, ആ പണം രാഷ്ട്രനന്മക്കായി വിനിയോഗിക്കുക. ദരിദ്രരുടെ സ്വയംസന്നദ്ധമായ പങ്കാളിത്തം ദാരിദ്ര്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് ഉറപ്പുവരുത്തുക.
ഈ വിധത്തിലൊരു പഞ്ചകര്‍മചികിത്സാപദ്ധതിക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ രൂപം നല്‍കാനുള്ള സമയം അതിക്രമിച്ചുകഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."