പിടിച്ചുനില്‍ക്കാന്‍ ഹിന്ദുവികാരം ഉയര്‍ത്തി ട്രംപ്
മോദിക്ക് പ്രശംസ, ഇന്ത്യയും ഹിന്ദുക്കളും തന്റെ ആരാധകര്‍
എഡിസണ്‍ (ന്യൂജേഴ്‌സി): ലൈംഗിക വിവാദത്തില്‍പ്പെട്ട് ജനപ്രീതി ഇടിഞ്ഞ ഡൊണാള്‍ഡ് ട്രംപ് പിടിച്ചുനില്‍ക്കാന്‍ ഹിന്ദുവികാരവും ഉയര്‍ത്തുന്നു. അമേരിക്കയിലെ ഇന്ത്യന്‍ വംശജരുടെ വോട്ട് ഉറപ്പാക്കാനാണ് ഹിന്ദു സംഘടനകളുടെ പരിപാടിയില്‍ പങ്കെടുത്ത് ട്രംപ് പ്രചാരണം നടത്തുന്നത്. ന്യൂജേഴ്‌സിയില്‍ റിപ്പബ്ലിക്കന്‍ ഹിന്ദു സഖ്യത്തില്‍ പങ്കെടുത്ത ട്രംപ് ഇന്ത്യയുടെയും ഹിന്ദുക്കളുടെയും ആരാധകനാണ് താനെന്ന് പറഞ്ഞു. ഭദ്രദീപം കൊളുത്തിയാണ് ട്രംപ് പരിപാടി ഉദ്ഘാടനം ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരിപാടിയില്‍ ട്രംപ് പുകഴ്ത്തി. മോദി ഊര്‍ജസ്വലനായ പ്രധാനമന്ത്രിയാണെന്നും തന്റെ ഭരണകൂടത്തിനു കീഴില്‍ ഇരുരാജ്യങ്ങളും ഉറ്റ സുഹൃത്തുക്കളാകുമെന്നും ട്രംപ് പറഞ്ഞു. മികച്ച പ്രധാനമന്ത്രിമാരില്‍ ഒരാളാണ് മോദിയെന്നും ഇന്ത്യാ-യു.എസ് ബന്ധം കൂടുതല്‍ ശക്തിപ്പെടാന്‍ താന്‍ പ്രസിഡന്റാകണമെന്നും ട്രംപ് വ്യക്തമാക്കി. മോദിയില്‍ തനിക്ക് പൂര്‍ണവിശ്വാസമാണെന്നും ട്രംപ് പറഞ്ഞു. ഭരണത്തില്‍ മോദിയെ പിന്തുടരാനാണ് താന്‍ ആഗ്രഹിക്കുന്നത്.
പ്രസിഡന്റായാല്‍ അമേരിക്കയിലെ ഹിന്ദുക്കളായ ഇന്ത്യക്കാര്‍ക്ക് ഒരു സുഹൃത്താണ് വൈറ്റ് ഹൗസിലുണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിന്റെ പേരില്‍ ഇസ്‌ലാമിനെ പ്രതിചേര്‍ക്കാനും ട്രംപ് പ്രസംഗത്തില്‍ ശ്രമം നടത്തി. ഹിന്ദുക്കളുടെയും ഇന്ത്യയുടെയും വലിയ ആരാധകനായ താന്‍ 19 മാസം മുന്‍പ് രാജ്യത്ത് സന്ദര്‍ശനം നടത്തിയിരുന്നു. അമേരിക്കയുടെ കണ്‍സര്‍വേറ്റീവ് മൂല്യം ഹിന്ദു തത്വങ്ങളുമായി ചേര്‍ന്നു പോകുന്നതാണ്. അമേരിക്കയില്‍ ഹിന്ദുക്കളുടെ വാക്കിന് ശക്തിയും അധികാരവും ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു. ഭീകരവാദത്തിനെതിരേ പോരാടാന്‍ ട്രംപിനെ വിജയിപ്പിക്കണമെന്ന് റിപ്പബ്ലിക്കന്‍ ഹിന്ദു സഖ്യകക്ഷിയുടെ അധ്യക്ഷന്‍ യോഗത്തില്‍ ആഹ്വാനം ചെയ്തു.
ഹിലരി ലഹരി ഉപയോഗിച്ചെന്ന് ട്രംപ്
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം സംവാദത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്‍ ലഹരിഉപയോഗിച്ചുവെന്ന് ട്രംപിന്റെ ആരോപണം. അടുത്ത സംവാദത്തില്‍ തങ്ങള്‍ രണ്ടുപേരെയും ലഹരിപരിശോധന നടത്തണമെന്നും ട്രംപ് പറഞ്ഞു.
ട്രംപിനെതിരേ ലൈംഗിക ആരോപണവുമായി കൂടുതല്‍ സ്ത്രീകള്‍ രംഗത്തുവന്നതിനു പിന്നാലെയാണ് എതിര്‍സ്ഥാനാര്‍ഥിയായ ഹിലരിക്കെതിരേ മയക്കുമരുന്നു ആരോപണവുമായി ട്രംപ് രംഗത്തുവന്നത്.
ന്യൂ ഹാംപ്‌ഷെയറിലെ റാലിയില്‍ സംസാരിക്കവെയാണ് ട്രംപ് ഹിലരിക്കെതിരേ ആരോപണവുമായി രംഗത്തുവന്നത്. എന്നാല്‍ ആരോപണത്തിനു തെളിവ് നല്‍കാന്‍ ട്രംപ് തയാറായില്ല. ഇപ്പോഴത്തെ സര്‍വേകള്‍ അനുസരിച്ച് ട്രംപിന് 44 ശതമാനം പേരുടെയും ഹിലരിക്ക് 48 ശതമാനത്തിന്റെയും ജനപിന്തുണയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."