സ്പെയിനില്‍ ഇന്നു കിരീടധാരണം
മാഡ്രിഡ്: സ്പനിഷ് ലാ ലിഗയിലെ ചാംപ്യന്മാര് ആരെന്നു ഇന്നറിയാം. ലീഗിലെ അവസാന പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണ, ഗ്രനാഡയുമായും രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് ഡിപോര്‍ട്ടീവോ ലാ കൊരുണയുമായും ഏറ്റുമുട്ടും. 37 മത്സരങ്ങളില്‍ നിന്നു 88 പോയിന്റുമായി ബാഴ്സലോണ ഒന്നാം സ്ഥാനത്തും ഇത്രയും മത്സരങ്ങളില്‍ നിന്നു 87 പോയിന്റുമായി റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തും നില്ക്കുന്നു.
കഴിഞ്ഞ പോരാട്ടത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് ലെവാന്റെയുമായി 2-1നു തോല്‍വി വഴങ്ങുകയും റയല്‍ 3-2നു വലന്‍സിയയെ പരാജയപ്പെടുത്തുകയും ചെയ്തതോടെ അത്ലറ്റിക്കോയെ പിന്തള്ളി റയല്‍ രണ്ടാം സ്ഥാനത്തേക്കുയരുകയായിരുന്നു. ഇതോടെ കിരീട പോരാട്ടത്തില്‍ നിന്നു അത്ലറ്റിക്കോ പുറത്താകുകയും ബാഴ്സലോണയും റയലും നേര്‍ക്കുനേര്‍ വരികയും ചെയ്തു. അത്ലറ്റിക്കോ ഇന്നു സെല്‍റ്റ വിഗോയുമായി ഏറ്റുമുട്ടും.
ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ ബാഴ്സയ്ക്ക് ഒരു പോയിന്റ് വ്യത്യാസത്തില്‍ റയലിനെ പിന്തള്ളി കിരീടം സ്വന്തമാക്കാം. റയല്‍ വിജയിച്ചാലും അവര്‍ക്ക് 90ഉം ബാഴ്സയ്ക്ക് 91ഉം പോയിന്റുണ്ടാകും. റയല്‍ ഇന്നു വിജയിക്കുകയും ബാഴ്സലോണ പരാജയപ്പെടുകയും ചെയ്താല്‍ റയലിനു ചാംപ്യന്മാരാകാം.
രണ്ടു ടീമുകളും സമനില സ്വന്തമാക്കിയാലും കിരീട നേട്ടം ബാഴ്സയ്ക്കൊപ്പം നില്ക്കും. ബാഴ്സയും റയലും തോല്‍ക്കുകയും അത്ലറ്റിക്കോ വിജയിക്കുകയും ചെയ്താല്‍ അത്ലറ്റിക്കോ ബാഴ്സയുടെ 88 പോയിന്റുകള്ക്കൊപ്പമെത്തും. എങ്കിലും ഗോള്‍ ശരാശരിയില്‍ ബാഴ്സ ബഹുദൂരം മുന്നിലായതിനാല്‍ കിരീടം കൈവിടില്ല. അതേസമയം റയലിനെ പിന്തള്ളി അത്ലറ്റിക്കോ രണ്ടാം സ്ഥാനത്തേക്ക് കയറും.
അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കില്‍ ലാ ലിഗ കിരീടം കാംപ് നൗവില്‍ തന്നെ ഇരിക്കും. വിജയിച്ചാല്‍ ബാഴ്സയുടെ 24ാം കിരീട നേട്ടമായി അതു മാറും. ചാംപ്യന്‍സ് ലീഗിന്റെ ഫൈനലില്‍ എത്തി നില്ക്കുന്ന റയല്‍ യൂറോപ്യന്‍ കിരീടവും നാട്ടിലെ കിരീടവും ഒപ്പം നേടാമെന്ന ആത്മവിശ്വാസത്തിലാണ് ഇന്നിറങ്ങുന്നത്. കോച്ച് സിനദിന്‍ സിദാന് അത്തരമൊരു സ്വപ്നം കാണുകയും നേട്ടം ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. തുടര്‍ച്ചയായ 12 ലാ ലിഗ വിജയങ്ങളുമായാണ് റയല്‍ ഇന്നിറങ്ങുന്നത്. ബാഴ്സലോണ ഗ്രനാഡയുമായുള്ള പോരാട്ടത്തില്‍ പരാജയപ്പെടുമെന്നു തന്നെ സിദാന് പ്രതീക്ഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."