പീരുമേട് എസ്.എം.എസ് ലൈബ്രറി ശതാബ്ദിയുടെ നിറവില്‍
പീരുമേട്: തോട്ടം മേഖലയില്‍ സംസ്‌കാരസമ്പന്നമായ ചരിത്രമെഴുതിയ പീരുമേട് എസ്.എം.എസ് ക്ലബ് ആന്‍ഡ് ലൈബ്രറി ശതാബ്ദി വര്‍ഷത്തേക്ക് കടക്കുന്നു. രാജവൈദേശികജനായത്ത ഭരണങ്ങളിലൂടെ രൂപപ്പെട്ട വായനശാലയുടെ ശതാബ്ദി ആഘോഷം മറ്റൊരു ചരിത്രമാക്കാനുള്ള ശ്രമത്തിലാണ് പീരുമേട്ടിലെ ജനതതി.
1917 ലാണ് വായനശാല സ്ഥാപിതമായത്. രാജഭരണത്തിലും ബ്രിട്ടീഷ് ഭരണത്തിലും സര്‍ക്കാര്‍ സേവനത്തിനായി നിയോഗിക്കപ്പെട്ടവരും കാട്ടുമൃഗങ്ങളോട് മല്ലടിച്ചു കൃഷിക്കാരായി എത്തിയവരും തോട്ടപ്പണിക്കെത്തിയവരുമൊക്കെ ചേര്‍ന്നതാണ് അഴുത എന്ന ഈ നാട്ടിലെ ആദ്യകാല വാസക്കാര്‍. സര്‍വാണി സദ്യയും വിനോദോപാധികളുമായി നാട്ടുകാര്‍ ഒരുമിച്ചു കൂടിയപ്പോഴാണ് ഈ സാംസ്‌കാരിക പ്രസ്ഥാനം രൂപം കൊണ്ടത്. നാട്ടു രാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെ ഷഷ്ട്യബ്ദ്യപൂര്‍ത്തി സ്മാരകമായും പിന്നീടത് വായനശാലയായും ഗ്രന്ഥശാലയായും വളര്‍ന്നു.
ജാതിമതവര്‍ണ ഭേദമില്ലാതെ നാട്ടുകാര്‍ ഒരുമിച്ച് നയിച്ച ഈ സ്ഥാപനം ഈ നാട്ടില്‍ പിന്നീട് എത്തിയവരിലും ഐക്യത്തിന്റെ പ്രതീകമായി. നവോത്ഥാന നായകരുടെ ആശയങ്ങള്‍ അറിഞ്ഞും അറിയാതെയും പാലിച്ചു വന്ന ഒരു ജനസമൂഹം ഈ നാടിനെ വലര്‍ത്തിയെടുത്തത്. വിവിധ മതങ്ങളുടെ ആരാധനാലയങ്ങള്‍ പിന്നീട് ഉയര്‍ന്നപ്പോഴും എല്ലാ മതങ്ങളേയും ഒരേപോലെ തങ്ങളുടേതായി കാണുകയും ആരാധിക്കുകയും ചെയ്തുവെന്നതും എടുത്തുപറയേണ്ടിവരും. ജാതി,മത ഉച്ചനീചത്വങ്ങള്‍ ഈ നാട്ടില്‍ അന്യമായിരുന്നു എന്നതും.
അഴുത പിന്നീട് പീരുമേടായി മാറി. നവ മാധ്യമങ്ങളിലൂടെ അടിച്ചേല്‍പ്പിക്കുന്ന തിന്മകളെ തിരിച്ചറിയാന്‍ വായനയാണ് പരിഹാരം എന്ന സങ്കല്‍പത്തിലാണ് വായനശാലയിലെ അംഗങ്ങള്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. നവമാധ്യമങ്ങള്‍ വീടിന്റെ ചുവരുകള്‍ക്കുള്ളിലേക്ക് അറിവുകളും വാര്‍ത്തകളും എത്തിക്കുമ്പോഴും നാമറിയാതെ അക്ഷരങ്ങള്‍ നമ്മില്‍ നിന്നും അകറ്റപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യമാണ് ഇത്തരം ഗ്രന്ഥശാലകള്‍ പ്രസക്തിയോടെ മുന്നേറുന്നത്. ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമുള്ളതും ഏറ്റവും വലുതുമായ 'എ' ഗ്രേഡ് ഗ്രന്ഥശാലയാണിത്. മഹാരാജാവില്‍ നിന്നും സ്ഥിരം കുത്തകപ്പാട്ടമായി ലഭിച്ച, പിരുമേടിന്റെ ഹൃദയ ഭാഗത്തുള്ള സ്ഥലത്താണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഓലഷെഡ്ഡില്‍ നിന്നും ഇന്നത്തെ നിലയിലേക്ക് ഈ സ്ഥാപനത്തെ എത്തിക്കാന്‍ പരിമിതമായ സാഹചര്യത്തില്‍ പോലും പ്രയത്‌നിച്ച മുന്‍കാല പ്രവര്‍ത്തകരെ ആദരപൂര്‍വം സ്മരിച്ചുകൊണ്ടാണ് എക്കാലവും സ്ഥാനപനത്തെ മുമ്പോട്ട് നയിച്ചിട്ടുള്ളത്. പീരുമേട് താലൂക്കാസ്ഥാനത്ത് ആകെയുള്ള ഇടിഞ്ഞു പൊളിഞ്ഞ് നിലം പൊത്താറായ ചെറിയ ഹാളിന്റെ സ്ഥാനത്ത് രാജ്യ സഭാംഗമായിരുന്ന സി.ഒ.പൗലോസ്. എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 1999ല്‍ നിര്‍മിച്ചതാണ് ഇന്നത്തെ ഓഡിറ്റോറിയം. പൊതുജനങ്ങളുടേയും സര്‍ക്കാര്‍ വകുപ്പുകളുടേയും ആവശ്യങ്ങള്‍ക്ക് ഈ ഹാള്‍ മാത്രമാണ് പീരുമേട്ടിലുള്ളത്.
16000 ല്‍പരം പുസ്തകങ്ങളുള്ളതാണ് ഗ്രന്ഥശാല. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ പ്രൊജക്ട് ആയ താലൂക്ക് റഫറന്‍സ് ലൈബ്രറിയില്‍ റഫറന്‍സിനുമാത്രമായി രണ്ടായിരത്തില്‍പരം പുസ്തകങ്ങളും സി.ഡികളമുണ്ട്.
എല്ലാ അംഗങ്ങള്‍ക്കും റഫറന്‍സ് ലൈബ്രറി ഉപയോഗിക്കുന്നവര്‍ക്കും വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ സൗജന്യമായി ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാക്കുന്ന കേരളത്തിലെ ഏക ഗ്രന്ഥശാലയും ഇതു മാത്രമാണ്.
ആഘോഷങ്ങളുടെ സ്വാഗതസംഘം രൂപീകരണയോഗം 24ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."