ബന്ധുനിയമനം..... മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരേയും നടപടി വേണമെന്ന് ആവശ്യമുയരുന്നു
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മക്കെതിരേയും നടപടി വേണമെന്ന് ആവശ്യമുയരുന്നു. ഇ.പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയും പി.കെ ശ്രീമതിക്കെതിരേ നീക്കം ശക്തമാവുകയും ചെയ്ത പശ്ചാത്തലത്തിലാണു ബന്ധുനിയമനത്തില്‍ പ്രതിസ്ഥാനത്തുള്ള എല്ലാവര്‍ക്കുമെതിരേ പാര്‍ട്ടി നടപടി വേണമെന്ന ആവശ്യമുയരുന്നത്.
കാഷ്യൂ കോര്‍പറേഷന്‍, കാപ്പെക്‌സ്, മത്സ്യഫെഡ് എന്നിവയുടെ തലപ്പത്തെ നിയമനങ്ങളാണ് മേഴ്‌സിക്കുട്ടിയമ്മയെ ആരോപണ വിധേയയാക്കുന്നത്. ബന്ധുനിയമനത്തില്‍ പിണറായി പക്ഷക്കാര്‍ മാത്രമാണു കുറ്റക്കാരെന്നതരത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രചാരണം ആരംഭിച്ചതോടെയാണ് വി.എസ് അനുകൂലിയായ മേഴ്‌സിക്കുട്ടിയമ്മക്കെതിരേയുള്ള നീക്കം ശക്തമായത്. കാഷ്യൂ കോര്‍പറേഷന്റെ തലപ്പത്ത് സര്‍വിസില്‍ നിന്നും വിരമിക്കാന്‍ മാസങ്ങള്‍ മാത്രമുള്ളപ്പോള്‍ പൊലിസ് ഉദ്യോഗസ്ഥനായ ടി.എഫ് സേവ്യറെ നിയമിച്ചതാണ് ആദ്യത്തെ വിവാദം. ഇദ്ദേഹം മന്ത്രിയുടെ ബന്ധുവാണെന്ന ആരോപണം ഉണ്ടായിരുന്നു. സേവ്യറിന്റെ നിയമനത്തിനെതിരേ പ്രതിഷേധമുണ്ടായെങ്കിലും മന്ത്രി അതിനെ അതിജീവിച്ചു. ഇതുകൂടാതെ കെ.എസ്.എഫ്.ഇ റീജിയനല്‍ മനേജരായിരുന്ന ലോറന്‍സ് ഹാരോള്‍ഡിനെ മത്സ്യഫെഡ് എം.ഡിയാക്കിയതും അഴിമതിയാരോപണത്തില്‍ വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ടയാളും മേഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവും സി.ഐ.ടി.യു നേതാവുമായ തുളസീധരക്കുറുപ്പിന്റെ അടുപ്പക്കാരനുമായ ആര്‍. രാജേഷിനെ കാപ്പെക്‌സ് എം.ഡിയാക്കിയതും മേഴ്‌സിക്കുട്ടിയമ്മക്കു വിനയാകും. വി.എസ് സര്‍ക്കാരിന്റെ കാലത്ത് തുളസീധരകുറുപ്പ് കാപ്പെക്‌സിന്റെ ചെയര്‍മാനായിരുന്നപ്പോള്‍ രാജേഷ് എം.ഡിയായിരുന്നു. അഴിമതി ആരോപണവിധേയനായതും അപ്പോഴാണ്. പ്രോസിക്യൂട്ടര്‍ നിയമനത്തിലും ബന്ധുവിനെ തിരുകിക്കയറ്റാന്‍ മേഴ്‌സിക്കുട്ടിയമ്മയുടെ ഇടപെടലുണ്ടായതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ജയരാജനെ മാത്രം കരുവാക്കി മറ്റുള്ളവര്‍ രക്ഷപ്പെടാനുള്ള അവസരം നല്‍കരുതെന്ന് പിണറായി പക്ഷത്തെ നേതാക്കള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ആവശ്യപ്പെടാനാണ് ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."