പാകിസ്താനെതിരായ ഇന്ത്യയുടെ പരാമര്‍ശത്തെ തള്ളി ചൈന
ബെയ്ജിങ്: ഭീകരതയുടെ മാതൃത്വം പാകിസ്താനാണെന്ന ഇന്ത്യയുടെ പ്രസ്താവന ചൈന തള്ളി. കഴിഞ്ഞ ദിവസം ഗോവയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയിലാണ് പാകിസ്താനെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവന നടത്തിയത്. ഏതെങ്കിലും രാജ്യത്തെ ഭീകരവാദവുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവ ചുന്‍യിങ് പറഞ്ഞു. ഇത്തരം നീക്കം ചൈന എതിര്‍ക്കുമെന്നും അവര്‍ പറഞ്ഞു.
ലോകത്തിനു വേണ്ടി പാകിസ്താന് ചെയ്ത ത്യാഗങ്ങള്‍ മറക്കരുതെന്നും ചൈന പറയുന്നു. എന്നാല്‍ എല്ലാ അര്‍ഥത്തിലുമുള്ള തീവ്രവാദത്തെ ചൈന എതിര്‍ക്കും. എല്ലാ രാജ്യങ്ങളുടെയും സുരക്ഷയും സ്ഥിരതയും സംബന്ധിച്ച് അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം നിറവേറ്റണം. ഏതെങ്കിലും മേഖലയോ മതമോ ആണ് ഭീകരവാദത്തിന്റെ പിന്നില്‍ എന്നു പറയുന്നതില്‍ അര്‍ഥമില്ല. ഈ നിലപാട് തങ്ങള്‍ എതിര്‍ക്കുമെന്നും ചൈനയും പാകിസ്താനും എല്ലാ കാലാവസ്ഥയിലും ഉറ്റ സുഹൃത്തുക്കളാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഇന്ത്യയെ പോലെ പാകിസ്താനും ഭീകരവാദത്തിന്റെ ഇരകളാണ്. തീവ്രവാദത്തെ നേരിടാന്‍ പാകിസ്താന് ത്യാഗങ്ങള്‍ ചെയ്യുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് ഭീഷണിയായ ഭീകരവാദികളെ പാകിസ്താന് സംരക്ഷിക്കുന്നുവെന്ന മോദിയുടെ പ്രതികരണം ചൂണ്ടിക്കാട്ടിയപ്പോഴാണ് അവരുടെ പ്രതികരണം. ഇന്ത്യയും പാകിസ്താനും അയല്‍രാജ്യങ്ങളാണെന്നും ഇരുരാജ്യങ്ങളും പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ചൈന ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."